ലീസ് പേമെന്റ് മുടങ്ങി, പ്രവർത്തനം നിലച്ച് ബിഗ് ബസാർ; പ്രതികരിക്കാതെ ആമസോൺ

രണ്ട് ദിവസത്തേക്ക് സ്റ്റോറുകൾ തുറക്കില്ലെന്നാണ് ട്വിറ്ററിൽ  പരാതിപ്പെട്ട ഒരു ഉപഭോക്താവിന് ബിഗ് ബസാറിൽ നിന്ന് ലഭിച്ച മറുപടി. ഫ്യൂചർ ഇൃകൊമേഴ്സ് മൊബൈൽ ആപ്പും വെബ്സൈറ്റും ഇന്ന് പ്രവർത്തനക്ഷമമായിരുന്നില്ല.

Future Retail Suspends Supermarket Operations As Reliance Plans Takeover

ലീസ് പേമെന്റ് മുടങ്ങിയ പശ്ചാത്തലത്തിൽ ബിഗ് ബസാർ (Big Bazar) സൂപ്പർമാർക്കറ്റിന്റെയടക്കം പ്രവർത്തനം ഏറ്റെടുക്കാനുള്ള റിലയൻസ് ഇന്റസ്ട്രീസിന്റെ (Reliance Group) ‌നീക്കത്തിനിടെ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ഫ്യൂചർ റീടെയ്ൽ. ഫ്യൂചർ ഗ്രൂപ്പിന്റെ ഇടമസ്ഥതയിലായിരുന്ന ബിഗ് ബസാർ സ്റ്റോറുകളിലടക്കം റിലയൻസ് ബോർഡുകൾ സ്ഥാപിച്ച് മുന്നോട്ട് പോകാനാണ് റിലയൻസ് ഇന്റസ്ട്രീസ് തീരുമാനം. ഇതോടെയാണ് ഫ്യൂചർ റീടെയ്ൽ കടകൾ അടച്ചുപൂട്ടിയത്.

 1700 ഔട്ട്ലെറ്റുകളാണ് ഫ്യൂചർ റീടെയ്ൽ ഗ്രൂപ്പിനുള്ളത്. ഇതിൽ 200 സ്റ്റോറുകൾ റിലയൻസ് റീബ്രാന്റ് ചെയ്യും. ഇതെല്ലാം ബിഗ് ബസാർ സ്റ്റോറുകളായിരിക്കും.  എന്നാൽ ഇതേക്കുറിച്ച് റിലയൻസോ, ഫ്യൂചർ റീടെയ്ൽ ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച രാജ്യത്തെമ്പാടും ബിഗ് ബസാർ സ്റ്റോറുകൾ അടഞ്ഞുകിടന്നു. രണ്ട് ദിവസത്തേക്ക് സ്റ്റോറുകൾ തുറക്കില്ലെന്നാണ് ട്വിറ്ററിൽ ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു ഉപഭോക്താവിന് ബിഗ് ബസാറിൽ നിന്ന് ലഭിച്ച മറുപടി. ഫ്യൂചർ ഇൃകൊമേഴ്സ് മൊബൈൽ ആപ്പും വെബ്സൈറ്റും ഇന്ന് പ്രവർത്തനക്ഷമമായിരുന്നില്ല.

രണ്ട് പതിറ്റാണ്ട് മുൻപ് കിഷോർ ബിയാനി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ച പുതിയൊരു റീടെയ്ൽ ബിസിനസ് മാതൃകയായിരുന്നു ഇത്. 2020 ൽ ഫ്യൂചർ റീടെയ്ൽ ആസ്തികൾ റിലയൻസിന് വിൽക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ആമസോൺ കമ്പനി നിയമപോരാട്ടം തുടങ്ങിയതോടെ ഇത് രണ്ട് വർഷമായി യാഥാർത്ഥ്യമായിട്ടില്ല. ഈ ഘട്ടത്തിലാണ് ഒരു വിഭാഗം ബിഗ് ബസാർ സ്റ്റോറുകൾ റിലയൻസ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

നിയമപോരാട്ടം നടക്കുന്നതിനിടെയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ നീക്കം. അതേ സമയം, തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന കാര്യത്തില്‍ റിലയന്‍സ് ഉറപ്പ് നല്‍കി. ഫ്യൂചര്‍ റീടെയ്ല്‍ ജീവനക്കാരെ റിലയന്‍സ് ഇന്റസ്ട്രീസ് തങ്ങളുടെ പേറോളിലേക്ക് മാറ്റുകയാണ്. ആമസോണ്‍ ഈ കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സാധ്യമായ എല്ലാ വഴികളിലൂടെയും ഫ്യൂചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഇന്റസ്ട്രീസ് ഏറ്റെടുക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു ആമസോണ്‍. എന്നാല്‍ ഇപ്പോഴത്തെ മുകേഷ് അംബാനി കമ്പനിയുടെ നീക്കം ലോകത്തിലെ ഇ-കൊമേഴ്‌സ് ഭീമന് കനത്ത തിരിച്ചടിയാണ്.

24713 കോടി രൂപയുടേതാണ് ഫ്യൂചര്‍-റിലയന്‍സ് ഇടപാട്. 2021 മെയ് മാസത്തിനകം ഇടപാട് പൂര്‍ത്തിയാക്കാനായിരുന്നു ഇരു കമ്പനികളും തീരുമാനിച്ചിരുന്നത്. ആമസോണ്‍ പരാതിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇത് വൈകി. 2022 മാര്‍ച്ച് 31 ന് മുന്‍പ് കമ്പനിയെ ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഫ്യൂചര്‍ റീടെയ്‌ലിന്റെ ചില സ്റ്റോറുകളുടെ ലീസ് എഗ്രിമെന്റ് റിലയന്‍സിന് കൈമാറിയിരുന്നു. ഇപ്പോള്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രയാസത്തില്‍ നിന്ന് ആശ്വാസം കണ്ടെത്താനായിരുന്നു ഇത്. ചില മെട്രോ സിറ്റികളിലെയും ടയര്‍ 2 നഗരങ്ങളിലെയും ഫ്യൂചര്‍ ഗ്രൂപ് റീടെയ്ല്‍, ബിഗ് ബസാര്‍, എഫ്ബിബി സ്റ്റോറുകള്‍ എന്നിവയാണ് റിലയന്‍സിന് കൈമാറിയത്. 2021 മാര്‍ച്ച് മാസത്തിലായിരുന്നു ഇത്.

നേരത്തെ ഫ്യൂചര്‍ റീടെയ്ലില്‍ നടത്തിയ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ചൂണ്ടിക്കാട്ടി, കിഷോര്‍ ബിയാനി കമ്പനിയെ ഏറ്റെടുക്കാനുള്ള റിലയന്‍സ് നീക്കത്തിന് തടയിടുകയാണ് ആമസോണ്‍ ചെയ്തത്. റീടെയ്ല്‍ ബിസിനസ് രംഗത്ത് റിലയന്‍സ് ചുവടുറപ്പിച്ചാല്‍ ഇന്ത്യയില്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് അത് ഭീഷണിയാകുമെന്ന് കണ്ടാണ് ആമസോണ്‍ നിയമപോരാട്ടത്തിന് ഇറങ്ങിയത്. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയില്‍ റീടെയ്ല്‍ രംഗത്ത് ഫ്യൂചര്‍ ഗ്രൂപ്പിനുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ബിസിനസ് വളര്‍ത്താന്‍ ആമസോണിനും താത്പര്യമുണ്ടായിരുന്നു.

എന്നാല്‍ ആമസോണിനെ അറിയിക്കാതെ കിഷോര്‍ ബിയാനിയും സംഘവും മുകേഷ് അംബാനിക്ക് കമ്പനി വില്‍ക്കാന്‍ തീരുമാനിച്ചതോടെ ലോകത്തെ ഇ-കൊമേഴ്‌സ് ഭീമന് തിരിച്ചടി നേരിട്ടു. ഇതോടെയാണ് നേരത്തെ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ നിബന്ധന ലംഘിച്ചെന്ന് ആരോപിച്ച് ആമസോണ്‍, കിഷോര്‍ ബിയാനിക്കും ഫ്യൂചര്‍ റീടെയ്ലിനുമെതിരെ കോടതിയില്‍ പോയത്.

Latest Videos
Follow Us:
Download App:
  • android
  • ios