നൂറിൽ നൂറ്; ദില്ലി സർവ്വകലാശാല കോളേജുകളിൽ ആധിപത്യമുറപ്പിച്ച് മലയാളി വിദ്യാർത്ഥികൾ
ദില്ലി യൂണിവേഴ്സിറ്റിയിലെ ഈ വർഷത്തെ പത്ത് പ്രോഗ്രാമുകളിൽ ഒന്നാണ് ഹിന്ദു കോളേജിലെ ബിഎ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസ്. സംവരണം ആവശ്യമില്ലാത്ത സീറ്റുകളിലേക്ക് നൂറ് ശതമാനമാണ് കട്ട് ഓഫ് മാർക്ക് ആയി പറഞ്ഞിരിക്കുന്നത്.
ദില്ലി: ദില്ലി സർവ്വകലാശാലക്ക് കീഴിലുള്ള ഹിന്ദു കോളേജിൽ ബിഎ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസ് പ്രോഗ്രാമിലേക്ക് തിങ്കളാഴ്ച വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ലഭിച്ചത് 100 ലധികം അപേക്ഷകളാണ്. ഇവരിൽ മികച്ച സ്കോർ നേടിയവരിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്ന് ദ് ഇൻഡ്യൻ എക്സ്പ്രസ് വാർത്തയിൽ പറയുന്നു. ഒന്നാം വർഷ കോഴ്സിലേക്ക് ആകെ 20 സീറ്റുകളാണുള്ളത്. കട്ട് ഓഫ് മാർക്ക് മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു വിദ്യാർത്ഥിയെയും ദില്ലി സർവ്വകലാശാലക്ക് നിയമാനുസൃതമായ രീതിയിൽ ഒഴിവാക്കാൻ കഴിയില്ല.
അഡ്മിഷന്റെ ആദ്യ ദിനത്തിൽ തന്നെ 2200 ലധികം അപേക്ഷകൾ ദില്ലി സർവ്വകലാശാല അംഗീകരിച്ചിരുന്നു. പ്രമുഖ കോളേജുകളിൽ നിന്നും 100 ശതമാനം മാർക്ക് നേടിയ ധാരാളം മലയാളി വിദ്യാത്ഥികളുടെ അപേക്ഷകൾ ഇതിലുൾപ്പെട്ടിട്ടുണ്ട്. ദില്ലി യൂണിവേഴ്സിറ്റിയിലെ ഈ വർഷത്തെ പത്ത് പ്രോഗ്രാമുകളിൽ ഒന്നാണ് ഹിന്ദു കോളേജിലെ ബിഎ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസ്. സംവരണം ആവശ്യമില്ലാത്ത സീറ്റുകളിലേക്ക് നൂറ് ശതമാനമാണ് കട്ട് ഓഫ് മാർക്ക് ആയി പറഞ്ഞിരിക്കുന്നത്.
സംവരണമില്ലാത്ത 33 പേർ, ഒബിസി വിഭാഗത്തിൽ നിന്ന് 62, എസ് സി വിഭാഗത്തിൽ നിന്ന് 4 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നും 3 എന്നിങ്ങനെയാണ് 100 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികളുടെ അപേക്ഷകൾ. ഇതിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും കേരളത്തിൽ നിന്നുള്ളവരാണ്. പൊളിറ്റിക്കൽ സയൻസ് വകുപ്പ് വിഭാഗത്തില ഫാക്കൽറ്റിയെ ഉദ്ധരിച്ച് ദ് ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വിദ്യാർത്ഥികളെല്ലാം കട്ട് ഓഫ് മാർക്ക് മാനദണ്ഡങ്ങൾ പാലിച്ചിരിക്കുന്നതിനാൽ എല്ലാവരെയും പൊതുപ്രവേശനമായി പരിഗണിക്കും. കൂടാതെ സംവരണ സീറ്റുകളുടെ എണ്ണം ആനുപാതികമാി വർദ്ധിപ്പിക്കേണ്ടതുമുണ്ട്. അതായത് സ്ഥാപനത്തിന്റെ ക്ലാസുകളുടെയും ശേഷി പരിധിക്കപ്പുറത്തേക്ക് കടന്നു കഴിഞ്ഞിരിക്കുന്നു.
പ്രവേശന പ്രക്രിയയിൽ അനുയോജ്യമായ വേർതിരിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ക്ലാസിൽ സംഭവിച്ചേക്കാവുന്ന അസാധാരണമായ ഏകതയിൽ അധ്യാപകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഒരു ക്ലാസിൽ ഉണ്ടായിരിക്കേണ്ട ബഹുസ്വരത സ്വഭാവം ഇല്ലാതാകുന്നു എന്നതാണ് മറ്റൊരു കാര്യം. 100 ശതമാനം കട്ട് ഓഫ് മാർക്ക് ഒരു കോഴ്സിനും നിശ്ചയിക്കണ്ട എന്നായിരുന്നു മിറാൻഡ ഹൗസ് കോളേജിന്റെ തീരുമാനം. 99.75 ശതമാനമായിരുന്നു പൊളിറ്റിക്കൽ സയൻസിന്റെ കട്ട് ഓഫ് മാർക്ക്. എന്നാൽ വീണ്ടും കേരളത്തിൽ നിന്നാണ് മികച്ച സ്കോറുകളുള്ള അപേക്ഷകൾ ലഭിച്ചിരിക്കുന്നത്.
ഞങ്ങൾ അപേക്ഷകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ നൂറിനടുത്ത് അപേക്ഷകൾ അംഗീകരിച്ചു. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊളിറ്റിക്കൽ സയൻസിലേക്ക് നൂറ് ശതമാനം സ്കോർ നേടിയ20 ഓളം അപേക്ഷകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ബിജയലക്ഷ്മി നന്ദ വ്യക്തമാക്കി. എസ്ജിടിബി ഖൽസ കോളേജ് ബികോം പ്രോഗ്രാമിനായി 100 ശതമാനം കട്ട് ഓഫ് നിശ്ചയിച്ചിരുന്നു എന്നാൽ ആദ്യ ദിവസത്തിൽ ഈ പ്രോഗ്രാമിലേക്ക് അപേക്ഷകളൊന്നും തന്നെ ലഭിച്ചില്ല. ഈ പ്രോഗാമിൽ 30 സീറ്റുകൾ മാത്രമേയുള്ളൂ എന്നും ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ ജസ്വീന്ദർ സിംഗ് പറഞ്ഞു.
അടുത്ത പട്ടികയിൽ കട്ട് ഓഫ് മാർക്ക് കുറയും. ആകെ 110 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 60 എണ്ണം അംഗീകരിച്ചു. അടുത്ത രണ്ട്
ദിവസത്തിനുള്ളിൽ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന നിരവധി കോഴ്സുകൾക്ക് ഉയർന്ന കട്ട് ഓഫ് മാർക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ആർട്സ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ 99 ശതമാനത്തിന് മുകളിലാണ് കട്ട് ഓഫ് മാർക്ക്.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ മാർക്കുകൾ പരിഗണിക്കുമോ എന്ന് ചില സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രവേശന നടപടികൾ രണ്ട് മണിക്കൂറോളം നിർത്തിവെക്കേണ്ടതായി വന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് മാത്രമാണോ അത് രണ്ട് വർഷങ്ങളിലെ മാർക്കും പരിഗണിക്കുമോ എന്നായിരുന്നു ചില കോളേജുകൾക്ക് അറിയേണ്ടിയിരുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്ര സംഘം വ്യക്തമാക്കി. വൈകുന്നേരം 7 മണിയോടെ വിവിധ കോളേജുകളിൽ നിന്നായി 30554 അപേക്ഷകളാണ് ദില്ലി യൂണിവേഴ്സിറ്റിയിൽ ലഭിച്ചത്. ഇവയിൽ 2286 എണ്ണം അംഗീകരിക്കപ്പെടുകയും 795 വിദ്യാർത്ഥികൾ ഫീസടക്കുകയും ചെയ്തു.
തുടക്കത്തിൽ നടപടികൾ മന്ദഗതിയിലാണ് നീങ്ങിയത്. വ്യക്തതയോടെ വിദ്യാർത്ഥികളെ സമീപിക്കുകയും അവരുമായി ചർച്ച നടത്തുകയും ചെയ്യേണ്ടതാവശ്യമാണ്. ഇതിനോടകം 50 അഡ്മിഷനുകൾ അംഗീകരിച്ചു. അതിൽ 90 ശതമാനവും സംവരണ വിഭാഗത്തിലുള്ളതാണ്. രാംജാസ് കോളേജ് പ്രിൻസിപ്പൽ മനോജ് ഖന്ന പറഞ്ഞു. രാംജാസിൽ ആദ്യ പട്ടികയിലെ ബിഎ ഓണേഴ്സ് പൊളിറ്റിക്കൽ സയൻസിലും ബിഎസ് സി ഓണേഴ്സ് ഫിസിക്സിലും 100 ശതമാനമാണ് കട്ട് ഓഫ് മാർക്ക്.