തിരികെ സ്‌കൂളിലേക്ക്; ജില്ലയിൽ ആദ്യദിനം എത്തിയത് 45,972 വിദ്യാർത്ഥികൾ; ഒന്നാം ക്ലാസിൽ 5018 കുരുന്നുകൾ
പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സ്‌കൂളുകൾ തുറന്നത്. പ്രവേശനോത്സവത്തോടെയായിരുന്നു ഡിജിറ്റൽ പഠനാന്തരീക്ഷത്തിൽ നിന്ന് വീണ്ടും സ്‌കൂളുകളിലേക്കെത്തപ്പെട്ട വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചത്. ബയോബബിൾ സംവിധാനത്തിലാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: 20 മാസത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നപ്പോൾ (School open) ആദ്യദിനം തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലെത്തിയത് 45,972 വിദ്യാർത്ഥികൾ (45972 Students). ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകാരുടെയും പത്താം ക്ലാസുകാരുടെയും കണക്കാണിത്. 5018 കുരുന്നുകളാണ് ഒന്നാം ക്ലാസിൽ എത്തിയത്. രണ്ടാം ക്ലാസിൽ 4665 കുട്ടികളും മൂന്നാം ക്ലാസിൽ 4963 കുട്ടികളും ക്ലാസുകളിലെത്തി. 5316 വിദ്യാർത്ഥികളാണ് നാലാം ക്ലാസിൽ ആദ്യദിനമെത്തിയത്. 2660 പേർ അഞ്ചാം ക്ലാസിലും 2062 പേർ ആറാം ക്ലാസിലും സ്‌കൂളുകളിലെത്തി. 2472 വിദ്യാർത്ഥികളാണ് ഏഴാം ക്ലാസിലെത്തിയത്. 18,816 പേർ പത്താം ക്ലാസിലുംഎത്തി. എട്ട്, ഒൻപത് ക്ലാസുകൾക്ക് നവംബർ 15 മുതലാണ് അധ്യയനം ആരംഭിക്കുന്നത്.
പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സ്‌കൂളുകൾ തുറന്നത്. പ്രവേശനോത്സവത്തോടെയായിരുന്നു ഡിജിറ്റൽ പഠനാന്തരീക്ഷത്തിൽ നിന്ന് വീണ്ടും സ്‌കൂളുകളിലേക്കെത്തപ്പെട്ട വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചത്. ബയോബബിൾ സംവിധാനത്തിലാണ് ഓരോ ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പത്ത് ലക്ഷത്തിലേറെ കുട്ടികൾ സ്‌കൂളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചത്. ഒന്നാം ക്ലാസിൽ മുൻവർഷത്തേക്കാൾ 27,000 കുട്ടികൾ അധികമായി ചേർന്നിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഹാജറും രേഖപ്പെടുത്തില്ല. വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്നാണ് നിർദ്ദേശം. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളും ഇന്ന് സ്‌കൂളിൽ എത്തും. 15 മുതൽ 8, 9, പ്ലസ് വൺ ക്ലാസുകളും തുടങ്ങും.
കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എല്ലാ ദിവസവും റിവ്യൂ മീറ്റിങ് ഉണ്ടാകും. ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ സന്നാഹമുണ്ട്. സർക്കാർ ഒപ്പമുണ്ടെന്നും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ കുറവ് ഉണ്ടെങ്കിൽ പരിഹരിക്കാൻ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോൾ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒരു വലിയ ഇടവേളക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.