റിപ്പബ്ലികദിന പരേഡ്; ചരിത്ര നേട്ടം കൈവരിച്ച് ഗോത്രവിഭാഗത്തിൽ നിന്നുള്ള വയനാടുകാരന്‍ സുനീഷ്
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായതിന്റെ മാത്രമല്ല, ഒരു ചരിത്ര നേട്ടത്തിന്റെ തുടക്കക്കാരനാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സുനീഷ്.
ഒരു ചരിത്രനേട്ടത്തിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വയനാട് ജില്ലയിൽ നിന്നുള്ള സുനീഷ് എന്ന വിദ്യാർത്ഥി. ഈ വർഷം റിപ്പബ്ലിക ദിന പരേഡിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്നത് ഗോത്രവിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിയായ പി കെ സുനീഷാണ്. ചെതലയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിലെ രണ്ടാം വർഷ സോഷ്യോളജി ബിരുദ വിദ്യാർത്ഥിയാണ് സുനീഷ്. കേരളത്തിൽ നിന്നും റിപ്പബ്ലിക ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച എട്ട് പേരിൽ ഒരാളാണ് കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ട ഈ യുവാവ്.
''എൻഎസ്എസ് വോളണ്ടിയേഴ്സിനെയാണ് തെരഞ്ഞെടുക്കുന്നത്. ഞങ്ങളുടെ കോളേജിൽ നിന്ന് 2 പേരെയാണ് സെലക്റ്റ് ചെയ്തത്. വയനാട് സുൽത്താൻ ബത്തേരിയിലെ സെന്റ് മേരീസ് കോളേജിൽ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്. 54 പേർ പങ്കെടുത്തു. അതിൽ ഒരു പെൺകുട്ടിയെയും ഒരു ആൺകുട്ടിയെയും തെരഞ്ഞെടുത്തു. പരേഡ്, കൾച്ചറൽ പ്രോഗ്രാംസ്, ഇന്റർവ്യൂ തുടങ്ങി നിരവധി ഇവന്റ്സിന് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. പിന്നീട് തിരുവനന്തപുരത്ത് വെച്ചും സെലക്ഷനുണ്ടായിരുന്നു. എല്ലാ ജില്ലകളിൽ നിന്നുമായി കേരളത്തിൽ നിന്നും 8 പേരെയാണ് തെരഞ്ഞെടുത്തത്. അതിലൊരാൾ ഞാനാണ്.'' സുനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.
വയനാട് ജില്ലയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സെലക്ഷൻ പരിപാടി സംഘടിപ്പിക്കുന്നതെന്നും സുനീഷ് കൂട്ടിച്ചേർത്തു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായതിന്റെ മാത്രമല്ല, ഒരു ചരിത്ര നേട്ടത്തിന്റെ തുടക്കക്കാരനാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സുനീഷ്. ''പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമുണ്ട്. വയനാട് ജില്ലയിൽ ആദ്യമായിട്ട് നടക്കുന്ന സംഭവത്തിൽ ഭാഗമാകാൻ സാധിച്ചു. അധ്യാപകർക്കെല്ലാം വളരെ സന്തോഷമാണ്. കാരണം ഞങ്ങളുടെ കോളേജിന്റെ കൂടെ നേട്ടമാണ് ഇത്. എൻഎസ്എസിന്റെ പ്രോഗ്രാം ഓഫീസർ ഷെഫീഖ് സാറാണ്. ഈ നേട്ടത്തിന് പിന്നിൽ അവരുടെ പിന്തുണയും സഹായവുമുണ്ട്.''
ഒന്നാം ക്ലാസുമുതൽ 12ാം ക്ലാസ് വരെ കാട്ടുനായ്ക്ക വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് മാത്രമായിട്ടുള്ള രാജീവ് ഗാന്ധി ആശ്രമ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലായിരുന്നു സ്കൂളിലായിരുന്നു പഠനം. സ്വീകരണം നൽകിയാണ് പരേഡില്‍ പങ്കെടുക്കാന്‍ അയച്ചതെന്നും സുനീഷ് അഭിമാനത്തോടെ പറയുന്നു. ചീയമ്പം 73 കോളനിയിലാണ് സുനീഷിന്റെ കുടുംബം. വീട്ടിൽ അമ്മയും ചേച്ചിയും അനിയനുമുണ്ട്. ആർമി ഓഫീസറാകണമെന്നാണ് സുനീഷിന്‍റെ ആഗ്രഹം.