വ്യോമസേനയിൽ ഒഴിവ്; വനിതകൾക്കും അവസരം; 30ന് അകം ഓൺലൈൻ അപേക്ഷ
ഓഗസ്റ്റ് 28, 29, 30 തീയതികളിൽ ഓൺലൈനായി നടത്തുന്ന എയർഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്‌റ്റിന് (AFCAT) 30ന് അകം ഓൺലൈൻ അപേക്ഷ നൽകണം.
ദില്ലി: ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കലും നോൺ–ടെക്നിക്കലും) ശാഖകളിൽ 334 കമ്മിഷൻഡ് ഓഫിസർമാരുടെ ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം. ഫ്ലയിങ് ബ്രാഞ്ചിൽ 14 വർഷത്തേക്കുള്ള ഷോർട് സർവീസ് കമ്മിഷനാണ്. ഗ്രൗണ്ട് ഡ്യൂട്ടിയിൽ പെർമനന്റും ഷോർട് സർവീസുമുണ്ട്. ഓഗസ്റ്റ് 28, 29, 30 തീയതികളിൽ ഓൺലൈനായി നടത്തുന്ന എയർഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്‌റ്റിന് (AFCAT) 30ന് അകം ഓൺലൈൻ അപേക്ഷ നൽകണം.
എൻസിസി സ്പെഷൽ എൻട്രി, മിറ്റിരിയോളജി എൻട്രി എന്നിവയിലേക്കും അപേക്ഷിക്കാം. അക്കൗണ്ട്സ് ബ്രാഞ്ചില്ല. ബിടെക്കിനോടൊപ്പം മറ്റു ബിരുദധാരികൾക്കും അവസരമുണ്ട്. 2022 ജൂലൈ ഒന്നിനു ഫ്ലയിങ് ബ്രാഞ്ചിലേക്ക് 20–24 വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടിക്ക് 20–26 വയസ്സ് എന്നിങ്ങനെയാണു പ്രായ നിബന്ധനകൾ.
25 വയസ്സിൽ താഴെയുള്ളവർ അവിവാഹിതരായിരിക്കണം. ഗ്രൗണ്ട് ഡ്യൂട്ടിക്കു ശ്രമിക്കുന്നവർ എൻജിനീയറിങ് നോളജ് ടെസ്റ്റിലും (EKT) പങ്കെടുക്കണം. 2 മണിക്കൂർ ഓൺലൈൻ അഫ്കാറ്റിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഒബ്ജക്ടീവ് പരീക്ഷയാണ്. തെറ്റിനു മാർക്ക് കുറയ്ക്കും. തിരുവനന്തപുരം, കൊച്ചി, തൃശൂർ കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഓൺലൈൻ ടെസ്റ്റിൽ മികവുള്ളവർ ഓഫിസർ ഇന്റലിജൻസ് റേറ്റിങ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ചർച്ച, മനഃശാസ്ത്ര പരിശോധന തുടങ്ങിയവയിലും സാമർഥ്യം തെളിയിക്കണം. ഫ്ലയിങ് ബ്രാഞ്ചുകാർ പൈലറ്റ് അഭിരുചിപരീക്ഷയിലും വിജയിക്കണം.https://afcat.cdac.in എന്ന വെബ്സൈറ്റിൽ പൂർണ വിവരങ്ങളുണ്ട്. ഫോൺ: 020 - 25503105, ഇ–മെയിൽ: afcatcell@cdac.in