ചായക്കട ആരംഭിച്ച് വൈറലായ പെണ്‍കുട്ടി; പ്രിയങ്ക തന്റെ സംരംഭം നിർത്തുന്നു; കാരണമിതാണ്...
എന്നാൽ, മികച്ച വരുമാനം നേടുന്ന, വനിതാ കോളേജിനടുത്തെ ഈ ചായക്കട പ്രിയങ്ക നിർത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ദില്ലി: രണ്ട് വർഷത്തോളം കഠിനമായി പ്രയത്നിച്ചിട്ടും ഒരു ജോലി നേടാൻ സാധിക്കാത്തതിനെ തുടർന്ന്, സ്വന്തമായി ഒരു ചായക്കട (Tea Stall) തുടങ്ങിയ പ്രിയങ്ക ഗുപ്ത (Priyanka Gupta) എന്ന പെൺകുട്ടി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ബിരുദധാരിയായ പ്രിയങ്ക പട്നയിലെ വനിതാ കോളേജിന് സമീപത്താണ് ചായക്കട ആരംഭിച്ചത്. എന്നാൽ, മികച്ച വരുമാനം നേടുന്ന, വനിതാ കോളേജിനടുത്തെ ഈ ചായക്കട പ്രിയങ്ക നിർത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
കാരണം മറ്റൊന്നുമല്ല, പ്രിയങ്കയുടെ അവസ്ഥ അറിഞ്ഞ് സഹായിക്കാൻ ഒരു വ്യക്തി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ പേര് വെളിപ്പെടുത്താൻ ഇദ്ദേഹം ആഗ്രഹിക്കുന്നില്ല. ഒരു ഫുഡ് ട്രക്ക് നൽകാം എന്നാണ് ഇദ്ദേഹത്തിന്റെ സഹായ വാഗ്ദാനം. ഈ വാഹനത്തിൽ പ്രിയങ്കക്ക് ചായയുടെ കൂടെ സ്നാക്സും വിൽക്കാനുളള അവസരമുണ്ടെന്ന് ഡിഎൻഎ വാർത്തയിൽ പറയുന്നു. ഫുഡ് ട്രക്ക് നൽകാനുള്ള സഹായ വാഗ്ദാനം ആദ്യം പ്രിയങ്ക നിരസിക്കുകയാണുണ്ടായത്. പിന്നീട് ആ ട്രക്കിന്റെ വില ക്രമേണ നൽകാമെന്ന വ്യവസ്ഥയിൽ അവൾ സമ്മതിച്ചതെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
എം.ബി.എ. ചായ്‌വാല' എന്നറിയപ്പെടുന്ന പ്രഫുല്‍ ബില്ലോറിനെ മാതൃകയാക്കിയാണ് താന്‍ ചായക്കട തുടങ്ങിയതെന്ന് നേരത്തെ പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇക്കണോമിക്‌സ് ബിരുദധാരിയാണ് 24 കാരിയായ പ്രിയങ്ക ഗുപ്ത. ബീഹാറിലെ പൂർണിയയിൽ നിന്നുള്ള പ്രിയങ്ക വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ഈ വർഷം, ഏപ്രിൽ 11 മുതലാണ് പട്‌ന വിമൻസ് കോളേജിന് പുറത്ത് ചായ വിൽക്കാൻ തുടങ്ങിയത്. പാൻ ചായയും ചോക്കലേറ്റ് ചായയും ഉൾപ്പെടെ 4 വ്യത്യസ്ത രുചികളുള്ള ചായകൾ വിൽക്കുന്നുണ്ട്. “ആത്മനിർബാർ ഭാരതത്തിലേക്കുള്ള മുന്നേറ്റം. ഒന്നിനെക്കുറിച്ചും ചിന്തിക്കണ്ട, ആരംഭിക്കൂ” പ്രിയങ്കയുടെ കടയ്ക്ക് പുറത്തുള്ള ബോർഡിലെ കുറിപ്പിങ്ങനെ.
“കഴിഞ്ഞ രണ്ട് വർഷമായി, ബാങ്ക് മത്സര പരീക്ഷകളിൽ വിജയിക്കാൻ തുടർച്ചയായി ശ്രമിച്ചുവെങ്കിലും വെറുതെയായി. അതിനാൽ, വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് പകരം, ഒരു കൈവണ്ടിയിൽ ഒരു ചായക്കട ആരംഭിക്കാൻ ഞാൻ തീരുമാനിച്ചു. നഗരത്തിൽ സ്വന്തമായി ടീ സ്റ്റാൾ ആരംഭിക്കാൻ എനിക്ക് മടിയില്ല, ആത്മനിർഭർ ഭാരതിലേക്കുള്ള ചുവടുവയ്പായിട്ടാണ് ഞാൻ ഈ ബിസിനസ്സിനെ കാണുന്നത്,” പ്രിയങ്ക മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പഠിക്കാനാഗ്രഹിച്ച കോളേജിന് മുന്നിൽ തന്നെ ചായ്‍വാല എന്ന പേരിൽ ഒരു ടീ സ്റ്റാൾ ആരംഭിച്ചതാണ് പ്രഫുൽ ബില്ലോറ എന്ന യുവസംരംഭകന്റെ തുടക്കം. ഇന്ന് രാജ്യത്തെമ്പാടും 22 ഔട്ട്ലെറ്റുകളുമായി പ്രഫുലിന്റെ ബിസിനസ് സാമ്രാജ്യം വിശാലമായിക്കഴിഞ്ഞിരിക്കുന്നു. കോടീശ്വരൻമാരുടെ പട്ടികയിലാണ് ഇന്ന് പ്രഫുൽ ബില്ലോറ എന്ന ചെറുപ്പക്കാരന്റെ സ്ഥാനം. പ്രഫുലിന്റെ ബിസിനസ് മന്ത്രം ഇതായിരുന്നു, 'എന്ത് ചെയ്താലും സത്യസന്ധതയോടും കഠിനാധ്വാനത്തോടും വിശ്വസ്തതയോടും കൂടി ചെയ്യുക. വിജയം വന്നുചേരും. ചെരിപ്പ് നന്നാക്കുന്ന വ്യക്തിയാണെങ്കിൽ ആ ജോലിയിൽ ഏറ്റവും മികച്ച ജോലിക്കാരനാകുക, ചായ വിൽക്കുകയാണെങ്കിലും ഏറ്റവും മികച്ച ചായവിൽപനക്കാരനാകുക, നിങ്ങൾ എന്തു ചെയ്താലും ഏറ്റവും മികച്ച രീതിയിലാണ് എന്നുറപ്പാക്കുക.'