നഷ്ടപരിഹാരമായി ആമസോൺ 290 കോടി രൂപ ആവശ്യപ്പെട്ടു: ഫ്യൂച്ചർ-ആമസോൺ നിയമ പോരാട്ടത്തിലെ സുപ്രധാന രേഖ പുറത്ത്
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫ്യൂച്ചർ ഗ്രൂപ്പ് സമർപ്പിച്ച രേഖകളിൽ, ആർ ഐ എല്ലുമായുള്ള (റിലയൻസ്) ഫ്യൂച്ചറിന്റെ 24,713 കോടി ഇടപാടിനെക്കുറിച്ച് ആമസോണിന് നന്നായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസുമായുള്ള ഇടപാടിന് ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് 40 മില്യൺ യുഎസ് ഡോളർ (ഏകദേശം 290.41 കോടി) ആമസോൺ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിലെ (എസ്ഐഎസി) എമർജൻസി ആർബിട്രേറ്റർക്ക് (ഇഎ) ഫ്യൂച്ചർ ഗ്രൂപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുളളത്. ഫ്യൂച്ചർ ഗ്രൂപ്പ് -റിലയൻസ് ഇടപാടിനെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന ആമസോണിന്റെ അവകാശവാദം തെറ്റാണെന്നും കിഷോർ ബിയാനിയ്ക്ക് വേണ്ടി ഫ്യൂച്ചർ ഗ്രൂപ്പ് സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫ്യൂച്ചർ ഗ്രൂപ്പ് സമർപ്പിച്ച രേഖകളിൽ, ആർ ഐ എല്ലുമായുള്ള (റിലയൻസ്) ഫ്യൂച്ചറിന്റെ 24,713 കോടി ഇടപാടിനെക്കുറിച്ച് ആമസോണിന് നന്നായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. നഷ്ടപരിഹാരമായാണ് ആമസോൺ 40 മില്യൺ യുഎസ് ഡോളർ ആവശ്യപ്പെട്ടത്.
റിലയൻസുമായി ഓഹരി വിൽപ്പന സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ആമസോൺ പ്രതിനിധികളെ അറിയിച്ചതിന് ശേഷമാണ്, ഫ്യൂച്ചർ റീട്ടെയിൽ 2020 ഓഗസ്റ്റ് 29 ന് ഒരു പരസ്യ പ്രഖ്യാപനം നടത്തിയെന്നും 2020 ഒക്ടോബർ 12 ൽ ഫ്യൂച്ചർ ഗ്രൂപ്പ് രേഖ വ്യക്തമാക്കുന്നു. ആമസോണിന്റെയും ഗ്രൂപ്പിന്റെയും ഉന്നതർ തമ്മിൽ ഇത് സംബന്ധിച്ച് ഫോൺ സംഭാഷണങ്ങളും, ഇ മെയിൽ വഴി പരസ്പരം ആശയവിനിമയവും നടത്തിയിരുന്നതായി ഫ്യൂച്ചർ ഗ്രൂപ്പ് പറയുന്നു.
“അതിനാൽ, പരാമർശിച്ച സന്ദേശങ്ങളും കോളുകളും ഇ-മെയിലുകളും മാറ്റിവെച്ചാൽ ... നിലവിലെ വ്യവഹാര നടപടികൾ ആരംഭിക്കുന്നതിന് ഒരു മാസത്തിലേറെ മുമ്പ് തർക്ക ഇടപാടിനെക്കുറിച്ച് അവകാശിക്ക് (ആമസോണിന്) അറിയാമായിരുന്നു,” ഫ്യൂച്ചർ 2020 ഒക്ടോബർ 12 ന് സമർപ്പിച്ച രേഖയിൽ പറയുന്നു, പ്രസ്തുത രേഖയുടെ പകർപ്പ് പി ടി ഐയാണ് പുറത്തുവിട്ടത്.
ഇടപാട് സംബന്ധിച്ച് അഭിപ്രായം തേടുന്ന ഇ-മെയിൽ ചോദ്യങ്ങളോട് ആമസോൺ പ്രതികരിച്ചില്ലെന്നും ഫ്യൂച്ചർ ഗ്രൂപ്പ് ആരോപിക്കുന്നു.
റീട്ടെയിൽ, മൊത്ത, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് ബിസിനസ്സുകൾ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ആർ ഐ എല്ലിന് വിൽക്കാൻ തയ്യാറാണെന്ന് 2020 ഓഗസ്റ്റ് 29 നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത്. 24,713 കോടി രൂപയുടെ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.