ബിയറിന്റെ വിലകൂട്ടാൻ കമ്പനികൾ പരസ്പരം സഹകരിച്ചു: അന്വേഷണ റിപ്പോർട്ട് പുറത്ത്; വൻ പിഴ ചുമത്തിയേക്കുമെന്ന് സൂചന
2018 ൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) മൂന്ന് ബിയർ നിർമാണക്കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
ദില്ലി: കാൾസ്ബെർഗ്, എസ്എബി മില്ലർ, ഇന്ത്യൻ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് (യുബി) എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ വാണിജ്യപരമായ തന്ത്രപ്രധാന വിവരങ്ങൾ കൈമാറുകയും കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയിൽ ബിയർ വില നിശ്ചയിക്കാൻ പരസ്പരം സഹകരിക്കുകയും ചെയ്തിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പക്കലുളള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ഏജൻസി വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
2018 ൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) മൂന്ന് ബിയർ നിർമാണക്കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടർന്ന് വിപുലമായ അന്വേഷണവും സിസിഐ നടത്തി. ഇന്ത്യയുടെ ഏഴ് ബില്യൺ ഡോളർ ബിയർ വിപണിയുടെ 88% കൈകാര്യം ചെയ്യുന്ന മദ്യ നിർമാണക്കമ്പനികൾ പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചതായ സൂചനകളാണ് കമ്മീഷന് ലഭിച്ചത്.
മാർച്ചിൽ തയ്യാറാക്കിയ റിപ്പോർട്ട് മുതിർന്ന സിസിഐ അംഗങ്ങളുടെ പരിഗണനയിലാണ്, പിഴ 250 മില്യൺ ഡോളർ കവിയാൻ സാധ്യതയുണ്ടെന്നാണ് സൂചന. എക്സിക്യൂട്ടീവുകളുടെ സംഭാഷണങ്ങൾ, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന ഇ-മെയിലുകൾ എന്നിവ അടങ്ങുന്നതാണ് അന്വേഷണ റിപ്പോർട്ട്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ ബിയറിന് വിലവർദ്ധനവ് സൃഷ്ടിക്കുന്നതിന് കമ്പനികൾ കൂട്ടായ തന്ത്രം മെനഞ്ഞിരുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.