എയർ ഇന്ത്യയുടെ വേതന രഹിത അവധി നയത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ: ആരെയും പിരിച്ചുവിടില്ലെന്ന് കേന്ദ്ര സർക്കാർ
ശമ്പള രഹിത അവധിക്ക് പുറമെ വേതനം വെട്ടിക്കുറക്കാനും എയർ ഇന്ത്യ തീരുമാനിച്ചിരുന്നു.
ദില്ലി: എയർ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. അതേസമയം അഞ്ച് വർഷത്തെ വേതന രഹിത അവധിയെന്ന ആശയത്തോട് പൈലറ്റുമാർക്ക് എതിർപ്പില്ല. എന്നാൽ, മറ്റ് വിഭാഗം ജീവനക്കാർ ശക്തമായി തിരുമാനത്തെ എതിർക്കുകയാണ്.
ചിലവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ. പൈലറ്റുമാരുടെ വേതനം വെട്ടിക്കുറക്കാനും ജീവനക്കാരെ ശമ്പളം ഇല്ലാതെ അവധിയിൽ പ്രവേശിപ്പിക്കാനുമാണ് തീരുമാനം. ആറ് മാസം വരെയുള്ള ശമ്പള രഹിത അവധി അഞ്ച് വർഷത്തേക്ക് നീട്ടാം. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പാണ് ഈ വിഷയത്തിൽ ഉണ്ടായത്.
എയർ ഇന്ത്യയുടെ തീരുമാനം വ്യോമയാന മന്ത്രാലയ യോഗം ചർച്ച ചെയ്തു. സ്വകാര്യ കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചത്. ആ നയമല്ല എയർ ഇന്ത്യ സ്വീകരിച്ചതെന്ന് കേന്ദ്രം വിലയിരുത്തി. ഇൻഡിഗോ പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു.
ശമ്പള രഹിത അവധിക്ക് പുറമെ വേതനം വെട്ടിക്കുറക്കാനും എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. 25,000 രൂപയിൽ അധികം ഗ്രോസ് സാലറി ഉള്ളവർക്ക് 50 ശതമാനമാണ് വേതനം വെട്ടിക്കുറച്ചത്.