ബസായ് ഗ്രാമത്തിലെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയാകാൻ മമത യാദവ്; 556 ൽ നിന്ന് 5ാം റാങ്കിലേക്കുള്ള വിജയക്കുതിപ്പ്
ദില്ലിയിലെ ബസായ് ഗ്രാമത്തിൽ നിന്നുള്ള മമത യാദവ് ആയിരുന്നു അഞ്ചാം റാങ്ക് ജേതാവ്. ബസായ് ഗ്രാമത്തിലെ ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥ എന്ന പദവി ഇനി മമതക്ക് സ്വന്തം. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മമതയുടെ തീരുമാനം.
ദില്ലി: കഴിഞ്ഞ മാസം 24-ാം തീയതിയാണ് സിവിൽ സർവ്വീസ് പരീക്ഷയുടെ (Civil Service Exam) ഫലം എത്തിയത്. രാജ്യത്തെമ്പാടുമുള്ള, പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളെല്ലാം നെഞ്ചിടിപ്പോടെ കാത്തിരുന്ന ദിനം. 761 പേരാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിച്ചത്. അതിൽ 545 പേർ പുരുഷൻമാരും 216 പേർ സ്ത്രീകളുമാണ്. 2020 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയത് ദില്ലിയിൽ നിന്നുള്ള മമതാ യാദവ് (Mamta Yada) ആണ്. ബീഹാറിൽ നിന്നുളള ശുഭം കുമാർ ആയിരുന്നു ഒന്നാമൻ. പിന്നീടുള്ള അഞ്ച് റാങ്കുകൾ സ്വന്തമാക്കിയത് വനിതകളാണ്.
ദില്ലിയിലെ ബസായ് ഗ്രാമത്തിൽ നിന്നുള്ള മമത യാദവ് ആയിരുന്നു അഞ്ചാം റാങ്ക് ജേതാവ്. ബസായ് ഗ്രാമത്തിലെ ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥ എന്ന പദവി ഇനി മമതക്ക് സ്വന്തം. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് മമതയുടെ തീരുമാനം. രണ്ടാം തവണയണ് മമത സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്. ആദ്യം മമത പരീക്ഷയെഴുതിയിരുന്നുവെങ്കിലും 556ാം റാങ്കാണ് ലഭിച്ചത്. ഇന്ത്യൻ റെയിൽവേ സർവ്വീസിൽ ജോയിൻ ചെയ്തതിന് ശേഷമാണ് രണ്ടാം തവണയും യുപിഎസ് സിക്ക് മമത തയ്യാറെടുത്തത്. എന്നാൽ തനിക്ക് ലഭിച്ച 556ാം റാങ്കിൽ ഈ പെൺകുട്ടി തൃപ്തയായിരുന്നില്ല. കൂടുതൽ പഠിക്കാനും മികച്ച വിജയം നേടാനുമായിരുന്നു തീരുമാനം.
രണ്ടാം തവണ പരീക്ഷയെഴുതിയപ്പോൾ വിജയത്തിലേക്ക് ഒരു വൻ കുതിപ്പായിരുന്നു മമത. 556ാം റാങ്കിൽ നിന്ന് അഞ്ചാം റാങ്കിലേക്ക്. ബസായ് ഗ്രാമത്തിലാണ് മമതയുടെ കുടുംബം വർഷങ്ങളായി താമസിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയിലാണ് അച്ഛൻ അശോക് യാദവ് ജോലി ചെയ്യുന്നത്. അമ്മ സരോജ യാദവ് വീട്ടമ്മയാണ്. ദില്ലി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്നാണ് മമത ബിരുദം പൂർത്തിയാക്കിയത്. ഇത്രയും വലിയ വിജയത്തിലേക്ക് തന്റെ മകൾ എത്തിച്ചേർന്നത് അവിശ്വസനീയമെന്നാണ് അമ്മ സരോജയുടെ വാക്കുകൾ. മകൾ നേടിയ വിജയത്തിന്റെ കാരണം അമ്മയാണെന്ന് അശോക് യാദവ് പറയുന്നു. മകളെയോർത്ത് അഭിമാനിക്കുന്നുവെന്നും അശോക് യാദവ് കൂട്ടിച്ചേർത്തു.
തോറ്റുപിൻമാറാൻ അങ്കിത തയ്യാറായില്ല, നാലാമത്തെ പരിശ്രമത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ മൂന്നാം റാങ്ക്!