സിമന്റ് വിപണിയിലേക്ക് അദാനി; ഉപകമ്പനി രൂപീകരിച്ചു
എല്ലാ തരം സിമന്റുകളുടെയും ഉൽപ്പാദനവും വിതരണവുമാണ് കമ്പനിയുടെ ലക്ഷ്യം.
അഹമ്മദാബാദ്: രാജ്യത്തെ മുൻനിര വ്യവസായികളിൽ പ്രമുഖരായ അദാനി ഗ്രൂപ്പ് സിമന്റ് വ്യാപാരത്തിലേക്ക് കടക്കുന്നു. അദാനി എന്റർപ്രൈസസിന് കീഴിൽ പുതിയ ഉപകമ്പനി ഇതിനായി രൂപീകരിച്ചെന്ന് കമ്പനി സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചു. അദാനി സിമന്റ് ഇന്റസ്ട്രീസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ഓതറൈസ്ഡ് ഓഹരി മൂലധനം 10 ലക്ഷവും പെയ്ഡ് അപ് കാപിറ്റൽ അഞ്ച് ലക്ഷവുമാണ്.
ഗുജറാത്തിലാണ് പുതിയ കമ്പനിയുടെ ആസ്ഥാനമെന്ന് അദാനി എന്റർപ്രൈസസ് റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദിലാണ് ആസ്ഥാനം. 2021 ജൂൺ 11നാണ് കമ്പനി രൂപീകരിച്ചത്.
എല്ലാ തരം സിമന്റുകളുടെയും ഉൽപ്പാദനവും വിതരണവുമാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനി ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്തതിനാൽ റെഗുലേറ്ററി ഫയലിങിൽ ടേൺ ഓവർ ഇല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിമന്റ് ഉൽപ്പാദനത്തിലേക്ക് അദാനിയുടെ രംഗപ്രവേശം വിപണിയിലെ മത്സരം കടുപ്പിക്കുമെന്ന് ഉറപ്പാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona