അമേരിക്കൻ കോടതിയിൽ ഇന്ത്യാ സർക്കാരിനെതിരെ കേസുമായി ബ്രിട്ടീഷ് കമ്പനി
വിധി പ്രകാരം പണം നൽകേണ്ട കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നാണ് പരാതി.
ലണ്ടൻ: ഇന്ത്യാ ഗവൺമെന്റിനെതിരെ അമേരിക്കയിലെ കോടതിയെ സമീപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കമ്പനിയായ കെയ്ൺ എനർജി. 1.2 ബില്യൺ ഡോളർ നഷ്ടപരിഹാരം കമ്പനിക്ക് ഇന്ത്യാ സർക്കാർ നൽകണമെന്ന ആർബിട്രേഷൻ വിധി പാലിക്കാത്തതിനെ ചോദ്യം ചെയ്താണ് കമ്പനിയുടെ നീക്കം. നികുതി തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് ഇത്.
ബ്രിട്ടനുമായുള്ള വാണിജ്യ ഉടമ്പനി തെറ്റിച്ച കമ്പനിക്കെതിരെ കേന്ദ്രസർക്കാർ നികുതി ചുമത്തിയത് തെറ്റാണെന്നായിരുന്നു ആർബിട്രേഷൻ വിധി. കമ്പനിക്ക് നഷ്ടപരിഹാരമായി 1.2 ബില്യൺ ഡോളർ നൽകണമെന്നും വിധിച്ചു. വിധി പ്രകാരം പണം നൽകേണ്ട കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നാണ് പരാതി.
ഇന്ത്യാ സർക്കാരിൽ നിന്നും പണം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്കൻ കോടതിയെ കമ്പനി സമീപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പണം നൽകിയില്ലെങ്കിൽ രാജ്യത്തിന്റെ ആസ്തികൾ കണ്ടുകെട്ടാൻ കമ്പനിക്ക് കഴിയും. അതിനാലാണ് അമേരിക്കൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ വിജയിക്കുന്നതോടെ ഇന്ത്യാ സർക്കാരിന്റെ ആസ്തികൾ കണ്ടുകെട്ടാനാവുമെന്നാണ് കമ്പനി കണക്കാക്കുന്നത്.