വർക്ക് ഫ്രം ഹോമിൽ ജോലി ചെയ്യുന്നില്ലെന്ന് സംശയം, രഹസ്യ നിരീക്ഷണത്തിനൊടുവിൽ യുവതിയുടെ പണി തെറിച്ചത് ഇങ്ങനെ

ജോലികള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാതിരിക്കുകയും മീറ്റിങുകളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെയാണ് നടപടി എടുത്തത്. പലപ്പോഴും ഇവരെ ബന്ധപ്പെടാനും കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. 

Secret observation in the device used by an employee on work from home lead to her dismissal afe

സിഡ്‍നി: കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നറിയാന്‍ കമ്പനി നടത്തിയ നിരീക്ഷണത്തിനൊടുവില്‍ യുവതിയുടെ ജോലി നഷ്ടമായി. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്ന സുസി ചെയ്കോ എന്ന ജീവനക്കാരിയെയാണ് ഇന്‍ഷുറന്‍സ് ഓസ്‍ട്രേലിയ ഗ്രൂപ്പ് പിരിച്ചുവിട്ടത്. കീ സ്ട്രോക് ടെക്നോളജി ഉപയോഗിച്ച് ഇവരുടെ ജോലി നിരീക്ഷിച്ച ശേഷമായിരുന്നു കമ്പനിയുടെ നടപടി.

ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികളാണ് സുസി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ജോലികള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാതിരിക്കുകയും മീറ്റിങുകളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെയാണ് നടപടി എടുത്തത്. പലപ്പോഴും ഇവരെ ബന്ധപ്പെടാനും കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. ഏല്‍പ്പിക്കപ്പെട്ട ഒരു ജോലി സമയത്ത് തീര്‍ക്കാത്തതിന് കമ്പനിക്ക് ഒരുതവണ സര്‍ക്കാറില്‍ നിന്ന്  പിഴ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ കമ്പനി മുന്നറിയിപ്പ് നല്‍കുകയും ജോലി  മെച്ചപ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് ഇവരുടെ കംപ്യൂട്ടര്‍ കീ സ്ട്രോക്ക് ടെക്നോളജി ഉപയോഗിച്ച് നിരീക്ഷിച്ചത്. ഓരോ മണിക്കൂറിലും എത്ര വാക്കുകള്‍ ടൈപ്പ് ചെയ്യുന്നുവെന്ന് കണ്ടെത്തുന്നതായിരുന്നു ഈ നിരീക്ഷണം. ആകെ 49 ദിവസം നിരീക്ഷിച്ചതില്‍ 47 ദിവസവും ജോലി തുടങ്ങിയത് വൈകിയായിരുന്നു. 29 ദിവസം നേരത്തെ ജോലി അവസാനിപ്പിച്ചു. 44 ദിവസവും ജോലി  ചെയ്യേണ്ടിയിരുന്ന സമയം മുഴുവന്‍ ജോലി ചെയ്തിട്ടില്ല. നാല് ദിവസം ഒട്ടും ജോലി ചെയ്തില്ല. മണിക്കൂറില്‍ 54 വാക്കുകള്‍ ആണ് ശരാശരി കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്തിരുന്നതെന്നും നിരീക്ഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഈ കണ്ടെത്തലുകളെല്ലാം യുവതി ചോദ്യം ചെയ്തു. താന്‍ മറ്റ് കംപ്യൂട്ടറുകളില്‍ നിന്ന് ലോഗിന്‍ ചെയ്തിരുന്നുവെന്നും കണക്കുകള്‍ തെറ്റാണെന്നും ഇവര്‍ വാദിച്ചു. ഇത് കണക്കിലെടുക്കാതെ കമ്പനി നടപടിയെടുക്കുകയായിരുന്നു

പിരിച്ചുവിട്ടതിനെതിരെ യുവതി സമര്‍പ്പിച്ച പരാതി ഓസ്‍ട്രേലിയ ഫെയര്‍ വര്‍ക്ക് കമ്മീഷനും തള്ളി. തന്നെ പിരിച്ചുവിടാന്‍ കമ്പനി മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതാണെന്നും തനിക്ക് മാനസിക പ്രശ്നങ്ങളുള്ളതാണ് നടപടിക്ക് യഥാര്‍ത്ഥ കാരണമായതെന്നും ഇവര്‍ വാദിച്ചു. എന്നാല്‍  പിരിച്ചുവിടാന്‍ മതിയായ കാരണമുണ്ടെന്ന് കണ്ടെത്തിയാണ് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ അപേക്ഷ തള്ളിയത്. 

Read also: മാസപ്പടി വിവാദം; പിണറായി വിജയൻ മകളുടെ പേരിൽ പണം വാങ്ങുന്നു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Latest Videos
Follow Us:
Download App:
  • android
  • ios