UPSC CSE : 12ാം ക്ലാസിൽ കണക്കിനും പിന്നീട് ബിരുദത്തിനും തോറ്റു; 48ാം റാങ്കോടെ ഐഎഎസ്; പ്രചോദനമാണ് അനുരാഗ്
ബിരുദപഠനത്തിൽ പരാജയപ്പെട്ട വ്യക്തിയായിരുന്നു അനുരാഗ് കുമാർ. എന്നാൽ ഈ പരാജയം അദ്ദേഹത്തിന് വിജയത്തിലേക്കുള്ള വഴി തെളിച്ചു.
വിജയത്തിലേക്കുള്ള വഴി ലളിതമല്ല. ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കണം. കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് മാത്രമേ വിജയം ലഭിക്കൂ എന്ന് തെളിയിച്ച (Anurag Kumar) അനുരാഗ് കുമാറിന്റെ വിജയഗാഥയെക്കുറിച്ച് അറിയാം. ഈ യുവ ഉദ്യോഗസ്ഥന്റെ ജീവിതം നമ്മളെ അത്ഭുതപ്പെടുത്തും. പരാജയത്തിൽ തളർന്നില്ല എന്നത് മാത്രമല്ല ഈ യുവാവിന്റെ പ്രത്യേകത. മറിച്ച് പരാജയത്തിൽ ഇരട്ടി കരുത്തോടെ വിജയത്തിലേക്ക് ഓടിയെത്തി എന്നതും കൂടിയാണ്.
ബിരുദപഠനത്തിൽ പരാജയപ്പെട്ട വ്യക്തിയായിരുന്നു അനുരാഗ് കുമാർ. എന്നാൽ ഈ പരാജയം അദ്ദേഹത്തിന് വിജയത്തിലേക്കുള്ള വഴി തെളിച്ചു. (IAS Officer) ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകാൻ അനുരാഗ് തീരുമാനിച്ചു. ഈ തീരുമാനം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ആദ്യ തവണ യുപിഎസ്‍സി പരീക്ഷയിൽ മികച്ച രീതിയിൽ വിജയിച്ചെങ്കിലും അതിൽ തൃപ്തനാകാതെ രണ്ടാം തവണയും പരീക്ഷയെഴുതി. രണ്ടാമത്തെ ശ്രമത്തിൽ, 2018 ൽ 48-ാം റാങ്ക് നേടി ഐഎഎസ് ഓഫീസറായി.
ബീഹാറിലെ കതിഹാർ ജില്ലയിൽ നിന്നുള്ള അനുരാഗ് കുമാർ എട്ടാം ക്ലാസ് വരെ പഠിച്ചത് ഹിന്ദി മീഡിയം സ്‌കൂളിലാണ്. അതിനുശേഷം ഇംഗ്ലീഷ് മീഡിയത്തിൽ പ്രവേശനം ലഭിച്ചു. ഈ സമയത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു. ആദ്യം മുതൽ ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു അനുരാഗ്. എന്നാൽ ഒരു കാര്യം തീരുമാനിച്ചാൽ അത് നേടിയെടുക്കുമെന്നുള്ള നിശ്ചദാർഢ്യം തനിക്കുണ്ടായിരുന്നു എന്നും അനുരാഗ് പറയുന്നു.
പത്താം ക്ലാസ് ബോർഡ് പരീക്ഷകൾക്കായി കഠിനാധ്വാനം ചെയ്ത് പഠിച്ച്, 90% മാർക്ക് നേടി വിജയിച്ചു. എന്നാൽ 12-ാം ക്ലാസിൽ കണക്ക് പരീക്ഷയിൽ പരാജയപ്പെട്ടു. പിന്നീട് തീക്ഷ്ണമായി തയ്യാറെടുത്ത് 90 ശതമാനത്തിലധികം മാർക്ക് നേടി. ഇതിന് ശേഷം ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ പ്രവേശനം നേടി. എന്നാൽ മുന്നോട്ടുള്ള വഴി അനുരാഗിന് എളുപ്പമായിരുന്നില്ല. ബിരുദപഠനത്തിൽ പല വിഷയങ്ങളിലും പരാജയപ്പെട്ടു. പിന്നീട് എങ്ങനെയോ ബിരുദം നേടി ബിരുദാനന്തര ബിരുദ കോഴ്‌സിന് പ്രവേശനം നേടി.
അനുരാഗ് കുമാർ വീണ്ടും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ബിരുദാനന്തര ബിരുദ സമയത്ത് യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കാൻ തീരുമാനിച്ചു. പി.ജി കഴിഞ്ഞ് തികഞ്ഞ അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും യു.പി.എസ്.സി.ക്ക് തയ്യാറെടുക്കാൻ തുടങ്ങി. കഷ്ടപ്പെട്ട് പഠിച്ചു, കുറിപ്പുകൾ ഉണ്ടാക്കി, 2017-ലെ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി യോഗ്യത നേടി. 677-ാം റാങ്കായിരുന്നു അനുരാഗിന്റെത്. റാങ്കിൽ തൃപ്തനാകാതെ വീണ്ടും ഒരുക്കങ്ങൾ തുടങ്ങി. തന്റെ രണ്ടാം ശ്രമത്തിൽ 2018-ലെ UPSC CSE പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് 48-ാം റാങ്ക് നേടി. അനുരാഗ് കുമാർ ഇപ്പോൾ ബെട്ടിയ ജില്ലയിൽ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഓഫീസറായി ജോലി ചെയ്യുന്നു.