കൊവിഡ്: എയർ ഇന്ത്യ വിൽപ്പന വൈകും, താല്‍പ്പര്യപത്രം സമർപ്പിക്കേണ്ട തീയതി നീട്ടാൻ നീക്കം
കേന്ദ്ര സർക്കാർ എയർ ഇന്ത്യ വിൽപ്പനയുടെ താല്‍പ്പര്യ പത്രം സമർപ്പിക്കേണ്ട തീയതി നീട്ടാൻ ആലോചിക്കുന്നു. കൊവിഡ് ബാധയെ തുടർന്നാണ് പുതിയ തീരുമാനം.
ദില്ലി: കേന്ദ്ര സർക്കാർ എയർ ഇന്ത്യ വിൽപ്പനയുടെ താത്പര്യ പത്രം സമർപ്പിക്കേണ്ട തീയതി നീട്ടാൻ ആലോചിക്കുന്നു. കൊവിഡ് ബാധയെ തുടർന്നാണ് പുതിയ തീരുമാനം. ഏപ്രിൽ 30 വരെയാണ് ഇപ്പോൾ സമയം നൽകിയിരിക്കുന്നത്. നിലവിലെ സാമ്പത്തിക കാലാവസ്ഥയിൽ നിക്ഷേപകർക്ക് ഒരു പുനരാലോചനയ്ക്ക് കൂടി അവസരം നൽകുന്നതാണിത്. വിമാനക്കമ്പനികൾ ലോകത്താകമാനം തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ആഗോള തലത്തിൽ 252 ബില്യൺ ഡോളറിന്റെ നഷ്ടം വിമാനക്കമ്പനികളുടെ വരുമാനത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ ഈ വ്യവസായ മേഖലയ്ക്ക് 20 മുതൽ 25 ശതമാനം വരെ നെഗറ്റീവ് വളർച്ചയുണ്ടാകുമെന്ന് കരുതുന്നു.
വിൽപ്പനയ്ക്ക് പകരം ഇപ്പോഴത്തെ സാഹചര്യത്തിൽ എയർ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ നിർബന്ധിതരായിരിക്കുകയാണ് കേന്ദ്രസർക്കാർ. മറ്റ് വിമാനക്കമ്പനികൾ പ്രവർത്തിക്കാത്തതിനാൽ എയർ ഇന്ത്യയുടെ സഹായം ഇപ്പോൾ സർക്കാരിന് വളരെ അത്യാവശ്യമാണ്.