Ration Shops : റേഷന്‍ ലൈസന്‍സി: പത്തനംതിട്ട ജില്ലയിൽ 19 ഒഴിവുകളിലേക്ക് വിജ്ഞാപനം; അപേക്ഷിക്കേണ്ടതെങ്ങനെ?
അപേക്ഷയിലെ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് ജൂണ്‍ 15ന് വൈകുന്നേരം മൂന്നിന് മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകളില്‍ (Ration Shops) പുതുതായി ലൈസന്‍സികളെ (new licensee) നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ച 19 ഒഴിവുകളിലേക്ക് വിജ്ഞാപനം (notifications) പുറപ്പെടുവിച്ചു. നിലവില്‍ ലൈസന്‍സികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ/പട്ടികജാതി/ പട്ടിക വര്‍ഗ/ഭിന്ന ശേഷി എന്നീ വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന താലൂക്ക്/റേഷന്‍കട നമ്പര്‍/പഞ്ചായത്ത്/വില്ലേജ്/സ്ഥലം - വിഭാഗം എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ് ജില്ലാ സപ്ലൈ ഓഫീസിലും എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.
റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം പട്ടിക വര്‍ഗ വിഭാഗത്തിന് ഒഴിവ് നീക്കി വയ്ക്കുകയും എന്നാല്‍, ആ വാര്‍ഡിലെ പട്ടിക വര്‍ഗ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പട്ടിക വര്‍ഗ ഒഴിവ് കാരിഫോര്‍വേഡ് ചെയ്യും. പിന്നീട് ജില്ലയിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ പട്ടിക വര്‍ഗ ജനസംഖ്യ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ അധികരിക്കുകയാണെങ്കില്‍ അവിടെ ഉണ്ടാവുന്ന ഒഴിവിലേക്ക് കാരി ഫോര്‍വേഡ് ചെയ്ത ഒഴിവ് പരിഗണിക്കും.
നിര്‍ദിഷ്ട ഫോറത്തില്‍ അല്ലാത്തതും ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിച്ചിട്ടില്ലാത്തതും, നിശ്ചിത തീയതിക്കകം ലഭിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകര്‍ കേരള ടാര്‍ജറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം കണ്‍ട്രോള്‍ ഓര്‍ഡര്‍ 2021 പ്രകാരം വ്യക്തിഗത അപേക്ഷകള്‍ കെടിപിഡിഎസ് ഓര്‍ഡര്‍ 2021 അനുബന്ധം 7 ഫോറം ജി പ്രകാരവും സംവരണ വിഭാഗങ്ങളിലെ വനിതാ കൂട്ടായ്മ/വനിതാ സ്വയം സഹായ സഹകരണ സംഘങ്ങള്‍ കെടിപിഡിഎസ് ഓര്‍ഡര്‍ 2021 അനുബന്ധം 8 ഫോറം എച്ച് പ്രകാരവും അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയിലെ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് ജൂണ്‍ 15ന് വൈകുന്നേരം മൂന്നിന് മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. നിശ്ചിത സമയത്തിനുളളില്‍ ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല. നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.civilsupplieskerala.gov.in) അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.