കൊവിഡ് തിരിച്ചടി: കോഫി വെന്റിങ് മെഷീനുകൾ കഫേ കോഫി ഡേ തിരിച്ചെടുക്കുന്നു
കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബെംഗളൂരു: കൊവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന പല സെക്ടറുകളും ഇതേ തുടർന്ന് വലിയ തകർച്ചയിലേക്കാണ് നേരിടുന്നത്. രാജ്യത്തെ പ്രമുഖ കോഫി ചെയിൻ കമ്പനിയായ കഫേ കോഫി ഡേയുടെ കാര്യവും വ്യത്യസ്തമല്ല. ഉപഭോക്താക്കളുടെ പക്കലുള്ള 30000 ത്തോളം കോഫി വെന്റിങ് മെഷീനുകളാണ് കമ്പനി തിരിച്ചെടുത്തത്. കമ്പനികൾ വർക്ക് ഫ്രം ഹോം നിലയിലേക്ക് മാറിയതോടെ ഓഫീസുകളിൽ ജീവനക്കാരില്ലാതായത്, കഫേ കോഫി ഡെയുടെ വെന്റിങ് മെഷീനുകൾ വെറുതെ കിടക്കാൻ ഇടയാക്കിയതോടെയാണ് തീരുമാനം.
കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കളുടെ ഇടങ്ങളിൽ കമ്പനി സ്ഥാപിച്ച പതിനായിരക്കണക്കിന് മെഷീനുകൾ കമ്പനി തിരിച്ചെടുത്തു. 2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 306.54 കോടി രൂപയാണ്. പ്രവർത്തന വരുമാനം 73.4 ശതമാനം ഇടിഞ്ഞ് 400.81 കോടിയായി.
ജനുവരി - മാർച്ച് പാദവാർഷികത്തിൽ മാത്രം കമ്പനിക്ക് 94.81 കോടി നഷ്ടം ഉണ്ടായി. വരുമാനം 61.4 ശതമാനം ഇടിഞ്ഞ് 141.04 കോടിയായി. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി തങ്ങളുടെ വെന്റിങ് മെഷീനുകൾ ഉപഭോക്താക്കളുടെ ഇടങ്ങളിൽ നേരത്തെ സ്ഥാപിച്ചിരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona