വിദ്യാർഥികളെ റഷ്യ വഴി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.

Urgent action should be taken to get students out of Russia Chief minister Pinarayi Vijayan

തിരുവനന്തപുരം:  യുക്രൈനിലെ യുദ്ധമേഖലയിൽ (Ukraine Crisis) കുടുങ്ങിയ വിദ്യാർഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് (Pinarayi Vijayan) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിദ്യാർഥികൾക്ക് പുറത്തു കടക്കാൻ മാനുഷിക പരിഗണന മുൻനിർത്തി സുരക്ഷിത പാത (Humanitarian Corridor) ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യൻ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.

ഒഴിപ്പിക്കൽ നടപടികൾ പ്രധാനമായും കീവ് ഉൾപ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറൻ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ കാർക്കീവ്, സുമി തുടങ്ങിയ യുക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അവിടങ്ങളിൽ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു നഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നില്ല. അതിന്റെ അഭാവത്തിൽ പല വിദ്യാർഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇത് അവരുടെ ജീവനു വലിയ വെല്ലുവിളിയാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.  

ബങ്കറുകളിലെ വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും കിഴക്കൻ മേഖലകളിലുള്ളവരെ റഷ്യയിലൂടെ ഒഴിപ്പിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്നും ഫെബ്രുവരി 27ന് അയച്ച കത്തിൽ അഭ്യർഥിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായ കേന്ദ്രസർക്കാർ ഇടപെടലുകൾക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അതിലൂടെ 244 വിദ്യാർഥികളാണ് ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. യുക്രൈനിൽ ഇപ്പോഴും അകപ്പെട്ടിരിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നതായി അവർക്ക് ഉറപ്പു നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസം തന്നെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യുക്രൈയിനിലെ ഇന്ത്യൻ എംബസിയുടെയും വിദേശകാര്യവകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും ഒക്കെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഇതിനകം 187 മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ തിരിച്ചെത്തുന്നവരെ ഡെൽഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച് ലെയ്സൺ ഓഫീസറുടെ ചുമതലയും നൽകി. 

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈയിനിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എല്ലാവരും രാപകൽ ഇല്ലാതെ പരിശ്രമിച്ചു വരികയാണ്.  ഈ ഘട്ടത്തിൽ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടർത്താതെ ചുറ്റുമുള്ളവർക്ക് പ്രതീക്ഷ നൽകാനും  കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു ഘട്ടത്തിൽ മലയാളി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. അവിടെ അകപ്പെട്ടിരിക്കുന്ന കുട്ടികൾക്കും അവരുടെ ഉറ്റവർക്കും ധൈര്യം പകരാൻ നമുക്ക് കഴിയണം. നാം പകർന്നു നൽകുന്ന കരുത്ത് തീർച്ചയായും അവരെ സംബന്ധിച്ച് ഇപ്പോൾ വളരെ വിലപ്പെട്ടതാണ്. പരമാവധി സംയമനത്തോടെ ഈ ഘട്ടത്തെ അഭിമുഖീകരിക്കുക എന്നതാണ് നാമോരോരുത്തരും ഇപ്പോൾ ചെയ്യേണ്ടത്. 

ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ukraineregistration.norkaroots.org എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യണം. നോർക്ക റൂട്ട്സിന്റെ 1 800 425 3939 എന്ന നമ്പരിൽ എപ്പോഴും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും ആ കൺട്രോൾ റൂം പ്രവർത്തിക്കുണ്ട്. അവിടെ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ തന്നെ വിദേശകാര്യ വകുപ്പിനെയും യുക്രൈയിനിലെ ഇന്ത്യൻ എംബസിയെയും അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios