എംജി സർവകലാശാല പിജി പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം.
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ – പ്രവേശനത്തിന് ഏകജാലകം വഴിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം.
ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവരെ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്ക് പരിഗണിക്കില്ല. ഭിന്നശേഷി/ സ്‌പോർട്‌സ്/ കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനായി വേണം അപേക്ഷിക്കാൻ. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകൾ അതത് കോളേജുകളിൽ ഓൺലൈനായി പരിശോധിക്കുകയും ചെയ്യും.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാവും നടത്തുക. ആയതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
അപേക്ഷിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്നവർ തിക്കും തിരക്കും ഒഴിവാക്കി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി പിന്നീട് അറിയിക്കും.
സംവരണാനുകൂല്യത്തിനായി പ്രോസ്‌പെക്ടസിൽ നിർദ്ദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകർ ഉറപ്പുവരുത്തേണ്ടതാണ്. കൃത്യമായ സാക്ഷ്യപത്രങ്ങളുടെ അഭാവത്തിൽ പ്രവേശനം റദ്ദാക്കപ്പെടുന്നതിന് സാധ്യതയുണ്ടെന്നതിനാൽ അപേക്ഷകർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ ‘ഇൻകം ആന്റ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്’ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷ്യത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം.
എൻ.സി.സി./എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലങ്ങളിലെ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/ നേവി/ എയർഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുകയുള്ളൂ. രജിസ്‌ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 725 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. ഓൺലൈൻ രജിസ്‌ട്രേഷനായി cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ക്യാപ് സംബന്ധമായ എല്ലാ വിഷയങ്ങളും ഈ വെബ് സൈറ്റിൽ ലഭിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona