മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി അതനു ചക്രബർത്തി എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ ആയേക്കും
1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം. ധനകാര്യ വകുപ്പ് സെക്രട്ടറിയായി 2020 ഏപ്രിലിലാണ് വിരമിച്ചത്.
ദില്ലി: മുൻ ധനകാര്യ വകുപ്പ് സെക്രട്ടറി അതനു ചക്രബർത്തി എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാനായേക്കും. ജനുവരിയിൽ കാലാവധി പൂർത്തിയാക്കുന്ന ശ്യാമള ഗോപിനാഥിന്റെ പിൻഗാമിയാകും ഇദ്ദേഹമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കുന്നത് വരെ ഇദ്ദേഹം പാർട് ടൈം ചെയർമാനായിരിക്കും. 1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം. ധനകാര്യ വകുപ്പ് സെക്രട്ടറിയായി 2020 ഏപ്രിലിലാണ് വിരമിച്ചത്.
മുൻ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറാണ് നിലവിലെ ചെയർപേഴ്സണായ ശ്യാമള ഗോപിനാഥ്. 2015 ജനുവരിയിലാണ് ഇവർ ബാങ്കിന്റെ നേതൃപദവി ഏറ്റെടുത്തത്. ചക്രബർത്തി ബാങ്കിന്റെ ചെയർപേഴ്സണായാൽ ഉന്നത ബ്യൂറോക്രാറ്റിനെ പരമോന്നത സ്ഥാനത്തേക്ക് എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ ബാങ്കാവും എച്ച്ഡിഎഫ്സി. നേരത്തെ ഐസിഐസിഐ ബാങ്ക് മുൻ പെട്രോളിയം സെക്രട്ടറിയായിരുന്ന ജിസി ചതുർവേദിയെ തങ്ങളുടെ ചെയർപേഴ്‌സൺ ആക്കിയിരുന്നു.