ഒരു ബില്യൺ ഡോളർ ഇടപാട്; ആകാശ് എജുക്കേഷണൽ സർവീസസിനെ സ്വന്തമാക്കി ബൈജൂസ്
ഏതാണ്ട് 33 വർഷത്തെ പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് ആകാശ് എജുക്കേഷണൽ സർവീസ് ലിമിറ്റഡ്.
ബെംഗളൂരു: പരീക്ഷ സഹായിയായ ആകാശ് എജുക്കേഷണൽ സർവീസ് ലിമിറ്റഡ് എന്ന കമ്പനിയെ ബൈജൂസ് വാങ്ങി. ഒരു ബില്യൺ ഡോളറിന്റേതാണ് ഇടപാട്. വിദ്യാഭ്യാസ വിപണിയിലെ ഏറ്റവും വലിയ ഇടപാടാണിത്.
ആകാശിനെ തങ്ങളുടെ ഒപ്പം ചേർക്കാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. ഒരുമിച്ച് വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യവും മികച്ചതുമായ വിദ്യാഭ്യാസ സഹായം എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മഹാമാരി തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ പ്രാധാന്യം വർധിപ്പിച്ചു. ഈ പങ്കാളിത്തം ആകാശ് എജുക്കേഷണൽ സർവീസ് ലിമിറ്റഡിന്റെ വളർച്ചയുടെ വേഗത കൂട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
ഏതാണ്ട് 33 വർഷത്തെ പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് ആകാശ് എജുക്കേഷണൽ സർവീസ് ലിമിറ്റഡ്. കമ്പനിയിൽ വരും ദിവസങ്ങളിൽ ബൈജൂസ് കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് 215 സെന്ററുകളിലായി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച സഹായമാണ് സ്ഥാപനം നൽകുന്നത്. നിലവിൽ 80 ദശലക്ഷം വിദ്യാർത്ഥികളാണ് ബൈജൂസിനെ ആശ്രയിക്കുന്നത്. 5.5 ദശലക്ഷം പെയ്ഡ് സബ്സ്ക്രിപ്ഷനും കമ്പനിക്കുണ്ട്.