Short Film Competition : വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം; ഒന്നാം സമ്മാനം 25,000 രൂപ
ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന നാലു മുതൽ എട്ടു മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമാകണം തയാറാക്കേണ്ടത്.
തിരുവനന്തപുരം: സ്‌കൂൾ, കോളജ് വിദ്യാർഥികളെ (dugs) ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുക, അവരുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ലഹരി വർജന മിഷൻ 'വിമുക്തി' സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി (Short Film Competition) ഷോർട്ട് ഫിലിം നിർമാണ മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന നാലു മുതൽ എട്ടു മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമാകണം തയാറാക്കേണ്ടത്.
മൂവി ക്യാമറയിലോ മൊബൈൽ ഫോണിലോ ചിത്രീകരിക്കുന്ന ഷോർട്ട് ഫിലിമുകൾ ഫെബ്രുവരി 15നകം vimukthiexcise@gmail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കണം. പൂർണമായ മേൽവിലാസം, ഇ-മെയിൽ, ഫോൺ നമ്പർ, പഠിക്കുന്ന സ്‌കൂൾ, കോളജ്, ക്ലാസ് എന്നിവ രേഖപ്പെടുത്തി സ്‌കൂൾ/കോളജ് അധികാരി സാക്ഷ്യപ്പെടുത്തിയാണ് അയക്കേണ്ടത്. മികച്ച ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനമായി 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും നൽകും. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായും 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും മൂന്നാം സമ്മാനമായും നൽകും. മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും സമ്മാനമായി ലഭിക്കും.