വീണ്ടും റിലയൻസ് ജിയോയിലേക്ക് വൻ നിക്ഷേപം: ഇക്കുറി നിക്ഷേപം എത്തിയത് അബുദാബിയിൽ നിന്ന്
ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി ഉയരാൻ എഡിഐഎ നിക്ഷേപം സഹായിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
മുംബൈ: റിലയൻസ് ജിയോ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് 5,683.50 കോടി രൂപ സമാഹരിക്കും. റിലയൻസ് ജിയോ പ്ലാറ്റ്ഫോമിന്റെ 1.16 ശതമാനം ഓഹരി പകരമായി അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ എഡിഐഎക്ക് (അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി) ലഭിക്കും.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടുന്ന ജിയോ പ്ലാറ്റ്ഫോംസ് യുഎസ് ആസ്ഥാനമായുള്ള ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കുള്ളിൽ സമാഹരിച്ചത് 97,885.65 കോടി രൂപയാണ്.
ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി ഉയരാൻ എഡിഐഎ നിക്ഷേപം സഹായിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ജിയോ പ്ലാറ്റ്‌ഫോംസ് വെള്ളിയാഴ്ച രണ്ട് ഓഹരി വിൽപ്പന പ്രഖ്യാപിച്ചിരുന്നു. ആദ്യത്തേത് 1.85 ശതമാനം ഓഹരി 9,093.60 കോടി രൂപയ്ക്ക് അബുദാബിയിലെ മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായും, മറ്റൊന്ന് സ്വകാര്യ നിക്ഷേപകരുൾപ്പെടെ നിലവിലുള്ള ഒരു കൂട്ടം നിക്ഷേപകർക്കായി നീക്കിവച്ച ഒരു ശതമാനം ഓഹരി വിൽപ്പനയും. 4,546 കോടി രൂപയ്ക്കുളളതാണ് രണ്ടാമത്തെ വിൽപ്പന. ഇക്വിറ്റി നിക്ഷേപകരായ സിൽവർ ലേക്കുമായുളള വിൽപ്പന കരാറും ഇതിൽ ഉൾപ്പെടും.