സൂക്ഷ്മദർശിനി: സിനിമ എന്ന 'ഹാപ്പി സ്പേസ്'; ജനനി റാം അഭിമുഖം
"സത്യത്തിൽ എന്റെ കോൺഫിഡൻസ് കൂട്ടാൻ ഞാൻ ചെയ്ത ഒരു പരിപാടിയാണ് അഭിനയം എന്നാണ് തോന്നുന്നത്."
“സൂക്ഷ്മദർശിനി” കണ്ടു കഴിഞ്ഞവർക്ക് ജനനി റാമിനെ തിരിച്ചറിയാനാകും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ മികച്ചതെന്ന് വിധിയെഴുതിയ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തതിന്റെ സന്തോഷം ജനനിക്ക് ഉണ്ട്. “ ‘ഡിയർ ഫ്രണ്ട്’ ആയിരുന്നു ആദ്യ സിനിമ. അതിന്റെ തുടക്കത്തിൽ സൈക്കോളജിസ്റ്റായ ദർശന രാജേന്ദ്രന്റെ രോഗിയായി ഒരു ചെറിയ വേഷം”
“ഡിയർ ഫ്രണ്ട്” നിർമ്മിച്ച ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ് “സൂക്ഷ്മദർശിനി” എടുത്തപ്പോൾ, ജനനി വീണ്ടും ഓഡിഷന് ശ്രമിച്ചു.
“ഞാൻ ഒരിക്കലും വിചാരിച്ചതല്ല ഒരു സിനിമയിൽ അഭിനയിക്കും എന്ന്. ‘ഡിയർ ഫ്രണ്ട്’ ഷൂട്ട് നടക്കുമ്പോൾ ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കൾ എല്ലാവരും കൂടെ ഉന്തിത്തള്ളിയാണ് ഞാൻ ഹാപ്പി അവേഴ്സ് ക്രൂവിന്റെ മുന്നിൽ ഓഡിഷന് പോയത്. വളരെ കാഷ്വലായിട്ട്. ഓഡിഷൻ കഴിഞ്ഞ് അവർ ഒ.കെ പറഞ്ഞപ്പോൾ കോൺഫിഡൻസ് കൂടി. സത്യത്തിൽ എന്റെ കോൺഫിഡൻസ് കൂട്ടാൻ ഞാൻ ചെയ്ത ഒരു പരിപാടിയാണ് അഭിനയം എന്നാണ് തോന്നുന്നത്. പിന്നെ ഒരു ഹാപ്പി സ്പേസ് ആയിട്ട് ഇത് തോന്നിയപ്പോൾ ഓഡിഷൻ ഒക്കെ ചെയ്യാം എന്ന് കരുതി. അങ്ങനെയാണ് സൂക്ഷ്മദർശിനിയിൽ എത്തിയത്.”
“സൂക്ഷമദർശിനി”യിലെ പ്രകടനത്തിലും ഷൂട്ടിങ് അനുഭവത്തിലും ജനനി ഹാപ്പിയാണ്. “എല്ലാവരും വളരെ നല്ല പിന്തുണയാണ് തന്നത്. ഷൂട്ടിങ്ങ് സെറ്റിൽ തമാശയുണ്ട്, അതുപോലെ തന്നെ എല്ലാവരും പ്രൊഫഷണലുമാണ്.” ജനനി പറയുന്നു.
“എന്നെപ്പോലെ പുതിയ ആളുകൾ ഒന്നോ രണ്ടോ പേരെയുള്ളൂ. എല്ലാവരും ഔട്ട്പുട്ട് നന്നാകാൻ എത്ര ടേക്ക് വേണമെങ്കിലും പോകാം എന്ന് പറയും. ചിലപ്പോൾ എല്ലാവരെയും കാണുമ്പോൾ എനിക്ക് ടെൻഷനാകും. അപ്പോൾ ഷൈജു ഖാലിദ് ആയിക്കോട്ടെ, ബേസിലാകട്ടെ, കോട്ടയം രമേശേട്ടനാകട്ടെ എല്ലാവരും അടുത്ത് വന്ന് പറയും, എത്ര ടേക്ക് വേണമെങ്കിലും പോകാം. അതൊരു ആത്മവിശ്വാസമായിരുന്നു.”
തന്റെ കഥാപാത്രം വളരെ നന്നായാണ് എഴുതിയിരുന്നതെന്നും ജനനി ഓർക്കുന്നു. “ഒരുപാട് സമയമെടുത്താണ് ഈ സിനിമ അവർ ഈ പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചത്. ഒരു ബോൾഡായ സ്വതന്ത്രയായ പെൺകുട്ടിയുടെ വേഷമാണ് എന്റെത്. അത് അത്ര നന്നായാണ് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ വളരെക്കുറിച്ച് മാറ്റങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ.”
സാരിയാണ് ജനനിയുടെ ജീവിതത്തിലെ ആദ്യ ഇഷ്ടം. സ്വന്തമായി, യഥാർത്ഥ കലാകാരന്മാരിൽ നിന്നും കൈത്തറി സാരികൾ ശേഖരിച്ച് വിൽക്കുന്ന ഭൂമി ക്ലോത്തിങ് എന്ന സംരംഭം നടത്തുകയാണ് ജനനിയിപ്പോൾ. ജനനിയുടെ സാരിയുടെ ഫാൻസായ സുഹൃത്തുക്കൾ തന്നെയാണ് സ്വന്തമായി സംരംഭം തുടങ്ങാൻ നിർബന്ധിച്ചത്.
“എന്റെ അമ്മ അധ്യാപികയാണ്. കുട്ടിക്കാലം മുതലെ കാണുന്ന ഒരു കാഴ്ച്ച അമ്മ നന്നായി സാരിയുടുത്ത് സ്കൂളിൽ പോകുന്നതാണ്. അത് കണ്ട് ഇഷ്ടം തോന്നി. പിന്നെ എനിക്ക് ഉയരമുണ്ട്, മെലിഞ്ഞിട്ടാണ്. സാരി എനിക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്.”
തൃശ്ശൂർ സ്വദേശിയായ ജനനി കാലിക്കറ്റ് എൻ.ഐ.ടിയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് ആർക്കിടെക്റ്റായി ബാംഗ്ലൂരിൽ ജോലി ചെയ്തു. ഇപ്പോൾ ഭൂമി ക്ലോത്തിങ്ങിനും സിനിമയ്ക്കും വേണ്ടി സ്ഥിരമായി കൊച്ചിയിൽ താമസിക്കുന്നു. സിനിമയും സംരംഭവും ഒരുമിച്ച് കൊണ്ടുപോകാനാണ് ജനനിയുടെ ആഗ്രഹം.
“എല്ലാ സ്വാഭാവികമായാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്. സിനിമ എനിക്ക് ഒരു പുതിയ കണ്ടെത്തലാണ്. തൽക്കാലം ഒഴുക്കിനൊപ്പം പോകാം. പക്ഷേ, എനിക്ക് ഇഷ്ടമാണ്, കൂടുതൽ നല്ല വേഷങ്ങൾ ചെയ്യാൻ.”