മെയ് 16 വരെ ഉൽപ്പാദനം നിർത്തി ഹീറോ മോട്ടോകോർപ്പ്, ബിസിനസ് തുടർച്ച പദ്ധതി തയ്യാറെന്ന് കമ്പനി
കമ്പനി തുടർച്ചയായി സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, സാഹചര്യം മെച്ചപ്പെടുമ്പോൾ വേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുന്ന ബിസിനസ്സ് തുടർച്ച പദ്ധതി തയ്യാറാണെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു.
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് മെയ് 16 വരെ രാജ്യത്തുടനീളമുള്ള ഉൽപാദന സംവിധാനങ്ങൾ അടച്ചിടാൻ തീരുമാനിച്ചു. ഏപ്രിൽ 22 മുതൽ മെയ് 1 വരെ നേരത്തെ പ്ലാന്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി ഹീറോ മോട്ടോകോർപ്പ് നിർത്തിവച്ചിരുന്നു, പിന്നീട് ഇത് മെയ് 9 വരെ നീട്ടി. കൊവിഡ് പ്രതിസന്ധികൾ തുടരുന്ന പശ്ചാത്തലത്തിൽ ഇത് മെയ് 16 വരെ നീട്ടാൻ കമ്പനി തീരുമാനിച്ചു.
ഉൽപ്പാദന പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവച്ചുകൊണ്ടുളള തീരുമനം വന്നതിന് പിന്നാലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരികൾ ബി എസ് ഇയിൽ 0.37 ശതമാനം ഇടിഞ്ഞ് 2,845.60 രൂപയിലെത്തി. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്കുളള റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പനി തുടർച്ചയായി സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, സാഹചര്യം മെച്ചപ്പെടുമ്പോൾ വേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുന്ന ബിസിനസ്സ് തുടർച്ച പദ്ധതി തയ്യാറാണെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona