കൊവിഡ് വാക്സിന്‍ സ്വീകരിച്ചില്ല; ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥിയെ വിലക്കി സര്‍വ്വകലാശാല

കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വ്വകലാശാലയുടെ വാക്സിന്‍ നയത്തില്‍ വന്ന മാറ്റമാണ് ലോഗന്‍റെ ഓണ്‍ലൈന്‍ പഠനത്തിന് വിലക്കായത്. മതപരമായും ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഇല്ലാത്ത എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ അടക്കം വാക്സിന്‍ എടുക്കണമെന്നായിരുന്നു സര്‍വ്വകലാശാലയിലെ പുതിയ നയം

University bars unvaccinated student from attending online classes

കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ത്ഥിയെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ സര്‍വ്വകലാശാല. അമേരിക്കയിലെ ന്യൂജേഴ്സിയിലെ പ്രശസ്ത സര്‍വ്വകലാശാലയായ റട്ഗേര്‍സിനെതിരെയാണ് 22 കാരനായ വിദ്യാര്‍ത്ഥി ആരോപണവുമായി എത്തിയിരിക്കുന്നത്. ന്യൂജേഴ്സിയിലെ സസെക്സിലെ വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ലഭിച്ചിരിക്കുകയാണെന്നാണ് ലോഗന്‍ ഹോളര്‍ എന്ന വിദ്യാര്‍ത്ഥി ആരോപിക്കുന്നത്. സൈക്കോളജി വിദ്യാര്‍ത്ഥിയാണ് ലോഗന്‍ ഹോളര്‍. 2020ലാണ് ലോഗന്‍ റട്ഗേര്‍സിലെത്തുന്നത്.

കോഴ്സിന് ചേര്‍ന്ന് കഴിഞ്ഞ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി നേടിയ ശേഷമാണ് എല്ലാ വിദ്യാര്‍ത്ഥികളും കൊവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന സര്‍വ്വകലാശാലാ നിര്‍ദ്ദേശം ലഭിക്കുന്നതെന്ന് ലോഗന്‍ പറയുന്നു. സര്‍വ്വകലാശാലയിലെ  എല്ലാ ക്യാംപസുകള്‍ക്കും ബാധകമാവുന്ന തരത്തിലായിരുന്നു ഈ നിര്‍ദ്ദേശമെത്തിയത്. എന്നാല്‍ വീടുകളിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വ്വകലാശാലയുടെ വാക്സിന്‍ നയത്തില്‍ വന്ന മാറ്റമാണ് ലോഗന്‍റെ ഓണ്‍ലൈന്‍ പഠനത്തിന് വിലക്കായത്. മതപരമായും ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഇല്ലാത്ത എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ അടക്കം വാക്സിന്‍ എടുക്കണമെന്നായിരുന്നു സര്‍വ്വകലാശാലയിലെ പുതിയ നയം.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ വാക്സിന്‍ എടുത്തതിന്‍റെ രേഖ സമര്‍പ്പിക്കണമെന്നും സര്‍വ്വകലാശാല വ്യക്തമാക്കുകയായിരുന്നു.  എന്നാല്‍ താന്‍ വാക്സിന്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ലോഗനുള്ളത്. തനിക്ക് ആരോഗ്യമുണ്ടെന്നും എന്നും വ്യായാമം ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കൊവിഡ് വരുമെന്ന ഭയമില്ല. വാക്സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധം മൂലമാകരുതെന്നാണ് ലോഗന്‍ പറയുന്നത്.

ഓഗസ്റ്റ് 6 ന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ലോഗന്‍ മാധ്യമങ്ങളോട് പറയുന്നു. വാക്സിന്‍ എടുത്തത് സംബന്ധിച്ച ഒരു സര്‍വ്വേ നടന്നിരുന്നു അതിന് ശേഷമാണ് തനിക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും ഈ 22 കാരന്‍ പറയുന്നു. ഓഗസ്റ്റ് 27ന് ഫീസടക്കാനുള്ള ശ്രമവും ഫലം കണ്ടില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ വാക്സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സര്‍വ്വകലാശാല വക്താവ് വിശദമാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios