മൂന്ന്​ വിദേശ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചു: അദാനിയുടെ ഓഹരികളിൽ നഷ്ടം; വിശദീകരണവുമായി അദാനി ​ഗ്രൂപ്പ്

കമ്പനികളുടെ ഉടമസ്ഥാവകാശം ഉൾപ്പെടെ പലകാര്യങ്ങളും വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിൽ ഇവർക്ക് നിലവിലുള്ള ഓഹരികൾ വിൽക്കാനോ പുതിയ ഓഹരികൾ വാങ്ങാനോ കഴിയില്ല. 

adani group issue

മുംബൈ: അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഉടമസ്ഥരുടെ ഉൾപ്പെടെ വിവരങ്ങൾ മറച്ചുവെച്ച സാഹചര്യത്തിലാണ് നാഷനൽ സെക്യൂരിറ്റീസ് സിപ്പോസിറ്ററി ലിമിറ്റിഡിന്റെ (എൻഎസ്ഡിഎൽ) നടപടി. ഇതോടൊപ്പം അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂലം കുതിച്ച് ഉയ‍ർന്നതിനെ കുറിച്ചും സെബി പ്രാഥമിക പരിശോധന തുടരുകയാണ്.

മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശനിക്ഷേപ കമ്പനികളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരിവിപ്പിച്ചത്. ഒരേ വിലാസത്തിൽ രജിസ്റ്റ‍ർ ചെയ്തിട്ടുള്ള ഈ മൂന്ന് കമ്പനികൾക്കുമായി അദാനി എന്റർപ്രെസസിൽ 6.82  ശതമാനം ഓഹരിയുണ്ട്. അദാനി ട്രാൻസ്മിഷനിൽ എട്ടു ശതമാനവും, അദാനി ടോട്ടൽ ഗ്യാസ് കമ്പനിയിൽ ആറ് ശതമാനം ഓഹരിയും ഇവർക്കുണ്ട്. ആകെ അദാനി ഗ്രൂപ്പിൽ നാൽപത്തിമൂവായിരം കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനികളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 

കമ്പനികളുടെ ഉടമസ്ഥാവകാശം ഉൾപ്പെടെ പലകാര്യങ്ങളും വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിൽ ഇവർക്ക് നിലവിലുള്ള ഓഹരികൾ വിൽക്കാനോ പുതിയ ഓഹരികൾ വാങ്ങാനോ കഴിയില്ല. അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഒരു വർഷത്തിൽ 200 മുതൽ ആയിരം ശതമാനം വരെ ഉയർന്നതിലും നിയന്ത്രണ അതോറിറ്റിയായ സെബിക്ക് സംശയുമുണ്ടെന്നാണ് സൂചന. കഴിഞ്ഞ വർഷം ഈക്കാര്യത്തിൽ സെബി തുടങ്ങിയ അന്വേഷണം തുടരുകയാണ്. അദാനി എന്റർപ്രൈസസിന്റെ ഓഹരിവിലയിൽ 972 ശതമാനം വർധനവാണ് ഉണ്ടായത്. അദാനി ഗ്രൂപ്പിന്റെ ആകെ വിപണിമൂല്യം നിലവിൽ ഒൻപതര ലക്ഷം കോടിയാണ്. ഓഹരിമുല്യം ഇങ്ങനെ ഉയർത്തിയതിൽ അസാധാരണമായി എന്തെങ്കിലുമുണ്ടോ എന്നതാണ് സെബി നിലവിൽ അന്വേഷിക്കുന്നത്.

മുന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ ലിമിറ്റഡ് മരവിപ്പിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ തകർച്ച നേരിട്ടു. 

കള്ളപ്പണംതടയൽ (പിഎംഎൽഎ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകർ ആവശ്യമായ രേഖകൾ നൽകാത്തതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിദേശ അക്കൗണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇസഡ്) അറിയിച്ചു. ആരോപണം നിക്ഷേപകരുടെ സാമ്പത്തിക മൂല്യത്തിനും സൽപ്പേരിനും നികത്താനാകാത്ത നഷ്ടം ഉണ്ടാക്കിയെന്നു കമ്പനി സെക്രട്ടറി കമലേഷ് ഭാഗിയ മാധ്യമങ്ങളെ അറിയിച്ചു. ആരോപണം ഉണ്ടായ പശ്ചാത്തലത്തിൽ പ്രസ്തുത അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നു രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം വാങ്ങിയിട്ടുണ്ടെന്ന് വൈകിട്ടോടെ കമ്പനി അവകാശപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios