ദുബായ് ഡെയ്‌റ ഗോൾഡ് സൂക്ക് വീണ്ടും പ്രവർത്തനം ആരംഭിച്ചു: ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ്
1996-ൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിനെ പിന്തുണയ്ക്കുന്നതിനായി ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ ലാഭേച്ഛയില്ലാത്ത വ്യാപാര സംഘടന രൂപീകരിച്ചത്.
ദുബായ്: ദുരന്തനിവാരണ മാനേജ്മെൻറ് സുപ്രീം സമിതിയുടെ നിർദേശപ്രകാരം ഡെയ്‌റ ഗോൾഡ് സൂക്ക് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പാണ് (ഡിജിജെജി) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. സൂക്കിനുള്ളിലെ ചില്ലറ വ്യാപാരികൾ ഏപ്രിൽ 26 മുതൽ പ്രവർത്തനം തുടങ്ങി. രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ ചില്ലറ വിൽപ്പന ശാലകളും മൊത്തവ്യാപാര ഓഫീസുകൾ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയും പ്രവർത്തിക്കും.
ദുബായിലെ അൽ റാസ് നെയ്ഫ്, ഡെയ്‌റ ഗോൾഡ് സൂക്ക്, വ്യക്തിഗത സ്റ്റോറുകൾ എന്നിവ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളോടെ വിപുലമായ രീതിയിൽ അണുവിമുക്തമാക്കിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. കർശനമായ ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുളള ഡിഇഡി റീട്ടെയിൽ പ്രോട്ടോക്കോളുകൾ സൂക്കിൽ ഉറപ്പാക്കുന്നു.
“ഈ രാജ്യത്തെ നേതാക്കൾ, എല്ലാ സർക്കാർ സ്ഥാപനങ്ങൾ, ദുബായ് പോലീസ്, സിഐഡി, ഞങ്ങളെ ഈ ഘട്ടത്തിലെത്താൻ സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി തുറക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പ്പാണിത്. ദുബായ് എക്കണോമി നിർബന്ധമാക്കിയ റീട്ടെയിൽ പ്രോട്ടോക്കോൾ സുരക്ഷിതവും ഫലപ്രദവുമായ രീതിയിൽ വിജയകരമായി നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഞങ്ങൾ നടത്തുന്നത്, 100% ശേഷിയോടെയുളള പ്രവർത്തനങ്ങൾക്കായി വരും മാസങ്ങളിൽ ഞങ്ങൾ തയ്യാറെടുക്കുന്നു.” ഡിജിജെജി ചെയർമാൻ തൗഹീദ് അബ്ദുല്ല പറഞ്ഞു.
ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് (ഡിജിജെജി), ദുബായിലെ സ്വർണ്ണ -ജ്വല്ലറി വ്യവസായ മേഖലയിലെ വ്യാപാര സംഘടനയാണ്. 600 ലധികം അംഗങ്ങളുളള സംഘടന, സ്വർണ്ണ വ്യാപാരത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നു, അതിൽ ബുള്ളിയൻ, ജ്വല്ലറി നിർമ്മാണം, മൊത്തവ്യാപാരം, ചില്ലറ വിൽപ്പന എന്നിവ ഉൾപ്പെടുന്നു. 1996-ൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിനെ പിന്തുണയ്ക്കുന്നതിനായി ദുബായ് സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ ലാഭേച്ഛയില്ലാത്ത വ്യാപാര സംഘടന രൂപീകരിച്ചത്.
സർക്കാർ സംഘടനകളുമായി ബന്ധപ്പെടുന്നതിലൂടെയും അംഗങ്ങൾക്ക് പ്രയോജനകരമായ വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതിലൂടെയും സാഹോദര്യത്തിന്റെ താൽപ്പര്യങ്ങളെ ഡിജിജെജി പ്രതിനിധീകരിക്കുന്നു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ശക്തമായ പിന്തുണയ്ക്കുന്നവരാണ് ഡിജിജെജി. ഡിഎസ്‌എഫിന്റെ ആദ്യ പതിപ്പ് മുതൽ, കഴിഞ്ഞ 24 വർഷത്തിനിടെ 900 കിലോയിലധികം സ്വർണം പ്രമോഷനായി ഗ്രൂപ്പ് നൽകിയിട്ടുണ്ട്.