നിലനിൽപ്പ് പ്രതിസന്ധിയിൽ !: വൻ പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി എയർബസ്
യൂറോപ്പിൽ സർക്കാരുകൾ കമ്പനികൾക്ക് നിയന്ത്രിതമായ രീതിയിൽ ജീവനക്കാരെ താത്കാലികമായി അവധിയിൽ അയക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
ദില്ലി: കൊറോണ വൈറസ് ഉയർത്തിയ പ്രതിസന്ധിയിൽ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടതായി യൂറോപ്യൻ വിമാന നിർമ്മാണ കമ്പനി എയർബസ്. കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന 1.35 ലക്ഷം പേരാണ് ലോകത്താകമാനം ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.
കമ്പനിയുടെ പക്കലുള്ള പണം അതിവേഗം ചോർന്നുകൊണ്ടിരിക്കുകയാണെന്ന് ജീവനക്കാർക്ക് വെള്ളിയാഴ്ച അയച്ച കത്തിൽ, എയർബസിന്റെ ചീഫ് എക്സിക്യുട്ടീവ് ഗില്ലോമി ഫോറി പറഞ്ഞു. യൂറോപ്പിൽ സർക്കാരുകൾ കമ്പനികൾക്ക് നിയന്ത്രിതമായ രീതിയിൽ ജീവനക്കാരെ താത്കാലികമായി അവധിയിൽ അയക്കാൻ അനുവാദം നൽകിയിട്ടുണ്ട്. 3,000 പേരെ ഇങ്ങനെ താത്കാലികമായി പിരിച്ചുവിടും.
അതേസമയം 2007 ലേതിന് സമാനമായി കമ്പനി പതിനായിരം പേരെ പിരിച്ചുവിട്ടേക്കും എന്നാണ് മേഖലയിൽ നിന്നുള്ള സൂചനകൾ. നിലനിൽപ്പ് പ്രതിസന്ധിയിലായ വ്യവസായ -വാണിജ്യ മേഖലകളെ സഹായിക്കാൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാൻ യൂറോപ്പിലെ വിവിധ സർക്കാരുകളുമായി എയർബസ് പ്രതിനിധികൾ സംസാരിക്കുന്നുണ്ട്.