വനിതാ സംരംഭകര്‍ക്കുമുള്ള ദേശീയതല മത്സരം 'ഷി ലവ്‌സ് ടെക്ക് ഇന്ത്യ' ഗ്രാന്‍ഡ് ഫിനാലെ സെപ്തംബര്‍ 8ന്
വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വനിതാ സംരംഭകര്‍ക്കുമുള്ള വേദിയാണ് 'ഷി ലവ്‌സ് ടെക്ക് 2021 ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം'.
തിരുവനന്തപുരം: സ്ത്രീസംബന്ധിയായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംഘടിപ്പിക്കുന്ന 'ഷി ലവ്‌സ് ടെക്ക് ഇന്ത്യ' ദേശീയ തല മത്സരത്തിന്‍റെ ഗ്രാന്‍ഡ് ഫിനാലെ സെപ്തംബര്‍ 8, ബുധനാഴ്ച നടക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെയും (കെഎസ്‌യുഎം) ഷി ലവ്‌സ് ടെക്കിന്‍റെയും സഹകരണത്തോടെയാണ് മത്സരം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നത്.
വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വനിതാ സംരംഭകര്‍ക്കുമുള്ള വേദിയാണ് 'ഷി ലവ്‌സ് ടെക്ക് 2021 ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം'. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വളര്‍ച്ചയ്ക്കുള്ള മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിനു പുറമേ സംരംഭങ്ങളെ മുന്‍നിര നിക്ഷേപകരുള്ള ആഗോള വേദിയില്‍ അവതരിപ്പിക്കുന്നതിനും ദേശീയ തല മത്സരം സഹായകമാകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പത്തോളം സ്റ്റാര്‍ട്ടപ്പുകളാണ് ഗ്രാന്‍ഡ് ഫിനാലെക്കായി തയ്യാറെടുക്കുന്നത്. പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുമായി നേരിട്ട് സംവദിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസമാഹരണം നടത്താനാകും. അന്‍പതിനായിരം ഡോളര്‍ വരെ നേരിട്ട് നിക്ഷേപക സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.
കെഎസ്‌യുഎം സിഇഒ ജോണ്‍ എം തോമസ്, ഷി ലവ്‌സ് ടെക്ക് സഹസ്ഥാപകന്‍ ലീന്‍ റോബേഴ്‌സ്, എന്‍കുബേ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപക അംഗം ദീക്ഷ അഹൂജ, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ് ഏര്‍ളി സ്‌റ്റേജ് ഡീപ് ടെക് വിസി അര്‍ജുന്‍ റാവു, ആക്‌സിലറേറ്റിംഗ് ഏഷ്യ സഹസ്ഥാപകനും ജനറല്‍ പാര്‍ട്ണറുമായ അമ്ര നൈഡൂ എന്നിവര്‍ ഗ്രാന്‍ഡ് ഫിനാലെയുടെ വിവിധ സെഷനുകളില്‍ സംസാരിക്കും.
'ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്കുള്ള അവസരങ്ങള്‍' എന്ന വിഷയത്തില്‍ ഇന്‍വെസ്റ്റ് ഇന്ത്യ സീനിയര്‍ മാനേജര്‍ കൃതിക സിംഗ് സംസാരിക്കും. വില്‍ഗ്രോ ഇാെവേഷന്‍സ് ഫൗണ്ടേഷന്‍റെ ഡൈവേസിറ്റി & ഇന്‍ക്ലൂഷന്‍സ് ഓപ്പറേഷന്‍സ് മേധാവി ജെനാന്‍ ലിലാനി, തിയാ വെഞ്ച്വേഴ്‌സ് ജനറല്‍ പാര്‍ട്ണര്‍ പ്രിയ ഷാ, ഐക്രിയേറ്റ് കസള്‍ട്ടന്റ് തേജശ്രീ ഷാ, സുയാതി ചാപ്റ്റര്‍ ചെയര്‍- ടൈ വുമ കേരള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രേവതി കൃഷ്ണ എന്നിവര്‍ 'സ്ട്രാറ്റജീസ് ഫോര്‍ എ ബെറ്റര്‍ നോര്‍മല്‍' എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
വെബിനാറില്‍ പങ്കെടുക്കുന്നതിന് https://bit.ly/SLTGrandChallenge ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് https://www.startupmission.in/shelovestech/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, കംബോഡിയ, ചൈന, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മലേഷ്യ, മംഗോളിയ, നേപ്പാള്‍, നൈജീരിയ, നോര്‍വേ, പാക്കിസ്ഥാന്‍, പോളണ്ട്, ഫിലിപ്പൈന്‍സ്, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, യുഎഇ, അമേരിക്ക തുടങ്ങിയ നാല്‍പതിലധികം രാജ്യങ്ങളിലായാണ് ഈ വര്‍ഷം ആഗോള തല മത്സരം നടക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.