ജാഗ്രതയോടെ നീങ്ങി ഇന്ത്യൻ ഐടി കമ്പനികൾ: ചൈനയിൽ നാലാം ഡിജിറ്റൽ ഇടനാഴി തുറക്കാൻ നാസ്കോമിന് കഴിയുമോ?
ഇന്ത്യൻ ഐടി മേഖലയുടെ കയറ്റുമതി വരുമാനത്തിന്റെ എട്ടുശതമാനം ഏഷ്യയിലാണുള്ളത്.
ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യ -ചൈന അതിർത്തി സംഘർഷങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മോശമാക്കിയേക്കുമെന്ന പ്രതീതിയെ തുടർന്ന് ഐടി സേവന കമ്പനികൾ ജാഗ്രതാ സമീപനത്തിലേക്ക് നീങ്ങി.
നിലവിൽ ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് ചൈന അവരുടെ വളരെ ചെറിയ വിപണിയാണ്. പക്ഷേ, ആഗോള ക്ലയന്റുകളെ പരിപാലിക്കുന്നതിനായി അവർ ചൈനയെയാണ് പലപ്പോഴും ഡെലിവറി ബേസ് ആയി ഉപയോഗിക്കുന്നത്. “ഐടി വ്യവസായം ഇപ്പോൾ കാര്യങ്ങൾ നിരീക്ഷിച്ച് വരുകയാണ്. ചൈനയുമായുള്ള ഈ പ്രശ്നം സാമ്പത്തികമല്ല. ഇത് സൈനികവും പ്രാദേശികവുമായ പ്രശ്നമാണ്. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‍വെയർ ആൻഡ് സർവീസ് കമ്പനീസ് (നാസ്കോം) ലെ സീനിയർ ഡയറക്ടർ (ഗ്ലോബൽ ട്രേഡ് ഡവലപ്മെന്റ്) ഗഗൻ സഭാർവാൾ പറഞ്ഞു.
കൊവിഡ് -19 മൂലമുള്ള യാത്രാ വിലക്ക് കാരണം കഴിഞ്ഞ മൂന്ന് മാസമായി കമ്പനികളുടെ തീരുമാനമെടുക്കൽ പ്രക്രിയ മന്ദഗതിയിലാണെന്നും കുറച്ചുകാലം അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ ഏറ്റവും വലിയ ഇന്ത്യൻ തൊഴിലുടമകളിൽ ഒന്നാണ് ഇന്ത്യൻ ഐടി വ്യവസായം. ചൈനയിൽ 22,000 ത്തോളം ജീവനക്കാർ ഇന്ത്യൻ ഐടി കമ്പനികൾക്കുണ്ട്, നാട്ടുകാരും പ്രവാസികളും ഉൾപ്പെടെയാണിത്. വൻകിട ഇന്ത്യൻ സ്ഥാപനങ്ങളിൽ ഇൻഫോസിസിന് ചൈനയിൽ 4,000 ജീവനക്കാരുണ്ട്. വിപ്രോയിൽ രണ്ടായിരത്തിലധികം ജീവനക്കാരുണ്ട്, ഇതിൽ ഏകദേശം 98 ശതമാനം പേർ ചൈനീസ് പ്രാദേശികരാണെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
നാലാം ഇടനാഴി വുഹാനിൽ
“ഇത് ഒരു മൾട്ടി-ടാൻജൻഷ്യൽ പ്രശ്നമാണ്. ഇന്ത്യൻ ഐടി സേവനങ്ങൾക്ക് പരിമിതമായ പരിധി വരെ മാത്രമേ ചൈനയിൽ അടിത്തറയുള്ളൂ, ”ഗ്രേ ഹണ്ട് റിസർച്ചിന്റെ സ്ഥാപകനും സിഇഒയുമായ സാഞ്ചിത് വീർ ഗോഗിയ പറഞ്ഞു.
“ദീർഘകാലാടിസ്ഥാനത്തിൽ, ഇന്ത്യൻ ഐടി കമ്പനികൾക്ക് പ്രാദേശിക ചൈനീസ് പങ്കാളികളുമായി (ഇന്ത്യയിലെ ഫേസ്ബുക്ക്-ജിയോ ഇടപാടിന് സമാനമായി) സഖ്യമുണ്ടാക്കേണ്ടതുണ്ട്, ” അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയുടെ കാര്യത്തിൽ, ഇന്ത്യൻ ഐടി മേഖലയുടെ കയറ്റുമതി വരുമാനത്തിന്റെ എട്ടുശതമാനം ഏഷ്യയിലാണുള്ളത്, അതേസമയം ഉറവിടങ്ങളിൽ ചൈനയുടെ സംഭാവന ഒരു ശതമാനത്തിൽ താഴെയാണ്. യൂറോപ്യൻ, യുഎസ് വിപണികളിലുള്ള ആശ്രയം കുറയ്ക്കുന്നതിന് ഏഷ്യൻ ഭീമനായ ചൈനയുടെ ഐടി വിപണിയിൽ പ്രവേശിക്കാൻ നാസ്കോം കഠിനമായി ശ്രമം നടത്തിവരുകയായിരുന്നു.
2018 മുതൽ വ്യവസായ സംഘടനയായ നാസ്കോം പ്രാദേശിക മുനിസിപ്പൽ കോർപ്പറേഷനുകളുമായി സഹകരിച്ച് ഡാലിയൻ, ഗുയാങ്, സുസുവോ (Xuzhou) എന്നിവിടങ്ങളിൽ മൂന്ന് ചൈന- ഇന്ത്യൻ ഡിജിറ്റൽ പ്ലാസ ഇടനാഴികൾ സ്ഥാപിച്ചു. ഡിസംബറിൽ കൊവിഡ് -19 പടർന്നുപിടിച്ചതിനെത്തുടർന്ന് വുഹാനിലെ നാലാമത്തെ ഇടനാഴി തുറക്കാനുള്ള പദ്ധതികൾ നാസ്കോം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. വുഹാൻ ഡിജിറ്റൽ പ്ലാസ ഇടനാഴി പദ്ധതിയുടെ ഭാവി എന്താകുമെന്ന ആശങ്കയും നാസ്കോമിനുളളതായാണ് സൂചന.