KPSC Preliminary Exam : പത്താം തരം പ്രിലിമിനറി പരീക്ഷ ചോദ്യപേപ്പർ മാധ്യമം മാറ്റാൻ അവസരം; അപേക്ഷ മാർച്ച് 11 വരെ
ഒരു കാരണവശാലും 2022 മാർച്ച് 11 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
തിരുവനന്തപുരം: കേരള പിഎസ് സി (Kerala Public Service Commission) മെയ് ജൂൺ മാസങ്ങളിൽ നടത്താനിരിക്കുന്ന പത്താം തരം പ്രിലിമിനറി പരീക്ഷയുടെ (Tenth level preliminary examination) ചോദ്യപേപ്പർ (Medium of question paper) മാധ്യമം മാറ്റാൻ അപേക്ഷാർത്ഥികൾക്ക് അവസരം. പിഎസ് സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2022 ലെ പത്താം തരം പ്രാഥമിക പൊതു പരീക്ഷയ്ക്ക് സ്ഥിരീകരണം രേഖപ്പെടുത്തുമ്പോൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം തന്നെ ചോദ്യപേപ്പർ മാധ്യമം തെരഞ്ഞെടുക്കേണ്ടതാണ്.
സ്ഥിരീകരണം രേഖപ്പെടുത്തിയ സമയത്ത് ചോദ്യപേപ്പർ മാധ്യമം രേഖപ്പെടുത്തുന്നതിൽ പിശകുപറ്റിയ ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡി, മൊബൈൽ നമ്പർ, കാറ്റഗറി നമ്പർ, ആവശ്യമായ ചോദ്യപേപ്പർ മാധ്യമം എന്നിവ വ്യക്തമായി രേഖപ്പെടുത്തി കേരള പബ്ലിക് സർവീസ് കമ്മിഷൻ ജോയിന്റ് പരീക്ഷാ കൺട്രോളർക്കോ (jointce.psc@kerala.gov.in) അതത് ജില്ലാ ആഫീസർമാർക്കോ 2022 മാർച്ച് 11 നു മുൻപായി ഇ.മെയിൽ വഴിയോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഒരു കാരണവശാലും 2022 മാർച്ച് 11 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
വിവിധ ഘട്ടങ്ങളിലായി അപേക്ഷകൾ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂൺ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തുവാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.
പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകുവാനുള്ള സമയം ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെയാണ്. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി നൽകിയിട്ടുണ്ട്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നൽകുമ്പോൾ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയിൽ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. മുൻകൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തിൽ മാത്രമേ ചോദ്യപേപ്പർ ലഭ്യമാകുകയുള്ളൂ. ഇതു സംബന്ധിച്ച് പിന്നീട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
പിഎസ്‍സി ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് ടൈം ടേബിൾ പുറത്തിറക്കി. 2022 ജനുവരിയിലെ വകുപ്പു തല പരീക്ഷ (ഒഎംആർ/ഓൺലൈൻ) മാർച്ച് 8 മുതൽ നടക്കും. വിശദമായ ടൈം ടേബിളും നിർദ്ദേശങ്ങളും പി എസ് സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.