ഫേസ്ബുക്കിന് പിന്നാലെ നിക്ഷേപകരായി ഗൂഗിളും എത്തുന്നു: നിക്ഷേപം വോഡഫോൺ -ഐഡിയയിലേക്ക്
ഇന്ത്യൻ ടെലികോം രംഗത്ത് അടുത്തകാലത്തായി വലിയ നിക്ഷേപ സമാഹരണമാണ് നടക്കുന്നത്.
ദില്ലി: അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫെയ്‌സ്ബുക്കിന് പിന്നാലെ നിക്ഷേപകരായി ഗൂഗിളും എത്തുന്നു. പ്രമുഖ ഇന്ത്യൻ ടെലികോം ബ്രാൻഡായ വോഡഫോൺ -ഐഡിയയിൽ നിക്ഷേപം നടത്താനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. ദേശീയ മാധ്യമായ ഫിനാൻഷ്യൽ ടൈംസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുകെ ടെലികോം കമ്പനിയും ആദിത്യ ബിർള ഗ്രൂപ്പും തമ്മിലുള്ള പങ്കാളിത്തമായ വോഡഫോൺ ഐഡിയയിൽ ഏകദേശം അഞ്ച് ശതമാനം ഓഹരി വാങ്ങുന്നത് ഗൂഗിൾ പരിഗണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ, ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോയിൽ ഫേസ്ബുക്ക്, കെകെആർ, ജനറൽ അറ്റ്ലാന്റിക്, വിസ്റ്റ ഇക്വിറ്റി പാർട്ണർമാർ, സിൽവർ ലേക്ക് എന്നിവയുൾപ്പെടെയുളള സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പുകൾ 10 ബില്യൺ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച ഭാരതി എയർടെൽ പ്രെമോർട്ടർമാർ ഓഹരി വിൽപ്പനയിൽ 1.1 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇന്ത്യൻ ടെലികോം രംഗത്ത് അടുത്തകാലത്തായി വലിയ നിക്ഷേപ സമാഹരണമാണ് നടക്കുന്നത്.