അദാനി ലോജിസ്റ്റിക്സുമായി കൈകോർത്ത് ഫ്ലിപ്കാർട്ട്
ചെന്നൈയിൽ അദാനികണക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേന്ദ്രത്തിൽ ഫ്ലിപ്‌കാർട് തങ്ങളുടെ പുതിയ ഡാറ്റ സെന്റർ തുറക്കും.
മുംബൈ: ഫ്ലിപ്കാർട്ടും അദാനി ലോജിസ്റ്റിക്സും തമ്മിൽ നയപരവും വാണിജ്യപരവുമായ കരാറിൽ ഒപ്പുവെച്ചു. അദാനി പോർട്സ് ആന്റ് സ്പെഷൽ ഇക്കണോമിക്സ് സോൺ ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്നതാണ് അദാനി ലോജിസ്റ്റിക്സ് കമ്പനി.
ചെന്നൈയിൽ അദാനികണക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേന്ദ്രത്തിൽ ഫ്ലിപ്‌കാർട് തങ്ങളുടെ പുതിയ ഡാറ്റ സെന്റർ തുറക്കും. അദാനി എന്റർപ്രൈസസ് ലിമിറ്റഡും എഡ്ജ് കണക്സും ചേർന്നുള്ള പുതിയ സംയുക്ത സംരംഭമാണ് അദാനികണക്സ്.
കരാർ പ്രകാരം മുംബൈയിൽ പുതുതായി ആരംഭിക്കുന്ന ലോജിസ്റ്റിക്സ് ഹബിൽ 5.34 ലക്ഷം സ്ക്വയർ ഫീറ്റ് വരുന്ന ഫുൾഫിൽമെന്റ് സെന്റർ അദാനി ലോജിസ്റ്റിക്സ് നിർമ്മിക്കും. ഇത് പിന്നീട് ഫ്ലിപ്‌കാർട്ടിന് ലീസിന് നൽകും. ഇ-കൊമേഴ്സിന് വെസ്റ്റേൺ ഇന്ത്യയിൽ വർധിച്ചുവരുന്ന ഡിമാന്റ് കണക്കിലെടുത്താണ് ഈ സ്ട്രാറ്റജിക് പങ്കാളിത്തം.
2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സെന്റർ പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. സെല്ലർമാരുടെ പത്ത് ലക്ഷം യൂണിറ്റ് ഇൻവെന്ററികൾ സൂക്ഷിക്കാനുള്ള സൗകര്യം ഇവിടുണ്ട്. ഇതിലൂടെ എംഎസ്എംഇകൾക്കും ഇതര സെല്ലർമാർക്കും കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നാണ് ഫ്ലിപ്‌കാർട്ടിന്റെ പ്രതീക്ഷ.