തിരുവനന്തപുരം ഗവ. ലോ കോളേജിലെ സായാഹ്ന എൽഎൽബി കോഴ്സ് അവസാനിപ്പിച്ചു, ആശങ്കയോടെ വിദ്യാർത്ഥികൾ
പാർട് ടൈം ബാച്ചുകൾ പാടില്ലെന്ന ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴ്സ് നിർത്തിയത്. ബാർ കൗൺസിൽ നിർദ്ദേശം സ്വകാര്യ നിയമ പഠന കേന്ദ്രങ്ങളെ സഹായിക്കാനെന്നാണ് ആക്ഷേപം.
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കൊളേജിലെ സായാഹ്ന എൽഎൽബി കോഴ്സ് അവസാനിപ്പിച്ചു. പാർട് ടൈം ബാച്ചുകൾ പാടില്ലെന്ന ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴ്സ് നിർത്തിയത്. ബാർ കൗൺസിൽ നിർദ്ദേശം സ്വകാര്യ നിയമ പഠന കേന്ദ്രങ്ങളെ സഹായിക്കാനെന്നാണ് ആക്ഷേപം.
ജോലി തിരക്കിൽ റെഗുലർ പഠനത്തിന് കഴിയാത്തവർക്കും പ്രായ പരിധി കടന്നവർക്കും നിയമപഠനം സാധ്യമാക്കാനാണ് 2014ൽ സ്വാശ്രയ പാർട് ടൈം കോഴ്സ് സർക്കാർ ലാ കൊളേജ് തുടങ്ങിയത്. പഠനത്തിന്‍റെ നിലവാരം ഉറപ്പാക്കാൻ പാർട്ട് ടൈം കോഴ്സുകൾ പാടില്ലെന്ന ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡം വന്നപ്പോഴും തിരുവനന്തപുരം ലോ കോളേജിൽ കോഴ്സ് തുടർന്നിരുന്നു. എന്നാൽ അദ്ധ്യയന നിലവാരമുയർത്താൻ നിശ്ചിത സമയ ക്രമം ഉറപ്പാക്കാൻ ഏഴ് മണിക്ക് ശേഷമുള്ള ക്ലാസുകൾ പാടില്ലെന്ന നിബന്ധനയോടെ ബാർ കൗണ്‍സിൽ മാനദണ്ഡം പുതുക്കി. ഇതോടെ ലോ കോളേജിലെ കോഴ്സിനും പൂട്ട് വീണു.
നിർദ്ദേശങ്ങൾ ലംഘിച്ചത് കൊണ്ട് ലോ കോളേജിൽ നിന്നും മുമ്പ് കോഴ്സ് പൂർത്തിയാക്കിയവർക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ അനുവദിച്ചിരുന്നില്ല. സ്വാശ്രയ സ്ഥാപനമായ ലോ അക്കാദമിയും സായാഹ്ന കോഴ്സ് നടത്തിയിരുന്നു. ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യാ നിബന്ധനകൾ തടസമായതോടെ അദ്ധ്യയന സമയം പുനക്രമീകരിച്ചാണ് ഇത് മറികടന്നത്. രാവിലെയും വൈകിട്ട് ഏഴ് മണിക്ക് മുന്നെയും രണ്ട് ഷെഡ്യൂളിൽ റഗുലർ പഠനമായി തന്നെ ജോലി ചെയ്യുന്നവർക്ക് പഠന സൗകര്യം ഒരുക്കി. അത്തരം സമാന്തര ക്രമീകരണം സർക്കാർ ലോ കോളേജിൽ ഒരുക്കിയില്ല. മറിച്ച് കോഴ്സ് അവസാനിപ്പിച്ച് പൂർണ്ണമായി പിന്മാറുകയാണ് സർക്കാർ. ഇതിന്‍റെ ഗുണം ലഭിക്കുന്നത് ലോ അക്കാദമിക്കും.