അദാനി പോർട്ട്സിനോട് കടക്ക് പുറത്ത് പറഞ്ഞ് എസ് ആൻഡ് പി, മ്യാൻമറിലെ സഖ്യം റദ്ദാക്കി ജാപ്പനീസ് കമ്പനി
അന്താരാഷ്ട്ര സ്ഥാപനങ്ങൾ സൈന്യവുമായി ബന്ധമുള്ള മ്യാൻമർ സ്ഥാപനങ്ങളുമായുള്ള ബന്ധം വേർപെടുത്തുന്നതിനോ അവലോകനം ചെയ്യുന്നതിനോ തയ്യാറായിരുന്നു.
മനുഷ്യാവകാശ ലംഘനം ആരോപിക്കപ്പെടുന്ന മ്യാൻമറിന്റെ സൈന്യവുമായുള്ള ബിസിനസ്സ് ബന്ധം കണക്കിലെടുത്ത് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിനെ സുസ്ഥിരതാ സൂചികയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് എസ് ആന്റ് പി ഡൗ ജോൺസ് അറിയിച്ചു.
സൈനിക പിന്തുണയുള്ള മ്യാൻമർ ഇക്കണോമിക് കോർപ്പറേഷനിൽ (എംഇസി) നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് യാങ്കോണിൽ 290 മില്യൺ ഡോളർ തുറമുഖം നിർമ്മിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് കമ്പനി.
എം ഇ സിക്ക് ദശലക്ഷക്കണക്കിന് ഡോളർ വാടക നൽകാൻ കമ്പനി കരാറുണ്ടാക്കിയിട്ടുളളതായി മനുഷ്യാവകാശ ഗ്രൂപ്പുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ മാസം അവസാനം പദ്ധതിയെക്കുറിച്ച് അധികാരികളോടും പങ്കാളികളോടും ആലോചിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.
ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്ക് പിന്നാലെ ഉയർന്ന ജനകീയ പ്രതിഷേധത്തിനെതിരായ അടിച്ചമർത്തലിൽ 700 ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം അമേരിക്കയും ബ്രിട്ടനും എംഇസിക്കും മറ്റൊരു സൈനിക നിയന്ത്രിത കമ്പനിയായ മ്യാൻമർ ഇക്കണോമിക് ഹോൾഡിംഗ്സ് പബ്ലിക് കമ്പനി ലിമിറ്റഡിനും (എംഇഎച്ച്എൽ) ഉപരോധം ഏർപ്പെടുത്തിയിരുന്നു.
സഖ്യം റദ്ദാക്കി ജാപ്പനീസ് കമ്പനി
ഈ വ്യാഴാഴ്ച വ്യാപാരത്തിനായി തുറക്കുന്നതിന് മുമ്പ് അദാനി പോർട്ട്സിനെ സൂചികയിൽ നിന്ന് നീക്കംചെയ്യുമെന്ന് എസ് ആന്റ് പി ഡൗ ജോൺസ് സൂചികകൾ പ്രസ്താവനയിൽ പറഞ്ഞു. തീരുമാനത്തെ മനുഷ്യാവകാശ പ്രവർത്തകർ പ്രശംസിച്ചു.
ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ അദാനി പോർട്ട്സ് ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞു. ഫെബ്രുവരി മുതൽ 40 ശതമാനം നേട്ടമുണ്ടാക്കിയ കമ്പനിയുടെ ഓഹരികളെ ആദ്യമായാണ് മ്യാൻമറിൽ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾ സ്വാധീനിക്കുന്നത്.
അന്താരാഷ്ട്ര സ്ഥാപനങ്ങൾ സൈന്യവുമായി ബന്ധമുള്ള മ്യാൻമർ സ്ഥാപനങ്ങളുമായുള്ള ബന്ധം വേർപെടുത്തുന്നതിനോ അവലോകനം ചെയ്യുന്നതിനോ തയ്യാറായിരുന്നു. എന്നാൽ, അദാനി ഗ്രൂപ്പ് കരാറുമായി മുന്നോട്ട് പോകുകയായിരുന്നു.
ഫെബ്രുവരിയിൽ ജാപ്പനീസ് പാനീയ ഭീമനായ കിരിൻ ഹോൾഡിംഗ്സ് എംഇഎച്ച്എല്ലുമായുളള ബിയർ സഖ്യം റദ്ദാക്കിയപ്പോൾ ദക്ഷിണ കൊറിയൻ സ്റ്റീൽ നിർമാതാക്കളായ പോസ്കോ എംഇഎച്ച്എല്ലുമായുളള സംയുക്ത സംരംഭത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന് ആലോചനയിലാണ്.