ടെക് വ്യവസായത്തിലെ 90 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം മാതൃകയിൽ, ഹൈബ്രിഡ് മോഡൽ മികച്ചത്: അസിം പ്രേംജി
ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആന്റ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി.
ബാംഗ്ലൂർ: രാജ്യത്തെ സാങ്കേതിക വ്യവസായത്തിലെ 90 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി ചെയ്യുന്നത് തുടരുകയാണെന്നും ഹൈബ്രിഡ് ജോലിയുടെ മാതൃകയെ പ്രശംസിക്കുന്നുവെന്നും അസിം പ്രേംജി പറഞ്ഞു.
"കൊവിഡ് ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളിൽ, ടെക് വ്യവസായത്തിന്റെ 90 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി, ഇന്നും 90 ശതമാനത്തിലധികം ആളുകൾ ഇതെ സംവിധാനത്തിൽ തുടരുന്നു, ”അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആന്റ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി. തൊഴിൽ രംഗത്തെ സ്ഥിരമായ ഒരു ഹൈബ്രിഡ് മോഡലിന്റെ മൂല്യത്തെ ഐടി വ്യവസായവും സർക്കാരും വിലമതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട്ടിലും ആവശ്യമുളള സമയങ്ങളിൽ ഓഫീസിൽ നിന്നുമുളള രീതിയിൽ നടപ്പാക്കുന്ന തൊഴിൽ രംഗത്തെ ഹൈബ്രിഡ് മോഡലിന് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മികച്ച പങ്കാളിത്തം വർക്ക് ഫ്രം ഹോം രീതിയിലൂടെ ഉറപ്പാക്കാനാകും. കൂടുതൽ സ്ത്രീകൾക്കും ഈ രീതി സഹായകരമാണ്. ടയർ -2 നഗരങ്ങളിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ലഭ്യത വളർന്നത് നിരവധി ബിസിനസുകളെ അഭിവൃദ്ധിപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും പ്രേംജി പറഞ്ഞു.