പ്രധാനമന്ത്രിക്ക് 'കണ്ണീർ കത്ത്'; സ്ത്രീകളെ രംഗത്തിറക്കി ഫ്യൂച്ചർ ഗ്രൂപ്പ്
അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഫ്യൂചർ ഗ്രൂപ്പിലെ ജീവനക്കാരുടെ ഈ കണ്ണീർ കത്ത് പ്രധാനമന്ത്രിക്ക് പോയത്.
ദില്ലി: ആമസോണും റിലയൻസും ഫ്യൂചർ ഗ്രൂപ്പും നേർക്കുനേർ വന്നിട്ട് നാള് കുറച്ചായി. റിലയൻസിന്റെ ഫ്യൂചർ ഗ്രൂപ്പ് എന്ന സ്വപ്നം ഇപ്പോഴും അകലെയാണ്. ഏത് വിധേനയും ഈ ഡീൽ ഇല്ലാതാക്കുകയാണ് ആമസോണിന്റെ ലക്ഷ്യമെന്നൊക്കെ ഫ്യൂചർ ഗ്രൂപ് ആരോപിക്കുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് അവർക്ക് അത്ര ആശാസ്യമല്ല. അതിനാൽ തന്നെ ആവനാഴിയിലെ ആയുധങ്ങൾ ഒന്നൊന്നായി എടുത്ത് പ്രയോഗിക്കുന്നുണ്ട് കിഷോർ ബിയാനിയും സംഘവും. ഇപ്പോഴിതാ ബിസിനസ് ലോകത്ത് വൻ വിവാദമായ കേസ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിധിയിലും എത്തിയിരിക്കുകയാണ്. കിഷോർ ബിയാനിയുടെ ബിഗ് ബസാറിലെ ജീവനക്കാരായ സ്ത്രീകളാണ് തങ്ങളുടെ ഭാവി ആശങ്കയിലാണെന്ന് അറിയിച്ച് കണ്ണീർ കത്ത് അയച്ചിരിക്കുന്നത്.
"റിലയൻസിന്റെ കീഴിൽ ഫ്യൂചർ റീടെയ്ൽ സ്റ്റോറുകൾ പ്രവർത്തിക്കുന്ന നിലയിൽ ഒരു കരാറിലേക്ക് ഇരു കമ്പനികളും എത്തിയിരുന്നു. എല്ലാ കടങ്ങളും കുടിശികയും തീർക്കാമെന്ന് റിലയൻസ് വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് ദുരിതത്തിലായ ഞങ്ങൾക്ക് ഈ കരാർ വലിയ ആശ്വാസമായിരുന്നു. പക്ഷെ ആമസോൺ ഈ ഇടപാട് തടസപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞങ്ങളുടെയും കുടുംബങ്ങളുടെയും ജീവിതം വഴിയാധാരമാകുന്ന സ്ഥിതിയാണ്..." - ഇങ്ങിനെ പോകുന്നു ആ കത്ത്.
അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ഫ്യൂചർ ഗ്രൂപ്പിലെ ജീവനക്കാരുടെ ഈ കണ്ണീർ കത്ത് പ്രധാനമന്ത്രിക്ക് പോയത്. നേരിട്ട് പതിനായിരം സ്ത്രീകളും പരോക്ഷമായി രണ്ട് ലക്ഷത്തോളം സ്ത്രീകളും തങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഫ്യൂചർ ഗ്രൂപ്പ് അവകാശപ്പെടുന്നത്.