പണമുണ്ടാക്കുന്നതെങ്ങനെ? ടെലികോം കമ്പനികൾക്ക് മുകേഷ് അംബാനി മാഷിന്‍റെ "സ്പെഷ്യല്‍ ക്ലാസ്"
ഭാരതി എയർടെല്ലിന് തങ്ങളുടെ കുറച്ച് ഓഹരി വിറ്റഴിച്ചാൽ 40000 കോടിയോളം രൂപ സ്വരൂപിക്കാനാവുമെന്ന് ഇതിൽ പറയുന്നു. വിഭവങ്ങളുടെ ദൗർലഭ്യം ഉള്ള ഒരു കമ്പനിയല്ല വോഡഫോൺ ഐഡിയ എന്നാണ് മറ്റൊരു വാദം.
മുംബൈ: നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ ടെലികോം കമ്പനികളെ സാമ്പത്തികമായി സഹായിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുകേഷ് അംബാനി രംഗത്ത്. എയർടെല്ലിനും വോഡഫോൺ ഐഡിയക്കും അമ്പതിനായിരം കോടിയോളം രൂപ കേന്ദ്രസർക്കാരിലേക്ക് ഒടുക്കേണ്ടതുണ്ട്. ജിയോയുടെ കടന്നുവരവോടെ കടുത്ത പ്രതിസന്ധിയിലായ കമ്പനികൾക്ക് പണം സ്വരൂപിക്കാനുള്ള ഉപദേശം പറഞ്ഞുകൊടുത്താണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പത്രപ്രസ്താവന പുറത്തിറക്കിയത്.
ഭാരതി എയർടെല്ലിന് തങ്ങളുടെ കുറച്ച് ഓഹരി വിറ്റഴിച്ചാൽ 40000 കോടിയോളം രൂപ സ്വരൂപിക്കാനാവുമെന്ന് ഇതിൽ പറയുന്നു. വിഭവങ്ങളുടെ ദൗർലഭ്യം ഉള്ള ഒരു കമ്പനിയല്ല വോഡഫോൺ ഐഡിയ എന്നാണ് മറ്റൊരു വാദം. കഴിഞ്ഞ മാസമാണ് ഇരു കമ്പനികളും 49990 കോടി രൂപ അടയ്ക്കണം എന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
എയർടെല്ലിന് ടവർ ബിസിനസിലെ തങ്ങളുടെ ആസ്തികൾ വിറ്റോ, 20 ശതമാനത്തോളം പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തോ പണം സ്വരൂപിക്കാമെന്നാണ് റിലയൻസ് ജിയോയുടെ റെഗുലേറ്ററി കാര്യ വിഭാഗം പ്രസിഡന്റ് കപൂർ സിംഗ് ഗിലാനി വ്യക്തമാക്കിയത്. വോഡഫോൺ ഇന്ത്യക്കും ഇന്റസ് ടവർ ബിസിനസിൽ മികച്ച സ്വാധീനമുണ്ടെന്നും അതിനാൽ തന്നെ പണം അടയ്ക്കുന്നതിന് വിഭവങ്ങളുടെ അഭാവമില്ലെന്നും ജിയോ വ്യക്തമാക്കി.
ഇന്ത്യയിലാകമാനം 1.63 ലക്ഷം ടവറുകളാണ് ഭാരതി എയർടെല്ലിനുള്ളത്. സ്പെക്ട്രം യൂസേജ് ലെവി, യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് ചാർജ്ജ് എന്നിവ കുറയ്ക്കണം എന്ന ഭാരതി എയർടെല്ലിന്റെയും വോഡഫോൺ ഐഡിയയുടെയും അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കാൻ സർക്കാർ സമിതിയെ വയ്ക്കാമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് ജിയോ രംഗത്ത് വന്നിരിക്കുന്നത്.
കുമാർ മംഗളം ബിർളയുടെ നേതൃത്വത്തിലുള്ള വോഡഫോൺ ഐഡിയ കഴിഞ്ഞ 11 പാദവാർഷികങ്ങളിൽ തുടർച്ചയായി നഷ്ടത്തിലായിരുന്നു. ഭാരതി എയർടെൽ ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ നഷ്ടത്തിലായി. സേവനങ്ങളില്‍ നിന്നുള്ള വരുമാനം കൂടാതെ ലാഭവിഹിതം, ഹാന്‍ഡ്സെറ്റ് വില്‍പ്പന, വാടക, സ്‌ക്രാപ്പ് വില്‍പ്പനയില്‍ നിന്നുള്ള ലാഭം എന്നിവയും ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ (എ.ജി.ആര്‍) ഉള്‍പ്പെടുത്തണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ആവശ്യമാണ് കഴിഞ്ഞ മാസം സുപ്രീം കോടതി അംഗീകരിച്ചത്.