ലോകത്തെ ഏറ്റവും വിപണി മൂല്യമുളള ഇരുചക്ര വാഹന നിർമാതാവായി ബജാജ് ഓട്ടോ
ബജാജ് ഓട്ടോയുടെ നിലവിലെ എം-ക്യാപ് ഹീറോ മോട്ടോകോർപ്പിനേക്കാൾ 63 ശതമാനം കൂടുതലാണ്.
മുംബൈ: ഒരു ട്രില്യൺ രൂപയുടെ വിപണി മൂല്യം എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന നിർമാതാവായി ബജാജ് ഓട്ടോ. വെള്ളിയാഴ്ച എൻ എസ് ഇയിൽ വ്യാപാരം അവസാനിക്കുമ്പോൾ 3,479 രൂപയാണ് ബജാജ് ഓഹരികളുടെ മൂല്യം.
മാർച്ചിൽ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 79 ശതമാനം റാലി നേടി ബജാജ് ഓഹരികൾ 11 ശതമാനം നേട്ടം കൈവരിച്ചു. ഇതാണ് ഈ വൻ നേട്ടത്തിലേക്ക് ഉയരാൻ കമ്പനിയെ സഹായിച്ചത്. ബജാജ് ഓട്ടോയുടെ നിലവിലെ എം-ക്യാപ് ഹീറോ മോട്ടോകോർപ്പിനേക്കാൾ 63 ശതമാനം കൂടുതലാണ്, ഐഷർ മോട്ടോഴ്സിനേക്കാൾ 43 ശതമാനവും കൂടുതലാണ്.
“മോട്ടോർ സൈക്കിളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വ്യത്യസ്ത ബിസിനസ് തന്ത്രങ്ങളോടെയുളള അചഞ്ചലമായ പ്രതിബദ്ധതയും ആഗോള താൽപര്യങ്ങളും ചേർന്നുളള നടപടികൾ ലോകമെമ്പാടുമുള്ള ഏറ്റവും മൂല്യവത്തായ ഇരുചക്ര വാഹന കമ്പനിയാക്കി ബജാജിനെ മാറ്റി,” കമ്പനിയുടെ എംഡി രാജീവ് ബജാജ് പ്രസ്താവനയിൽ പറഞ്ഞു.
ഇരുചക്ര വാഹന ആഭ്യന്തര വിപണി മന്ദഗതിയിലാണെങ്കിലും, ഉയർന്ന നിലയിലുളള കയറ്റുമതി ആഭ്യന്തര വിപണിയിലെ ബലഹീനത നികത്താൻ കമ്പനിയെ സഹായിച്ചു. നവംബറിൽ കമ്പനി വോള്യങ്ങളിൽ 5 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രധാനമായും കയറ്റുമതി ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയുടെ ആഭ്യന്തര വിൽപ്പന 4 ശതമാനം കുറഞ്ഞിട്ടും, കയറ്റുമതിയിൽ ആകെ 14 ശതമാനം മുന്നേറ്റം നേടിയെടുക്കാൻ ബജാജിനെ സാധിച്ചു.