കാസർകോട് ഭെൽ ഇഎംഎൽ ഓഹരികൾ കേരള സർക്കാരിന് കൈമാറുന്നു
ഈ ഉത്തരവ് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജി കഴിഞ്ഞ മാസം ഹൈക്കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം: കാസർകോട് പ്രവർത്തിക്കുന്നു ഭെൽ ഇഎംഎൽ (ഭാരത് ഹെവി ഇലക്ടിക്കൽ ലിമിറ്റഡ്- ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ്) കമ്പനിയുടെ ഓഹരി കേരള സർക്കാരിന് വിട്ടുനൽകാനുളള നടപടികൾ ആരംഭിച്ചു. നിലവിൽ കേന്ദ്ര- കേരള സർക്കാരുകളുടെ സംയുക്ത സംരംഭമാണ് ഭെൽ ഇഎംഎൽ.
കമ്പനിയുടെ 51 ശതമാനം ഓഹരിയാണ് സംസ്ഥാന സർക്കാരിന് കൈമാറുന്നത്. ഓഹരി വിട്ടുനൽകാൻ ഹെവി ഇൻഡസ്ട്രീസ് വകുപ്പ് അംഗീകാരം നൽകിയതിനെ തുടർന്ന് വിൽപ്പന കരാർ രേഖകൾ സംസ്ഥാന വ്യവസായ വകുപ്പിന് കൈമാറിയിട്ടുണ്ട്. കാസർകോട് മൊഗ്രാൽപുത്തൂർ ബെദ്രഡ്ക്കയിലാണ് ഇഎംഎൽ സ്ഥിതി ചെയ്യുന്നത്. ഓഹരി ഏറ്റെടുക്കൽ സംബന്ധിച്ച നടപടിക്രമങ്ങൾ രണ്ട് വർഷത്തോളമാണ് നീണ്ടുപോയത്.
കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതിൽ ഹൈക്കോടതി ഇടപെടുകയും മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജി കഴിഞ്ഞ മാസം ഹൈക്കോടതി തള്ളിയിരുന്നു.
ഭെൽ കൈമാറിയ കരാർ രേഖകൾ സംസ്ഥാന സർക്കാർ ഒപ്പിട്ട് കൈമാറുകയും അതിനെ തുടർന്ന് ഭെൽ ഇഎംഎൽ ബോർഡ് ചേരുകയും ഓഹരി കൈമാറ്റ കരാറിന് അംഗീകാരം നൽകുകയും വേണം.
കമ്പനിയുടെ ഓഹരി കൈമാറ്റത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ ബോർഡിലെ ഭെൽ പ്രതിനിധികൾ രാജിവയ്ക്കണം. തുടർന്ന് കേരള സർക്കാരിന്റെ പ്രതിനിധികൾ ചുമതലയേൽക്കുകയും വേണം. ഇതോടെ ഓഹരി കൈമാറ്റം സംബന്ധിച്ച നടപടികൾ പൂർത്തിയാകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona