'അപ്പുറം'- ''എന്നെ ജീവിപ്പിച്ചെടുക്കാൻ ചെയ്‍ത സിനിമ''- ഇന്ദു അഭിമുഖം
'നിള'യ്ക്ക് ശേഷം ഇന്ദു രണ്ടാം ചിത്രവുമായി എത്തുന്നുവെന്ന് ഐഎഫ്എഫ്കെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 'അപ്പുറം' തെരഞ്ഞെടുക്കപ്പെട്ടതിൽ പിന്നെ മാത്രമാണ് പുറംലോകമറിഞ്ഞത്.
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്‍ഡിസി നിർമിച്ച 'നിള' എന്ന സിനിമയുടെ സംവിധായകയാണ് ഇന്ദു ലക്ഷ്‍മി. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ദുവിന്റെ രണ്ടാം ചിത്രം 'അപ്പുറം' പ്രദർശനത്തിന് ഒരുങ്ങുകയാണ്. മേളയുടെ രണ്ടാം ദിവസമായ ഡിസംബർ 14നാണ് 'അപ്പുറ'ത്തിൻ്റെ ആദ്യ പ്രദർശനം. കെഎസ്എഫ്‍ഡിസി നേതൃത്വത്തിൽ നിന്ന് നേരിട്ട അപമാനവും നിളയുടെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളും ഇന്ദു തുറന്നു പറഞ്ഞിട്ടുണ്ട്. 'നിള'യ്ക്ക് ശേഷം ഇന്ദു രണ്ടാം ചിത്രവുമായി എത്തുന്നുവെന്ന് ഐഎഫ്എഫ്കെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 'അപ്പുറം' തെരഞ്ഞെടുക്കപ്പെട്ടതിൽ പിന്നെ മാത്രമാണ് പുറംലോകമറിഞ്ഞത്. 'അപ്പുറം' അതിജീവനമാണെന്ന് പറയുകയാണ് ഇന്ദു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖം.
അപ്പുറം സംസാരിക്കുന്ന വിഷയം
'കമിങ് ഓഫ് ഏജ്' ഴോണറിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ് 'അപ്പുറം'. അനഘയുടെ കഥാപാത്രം തന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക്, അതിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഒരു കുടുംബത്തിന്റെ വൈകാരികമായ യാത്രയും അതിന്റെ പര്യവസാനവും ഒരു പെൺകുട്ടിയുടെ കണ്ണിലൂടെ പറയുകയാണ്. മുതിർന്നവർ തീരുമാനങ്ങളെടുക്കുന്ന ലോകത്ത് തൻ്റേതായ ശബ്ദം കണ്ടെത്താൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലാണ് കഥ പറയുന്നത്.
അനഘ രവി, ഇന്ദു
എന്തുകൊണ്ട് ജഗദീഷ്, അനഘ രവി, മിനി ഐ ജി?
തീക്ഷ്‍ണമായ അഭിനയമുഹൂർത്തങ്ങളാണ് ഓരോ കഥാപാത്രങ്ങൾക്കും. അതിനോട് നീതിപുലർത്തുന്ന അഭിനേതാക്കൾ വേണമായിരുന്നു. അനഘയുടെ ഷോർട്ട് ഫിലിമുകളും സിനിമകളും കണ്ടിട്ടുണ്ട്. അഭിനേതാവെന്ന നിലയിൽ അവരെ ഇഷ്‍ടമാണ്. അപ്പുറത്തിന്റെ കഥ പറഞ്ഞപ്പോൾ ആ വൈകാരികത അനഘയുടെ കണ്ണുകളിൽ കണ്ടു. കഥാപാത്രം അനഘയാണെന്ന് എനിക്കാ നിമിഷം തന്നെ തോന്നുകയായിരുന്നു. ജഗദീഷ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം അദ്ദേഹത്തെപ്പോലെ മുതിർന്ന ഒരു അഭിനേതാവിനു മാത്രമേ ചെയ്യാനാകുമായിരുന്നുള്ളൂ. സൂക്ഷ്‍മാഭിനയം ആവശ്യപ്പെടുന്ന മുഹൂർത്തങ്ങളുണ്ട്. മിനി ഐജിയുടെ കഥാപാത്രവും വ്യത്യസ്‍തമല്ല. 'നിള'യിൽ മിനിക്കൊപ്പം പ്രവർത്തിച്ചതാണ്. അപ്പുറത്തിലെ കഥാപാത്രത്തിന്റെ വൈകാരിക തലം അവതരിപ്പിച്ചു ഫലിപ്പിക്കാൻ മിനിക്കാകുമെന്ന് തോന്നി. ടെക്നോ പാർക്കിൽ നിന്നുള്ള പുതിയ അഭിനേതാക്കളും സൂര്യ തിയേറ്ററിലെ വർഷങ്ങളുടെ പരിചയമുള്ള അഭിനേതാക്കളും ഉൾപ്പെടെ ഒരുപാടുപേർ അപ്പുറത്തിന്റെ ഭാഗമാണ്.
9 സ്ലീപ്ലെസ് ഡേയ്‍സ്
എന്താണ് വേണ്ടത് എന്നതിൽ കൃത്യമായ ധാരണയുണ്ടായിരുന്നു. കഥയുടെ പേസും ഷോട്ടുകളുമൊക്കെ ആസൂത്രണം ചെയ്തു. എന്നാലും പ്രവചനാതീതമായ പലതും വന്നുചേരാമല്ലോ കാലാവസ്ഥ അനിയോജ്യമല്ലാതെയാവാം, പുതിയ അഭിനേതാക്കൾ ഭാഗമായതുകൊണ്ട് ഷോട്ടുകൾക്ക് സമയം കൂടുതൽ വേണ്ടി വന്നേക്കാം, സിങ്ക് സൗണ്ട് പ്രൊജക്റ്റ് ആണ് അതെല്ലാം കണക്കാക്കിയാണ് മുന്നോട്ട് പോയത്. എന്നാൽ എല്ലാം കൃത്യമായി നടന്നു.
ഒമ്പത് ദിവസങ്ങൾ രാത്രിയും പകലുമായാണ് പ്രധാനഭാഗങ്ങളെല്ലാം പൂർത്തിയാക്കിയത്. ചില പാച്ച് ഷൂട്ടുകൾക്കായി മറ്റ് മൂന്ന് ദിവസങ്ങൾ കൂടി വേണ്ടിവന്നു. ഞാൻ തന്നെ നിർമ്മാണം ചെയ്തതുകൊണ്ട് കൃത്യമായ പദ്ധതിയില്ലാതെ പോയാൽ എന്റെ കൈയ്യിൽ നിൽക്കാതെ വരുമായിരുന്നു. പിന്നെ ദൈവാധീനം, എല്ലാം കൃത്യമായി നടന്നതിൽ അങ്ങനെയൊരു ശക്തിയുടെ പിന്തുണയുമുണ്ടായിരുന്നു.
'അപ്പുറം' വ്യക്തിപരം
'നിള' സംഭവിച്ചില്ലായിരുന്നെങ്കിൽ 'അപ്പുറം' ആദ്യം ചെയ്തേനേ. അതിനു മുമ്പ് 'ദായം' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നു. അപ്പുറം എന്നെ സംബന്ധിച്ച് വളരെ വ്യക്തിപരമായ യാത്രകൂടിയാണ്. ഇത്രയും തീവ്രമായ ഒരു കഥപറച്ചിൽ ഇനിയുണ്ടാകുമോ എന്നു പോലും അറിയില്ല. അത്രമാത്രം എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന കഥയും തിരക്കഥയുമാണ്. ആത്മകഥാംശമുണ്ട് ചിത്രത്തിന്.
2012ൽ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചതാണ്. നിള പലസമയങ്ങളിലും മുന്നോട്ട് പോകാതെ വന്നപ്പോൾ ഞാനതിൽ പണം ചെലവാക്കേണ്ടി വന്നു. ചില ലക്ഷങ്ങൾ തന്നെ അതിനെനിക്ക് ചെലവായി. ആ ബാധ്യതകൾ തീർക്കാൻ ഞാൻ രണ്ടാമതും കോർപ്പറേറ്റ് ജോലിയിൽ പ്രവേശിച്ചു. പിന്നെയും ഒരു ഒന്നര വർഷം അത് തുടരേണ്ടി വന്നു. റെക്കോഡിങ് സ്റ്റുഡിയോ അനുവദിച്ച് നൽകാതെയും വിഎഫ്എക്സ് ചെയ്യുന്നതിനുമൊക്കെ വലിയ കാലതാമസം നേരിട്ടു. രാവിലെ ജോലിക്ക് പോയി വൈകിട്ട് ചിത്രാഞ്ജ്ജലിയിൽ ചെന്നിരുന്ന് സിനിമയുടെ ജോലികൾ തീർക്കുകയാണ് ചെയ്തിരുന്നത്.
എഴുത്താണ് എനിക്കെന്നും പ്രിയപ്പെട്ടത്. എഴുതാനും കുട്ടികൾക്കൊപ്പം സമയം ചെലവിടാനുമായിരുന്നു ജോലി വേണ്ടെന്നുവച്ചത്. എനിക്ക് വേണ്ടത് അതാണെന്ന ബോധ്യമുണ്ടായതുകൊണ്ടാണ് ജോലി വിടാമെന്ന് തീരുമാനിച്ചത്. ശേഷം ചില ഷോർട്ട്ഫിലിമുകൾ ചെയ്തു. 'ഉത്തരക്കടലാസ്' പോലെ ചിലത് ദേശീയ അന്തർദേശീയ തലത്തിൽ ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെട്ടു.
എല്ലാം രഹസ്യമായിരുന്നു
'നിള'യുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‍നങ്ങൾ എന്റെ ആത്മാവിനെ തന്നെ തകർത്തുകളയുന്നതായിരുന്നു. അതിൽ നിന്ന് മറ്റൊരു സിനിമ ചെയ്തു തന്നെ പുറത്തു വരണമായിരുന്നു. അവർ തന്ന കുറേ വേദനകളും അപമാനങ്ങളുമുണ്ട്. ഒരു മനുഷ്യജീവി എന്ന നിലയിൽ അതെനിക്ക് കൊണ്ടുനടക്കാവുന്നതിലും അപ്പുറമായിരുന്നു. നിളയോടു കൂടി അവസാനിപ്പിക്കാനാകുമായിരുന്നില്ല. മറ്റൊരു സിനിമ ചെയ്‍ത് അതിൽ നിന്ന് പുറത്തുവരികയല്ലാതെ നിവൃത്തിയുണ്ടായില്ല. ജെർമനിയിലേയ്ക്ക് താമസം മാറുകയാണ് ഞങ്ങൾ. അതിനു മുമ്പേ എല്ലാം പൂർത്തിയാക്കണമായിരുന്നു.
നേരിട്ടും അല്ലാതെയും കെഎസ്എഫ്‍ഡിസിയിൽ നിന്നും അവിടുത്തെ ചിലയാളുകളിൽ നിന്നും ഭീഷണിയുണ്ടായി. ഇരയാക്കപ്പെട്ടയാളായി മടങ്ങാൻ എനിക്കാകില്ല. അതുകൊണ്ടാണ് ഞാൻ തന്നെ പണം കണ്ടെത്തി സിനിമ ചെയ്തത്. എന്റെ ടീം വിശ്വസിച്ച് കൂടെ നിന്നതുകൊണ്ട് കൂടിയാണ് എനിക്കിത് സാധ്യമായത്. ബിജിപാൽ സംഗീതം, അപ്പു ഭട്ടതിരി എഡിറ്റിങ്, രാകേഷ് തരൺ ക്യാമറ ചെയ്‍തു, മൂന്നുപേരും സിനിമയുടെ കോ-പ്രൊഡ്യൂസേഴ്‍സ് കൂടിയാണ്. ജോലികൾക്കപ്പുറം മൂന്നുപേരും അവരുടെ ഹൃദയം കൂടി സമർപ്പിച്ച സിനിമയാണ് 'അപ്പുറം'. ഞങ്ങളുടെ സിനിമയോട് വലിയ സ്നേഹവും പരിഗണനയും ഉണ്ടായിരുന്നു. ഇതെന്റെ അതിജീവനത്തിൽ വലിയ മാനസിക പിന്തുണയുമായി.
ഞാൻ രണ്ടാമതും സിനിമ ചെയ്യുന്നുവെന്ന് അറിഞ്ഞ് കെഎസ്എഫ്‍ഡിസിയിൽ നിന്നൊരാൾ ടീമിലൊരാളെ വിളിച്ചിരുന്നു. എന്തെങ്കിലും പ്രശ്‍നമുണ്ടാകുമോ, ചെയ്യുന്ന സിനിമയേക്കുറിച്ചുള്ള വിവരങ്ങൾ അറിയണം എന്നായുരുന്നു ആവശ്യം. അപ്പുറം ചിത്രീകരണം പുരോഗമിക്കവെയായിരുന്നു അത്. ഞാൻ പരിഭ്രമിക്കുമെന്ന് അറിയുന്നതുകൊണ്ടു തന്നെ അപ്പോൾ അവരതെന്നോട് പറഞ്ഞില്ല. സിനിമ സെൻസറിങ് കഴിഞ്ഞതിനു ശേഷമാണ് ഇതേക്കുറിച്ചറിയിച്ചത്. രഹസ്യ സ്വഭാവം ഷൂട്ടിങ് സമയത്തും അതുകഴിഞ്ഞുമെല്ലാം സൂക്ഷിച്ചിരുന്നു. 'അപ്പുറം' എന്ന പേരുപോലും പുറത്തുവിട്ടില്ല. ചിത്രീകരണ വേളയിൽ സിനിമയ്ക്ക് മറ്റൊരു പേരായിരുന്നു. ഐഎഫ്എഫ്കെയിൽ തെരഞ്ഞെടുക്കപ്പെടുമ്പോഴാണ് എല്ലാവരും അറിയുന്നത്. ദൈവാധീനം എന്നുതന്നെയാണ് വിശ്വസിക്കുന്നത്. എല്ലാം, എല്ലാവരും എനിക്കൊപ്പം നിന്നു.
ചിത്രീകരണ വേളയിൽ
'എ ബ്ലെൻഡ് ഓഫ് സൈലൻസ് ആൻഡ് മ്യൂസിക്'
അനന്തപുരി ഹോസ്പിറ്റൽ, കോവളത്തെയും വെങ്ങാനൂരെയും ഓരോ വീടുകൾ, ലൊയോള സ്‍കൂൾ അങ്ങനെ തിരുവനന്തപുരമായിരുന്നു ലൊക്കേഷൻ. നിളയിലേതിന് സമാനമായി അപ്പുറവും സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണ്. പാട്ടുകൾ എന്ന തരത്തിലല്ല. പ്രേക്ഷകർക്ക് അറിയാനാകാത്തത് പോലെയാകും ഇതിൽ സംഗീതമെത്തുക. 'ഇറ്റ്സ് എ ബ്ലെൻഡ് ഓഫ് സൈലൻസ് ആൻഡ് മ്യൂസിക്', സംഗീതത്തിനൊപ്പം നിശബ്‍ദതയ്ക്കും പ്രാധാന്യമുണ്ടാകും. കഥാപാത്രങ്ങളുടെ വികാരങ്ങളാണ് എന്നെ അപ്പുറത്തിന്റെ കഥ പറയാൻ പ്രേരിപ്പിച്ചത്. നിളയിൽ നിന്ന് തീർത്തും വ്യത്യസ്‍തമാണ്, വൈകാരികമാണ് അപ്പുറം.
ഇന്ദു ലക്ഷ്മി
അതിജീവനം 'അപ്പുറം'
ഞാൻ ജീവിച്ചിരിക്കുന്നുവെന്നുള്ള എന്നോടു തന്നെയുള്ള ബോധ്യപ്പെടുത്തലായിരുന്നു അപ്പുറം. ഇത്രയധികം മുറിവുകളുമായി മറ്റൊരു ദിവസത്തേക്ക് പോലും കടക്കുന്നത് എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ഞങ്ങൾ മൂന്നുപേർ, ഞാനും മിനി ഐ ജിയും വി എസ് സനോജും കെഎസ്എഫ്‍ഡിസിയെക്കുറിച്ച് സംസാരിച്ചു, തുറന്നെഴുതി, പരാതി പറഞ്ഞു. എന്നിട്ടും അവിടെയൊന്നും മാറിയിട്ടില്ല. എത്ര നിസ്സഹായരാണെന്ന തിരിച്ചറിവിലൂടെ കൂടിയാണ് കടന്നു പോയത്. ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത് പോലെ 'ആർട്ട് ഈസ് സെൽഫ് ഹീലിങ്'. ഈ അവസ്ഥയിൽ മറ്റൊരു സിനിമ ചെയ്തില്ലായിരുന്നെങ്കിൽ എനിക്കെന്താണ് സംഭവിക്കുക എന്ന് പോലും അറിയില്ല. എന്നെ ജീവിപ്പിച്ചെടുക്കുക എന്നതാണ് അപ്പുറം കൊണ്ട് ഉദ്ദേശിച്ചത്. എന്നാലാകും വിധം സിനിമയെ പൂർണ്ണതയിലെത്തിച്ചിട്ടുണ്ട്. ഇനിയാണ് എന്റെ 'ഹീലിങ്' തുടങ്ങാൻ പോകുന്നത്.