എജിആർ കുടിശ്ശിക അടയ്ക്കാൻ 20 വർഷം സമയം വേണമെന്ന് ഭാരതി എയർടെൽ
ടെലികോം വകുപ്പിന്റെ പക്കൽ ഇരു കമ്പനികളും നൽകിയ 10,800 കോടിയുടെ ബാങ്ക് ഗ്യാരന്റിയുണ്ട്.
ദില്ലി: അവശേഷിക്കുന്ന എജിആർ കുടിശ്ശിക അടയ്ക്കാൻ 20 വർഷം കൂടി സമയം വേണമെന്ന് ഭാരതി എയർടെൽ സുപ്രീം കോടതിയിൽ. രാജ്യത്ത് നന്നായി പ്രവർത്തിക്കുന്ന ടെലികോം കമ്പനിയാണ് തങ്ങളെന്നും ഒറ്റ രാത്രികൊണ്ട് ഓടിപ്പോകുന്നവരല്ലെന്നും എയർടെൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.
ഇതുവരെ 18,004 കോടി രൂപ കുടിശ്ശിക അടച്ചിട്ടുണ്ട്. എജിആർ കുടിശ്ശിക ഇനത്തിൽ ഇതുവരെ ടെലികോം വകുപ്പിന് കിട്ടിയ തുകയുടെ 62 ശതമാനം വരും ഈ തുകയെന്നും ഭാരതി എയർടെല്ലും ഭാരതി ഹെക്സാകോണും സംയുക്തമായി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ടെലികോം വകുപ്പിന്റെ പക്കൽ ഇരു കമ്പനികളും നൽകിയ 10,800 കോടിയുടെ ബാങ്ക് ഗ്യാരന്റിയുണ്ട്. ലോകത്തെ 16 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് തങ്ങൾ. 423 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ, അടുത്ത 20 വർഷം മുൻകൂട്ടി കാണാനാവില്ലെന്നും, മാന്യന്റെ വാക്ക് കേട്ട് കാലാവധി നീട്ടാനാവില്ലെന്നും കോടതി പറഞ്ഞു. എജിആർ ഫീ, പലിശ, പിഴപ്പലിശ എന്നിവയടക്കം 35500 കോടിയാണ് എയർടെൽ ടെലികോം വകുപ്പിൽ അടക്കേണ്ടത്.