കോംപറ്റീഷൻ കമ്മീഷന് ആമസോണിനും ഫ്ലിപ്‌കാർട്ടിനും എതിരെ അന്വേഷണം നടത്താം: കർണാടക ഹൈക്കോടതി
നേരത്തെ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.
ബെംഗളൂരു: കോംപറ്റീഷൻ കമ്മീഷന്റെ അന്വേഷണത്തിനെതിരെ ആമസോണും ഫ്ലിപ്കാർട്ടും നൽകിയ ഹർജികൾ കർണാടക ഹൈക്കോടതി തള്ളി. ഇതോടെ കോംപറ്റീഷൻ കമ്മീഷന് ഇ-കൊമേഴ്സ് ഭീമന്മാർക്കെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാം. മത്സരാധിഷ്ഠിത വിപണിയിൽ നിയമവിരുദ്ധ പെരുമാറ്റം കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടായോ എന്നാണ് അന്വേഷിക്കുന്നത്.
നേരത്തെ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ ഇതിനെ കോംപറ്റീഷൻ കമ്മീഷൻ സുപ്രീം കോടതിയിൽ എതിർത്തു. എന്നാൽ ഹൈക്കോടതിയെ തന്നെ സമീപിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.
മൊബൈൽ ഫോണുകളുടെ വിൽപ്പന, ചില വിൽപ്പനക്കാർക്ക് മാത്രം കിട്ടുന്ന ഉയർന്ന പരിഗണന, ഡിസ്കൗണ്ട്, പ്രൈവറ്റ് ലേബലുകൾക്ക് കിട്ടുന്ന പ്രത്യേക ലിസ്റ്റിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കോംപറ്റീഷൻ കമ്മീഷന്റെ അന്വേഷണം നടക്കുന്നത്. ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും ന്യായീകരിക്കാനാവുന്ന ചില കാരണങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം ജനുവരിയിൽ കമ്പനികൾക്കെതിരെ പ്രാഥമികാന്വേഷണ ഉത്തരവ് സിസിഐ പുറപ്പെടുവിച്ചിരുന്നു. ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യാപാരി സംഘടന ദില്ലി വ്യാപാർ മഹാസംഘ് സിസിഐക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona