കൊപ്ര ബസാറിന് വർണ്ണ ചുമരുകളേകി ഏഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യയും
കോഴിക്കോട്ടെ കൊപ്ര ബസാറിലെ കെട്ടിടങ്ങളുടെ ചുമരുകളിലാണ് ഏഷ്യൻ പെയിന്റ്സിന്റെയും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷന്റെയും പദ്ധതിയുടെ ഭാഗമായി കലാകാരന്മാർ കേരളീയ ജീവിതത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം നടത്തിയിട്ടുള്ളത്
കോഴിക്കോട്ടെ തിരക്കേറിയ കൊപ്രചന്തയിലേക്ക് കച്ചവടത്തിനായി മാത്രമല്ല ആളുകൾ എത്തുന്നത്. പുരാതനമായ ഈ ചന്തയുടെ ചുമരുകളിൽ ഏഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷനും ചേർന്നൊരുക്കിയിരിക്കുന്ന മനോഹരമായ കലാവിരുന്ന് ആസ്വദിക്കാൻ കൂടിയാണ്.
കേരളീയ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് തേങ്ങ. വെളിച്ചെണ്ണയോ തേങ്ങയോ ഇല്ലാത്ത ഒരു ഭക്ഷണ വിഭവം മലയാളിക്കില്ല. ഒരു തെങ്ങെങ്കിലും ഇല്ലാത്ത വീടുകളും കേരളത്തിൽ അപൂർവ്വം. അതുകൊണ്ടു തന്നെ മലയാളികളുടെ പ്രധാന ജീവിത ഉപാധി കൂടിയാണ് തെങ്ങു കൃഷിയും തേങ്ങ വ്യാപാരവും. ആയിരക്കണക്കിന് പേരാണ് അതിലൂടെ മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
കേരളത്തിലെ ഏറ്റവും വലിയ തേങ്ങ വിപണികളിൽ ഒന്നാണ് കോഴിക്കോട്ടെ കൊപ്ര ബസാർ. സമീപ ജില്ലകളിൽ നിന്ന് പോലും കർഷകരും വ്യാപാരികളും സൗത്ത് ബീച്ചിലെ തിരക്കേറിയ റോഡരികിലുള്ള ഈ പുരാതന ചന്തയിൽ എത്തുന്നു. 1936-ൽ ബ്രിട്ടീഷുകാരാണ് ഈ ബസാറിലെ കെട്ടിടങ്ങൾ നിർമ്മിച്ചത്. അതിനു ശേഷം കാര്യമായ ഒരു നവീകരണവും നടക്കാത്ത ഈ കെട്ടിടങ്ങളുടെ ചുമരുകളിലാണ് ഏഷ്യൻ പെയിന്റ്സിന്റെയും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷന്റെയും പദ്ധതിയുടെ ഭാഗമായി കലാകാരന്മാർ കേരളീയ ജീവിതത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം നടത്തിയിട്ടുള്ളത്.
പൊതു ഇടങ്ങളെ കലാസൃഷ്ടികളിലൂടെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷൻ ഏഷ്യൻ പൈന്റ്‌സിന്റെ സഹകരണത്തോടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുടെ തെരുവുകളിൽ എല്ലാം തന്നെ ഇത്തരം പ്രൊജക്ടുകൾ ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണ്. പ്രമുഖ ഗ്യാലറികളിലൂടെ ചുരുക്കം ആളുകളിലേക്ക് മാത്രം എത്തിയിരുന്ന കലാസൃഷ്ടികളെ പൊതുജനങ്ങൾക്കിടയിലേക്ക് എത്തിച്ച് വലിയൊരു ആസ്വാദകവൃന്ദത്തെ സൃഷ്ടിക്കാനാണ് 'Donate a Wall' എന്ന ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Trespassers Collective ന്റെ ഭാഗമായ ജിനിൽ മണികണ്ഠൻ എന്ന ആർട്ടിസ്റ്റ് ആണ് കൊപ്ര ബസാറിന്റെ മതിലുകളിൽ മനോഹരമായ ചിത്രങ്ങൾ തീർത്തിരിക്കുന്നത്. കേരളത്തിന്റെ ഗ്രാമ ജീവിതവും അതിൽ തെങ്ങിന്റെ പ്രാധാന്യവും എടുത്ത് കാണിക്കുന്ന പ്രമേയമാണ് ചിത്രീകരണത്തിനായി സ്വീകരിച്ചതെന്ന് ജിനിൽ പറഞ്ഞു.