മത്സ്യതൊഴിലാളിയുടെ ജീവിതത്തിനു പുതു വർണ്ണങ്ങളേകി ഏഷ്യൻ പെയിന്റ്സ്
പൊതു ജനങ്ങൾക്കിടയിലേക്ക് മികവുറ്റ കലാസൃഷ്ടികളെ എത്തിക്കാനുള്ള പദ്ധതിയാണ് 'Donate a Wall'. പ്രധാന നഗരങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഈ പദ്ധതിയിലേക്ക് ശിശുപാലന്റെ വീടും തിരഞ്ഞെടുക്കപ്പെടുകയിരുന്നു
കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട് ജീവിതം വഴിമുട്ടിയ മത്സ്യതൊഴിലാളിയുടെ സ്വന്തമായൊരു വീടെന്ന സ്വപ്നം ഏഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് സഫലമാക്കി. കാസർഗോഡ് ബേക്കലിലെ ശിശുപാലനെന്ന മത്സ്യതൊഴിലാളിയുടെ വീട് നിർമ്മാണമാണ് ഏഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് കലാമികവോടെ പൂർത്തീകരിച്ചത്.
ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന ശിശുപാലന്റെ കുടുംബം ഒറ്റ മുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്. കുറച്ച് കൂടി സൗകര്യമുള്ള ഒരു വീട് നിർമ്മിക്കാൻ സർക്കാർ മൂന്നു സെന്റ് സ്ഥലം അനുവദിച്ചതോടെ അടച്ചുറപ്പും അത്യാവശ്യം സൗകര്യങ്ങളും ഉള്ള സ്വന്തമായൊരു വീട് എന്ന സ്വപ്നം വേഗം തന്നെ സഫലീകരിക്കാമെന്നു ശിശുപാലന് തോന്നി. ലോൺ എടുത്തും മറ്റും നിർമ്മാണം ആരംഭിച്ചെങ്കിലും അപ്രതീക്ഷിതമായി വന്നു പെട്ട കോവിഡ് മഹാമാരി ഈ മത്സ്യതൊഴിലാളിയുടെ പ്ലാനുകളെ തകിടം മറിച്ചു .
മീൻ പിടിച്ച് കിട്ടുന്ന തുക അന്നന്നത്തെ ജീവിതം തള്ളിനീക്കാൻ മാത്രമുള്ളതായി. അങ്ങിനെ എല്ലാ പ്രതീക്ഷയും നശിച്ചിരിക്കുമ്പോഴാണ് ചുമരുകളിൽ കലാസൃഷ്ടികൾ ഒരുക്കുന്ന ഏഷ്യൻ പെയിന്റ്സിന്റെയും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷന്റെയും സംയുക്ത സംരംഭമായ 'Donate a Wall' പദ്ധതിയെക്കുറിച്ച് മകന്റെ സുഹൃത്ത് വഴി അറിഞ്ഞത്.
പൊതു ജനങ്ങൾക്കിടയിലേക്ക് മികവുറ്റ കലാസൃഷ്ടികളെ എത്തിക്കാനുള്ള പദ്ധതിയാണ് 'Donate a Wall'. പ്രധാന നഗരങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഈ പദ്ധതിയിലേക്ക് ശിശുപാലന്റെ വീടും തിരഞ്ഞെടുക്കപ്പെടുകയിരുന്നു. പണി പൂർത്തീകരിച്ച വീട്ടിൽ സച്ചിൻ സാംസൺ എന്ന കലാകാരൻറെ കടലിന്റെ സംഗീതം എന്ന കലാസൃഷ്ടിയും ആലേഖനം ചെയ്യപ്പെട്ടു.
മത്സ്യതൊഴിലാളികളുടെ ദൈനംദിന ജീവിതവും കടലിന്റെ സൗന്ദര്യവുമാണ് സച്ചിൻ സാംസൺ തന്റെ ചിത്രത്തിലൂടെ ശിശുപാലന്റെ വീടിനായി ആവിഷ്കരിച്ചത്. സ്വന്തമായി ഒരു വീട് സാധ്യമാകില്ലെന്ന് കരുതിയിരുന്ന ശിശുപാലന്റെ മനോഹരമായ വീട് ഇപ്പോൾ പ്രദേശവാസികളുടെയും കലാപ്രേമികളുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.