Cleartrip : ക്ലിയർ ട്രിപ്പ് ഇനി ഇന്ത്യയിൽ മാത്രം, മധ്യേഷ്യയിലെ ബിസിനസ് വിൽക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്
മറ്റൊരു ഓൺലൈൻ ട്രാവൽ മാർക്കറ്റ് പ്ലെയ്സ് ആയ വിഗോ എന്ന കമ്പനിക്കാണ് ഓഹരികൾ കൈമാറുന്നത്. 2018 ക്ലിയർ ട്രിപ്പ് വാങ്ങിയ സൗദിഅറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്ലൈഇൻ എന്ന സ്ഥാപനം ഇതോടെ വിഗോക്ക് സ്വന്തമാകും.
മുംബൈ : വാൾമാർട് ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് (Flipkart) ഇ - കൊമേഴ്സ് കമ്പനി തങ്ങളുടെ ഉടമസ്ഥതയിലായിരുന്ന ക്ലിയർ ട്രിപ്പ് (Cleartrip) ട്രാവൽ പ്ലാറ്റ്ഫോമിന്റെ മധ്യേഷ്യയിലെ ബിസിനസ് വിൽക്കാൻ തീരുമാനിച്ചു. മറ്റൊരു ഓൺലൈൻ ട്രാവൽ മാർക്കറ്റ് പ്ലെയ്സ് ആയ വിഗോ എന്ന കമ്പനിക്കാണ് ഓഹരികൾ കൈമാറുന്നത്. 2018 ക്ലിയർ ട്രിപ്പ് വാങ്ങിയ സൗദിഅറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്ലൈഇൻ എന്ന സ്ഥാപനം ഇതോടെ വിഗോക്ക് സ്വന്തമാകും.
ഇതോടെ ക്ലിയർ ട്രിപ്പ് പ്രവർത്തനമേഖല ഇന്ത്യയിലേക്ക് മാത്രമായി ചുരുങ്ങും. 2022 വർഷത്തിന്റെ രണ്ടാം പകുതിയിൽ ഓഹരി കൈമാറ്റം പൂർത്തിയാക്കുമെന്നാണ് വിവരം. ഇടപാടിന് റെഗുലേറ്ററി അനുമതികൾ ആവശ്യമാണ്. കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിലാണ് ഫ്ലിപ്കാർട്ട് ക്ലിയർ പിന്നെ ഏറ്റുവാങ്ങിയത്. ഇ-കൊമേഴ്സ് രംഗത്ത് ആഗോള ഭീമനായ ആമസോണിനോട് ഏറ്റുമുട്ടാൻ വേണ്ടി കൂടിയായിരുന്നു ക്ലിയർ ട്രിപ്പിനെ ഏറ്റെടുത്തെങ്കിലും കൊവിഡ് മഹാമാരി ബിസിനസ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
ദുബായിലെ ഇന്റർനെറ്റ് സിറ്റിയിലാണ് വിഗോയുടെയും ക്ലിയർ ട്രിപ്പിന്റെയും റീജിയണൽ ആസ്ഥാനമന്ദിരം നിലകൊള്ളുന്നത്. വിഗോയിലെയും ഫ്ലിപ്കാർട്ടിന്റെയും ഡയറക്ടർമാർ യോഗം ചേർന്ന് ഓഹരി കൈമാറ്റ കരാറിന് അനുമതിയും നൽകി കഴിഞ്ഞതായാണ് വിവരം. കരാറിന്റെ ഭാഗമായി വിഗോയും ഫ്ലിപ്കാർട്ടും തമ്മിൽ ഒരു സാങ്കേതിക സഹകരണ ധാരണയിലെത്തിയിട്ടുണ്ട്.