ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്കായി ഫസ്റ്റ്ബെൽ ക്ലാസ്സുകൾ ഓഫ്‍ലൈനായി ലഭ്യമാക്കി കൈറ്റ്
ഇതേത്തുടര്‍ന്ന് ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഓഫീസര്‍ കൈറ്റ് ആസ്ഥാനത്തെത്തി ചര്‍ച്ചചെയ്യുകയും ഓരോ മാസത്തേയും പ്രീ-പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത് ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.
തിരുവനന്തപുരം: കേരള സിലബസ് പിന്തുടരുന്ന ലക്ഷദ്വീപിലെ കുട്ടികള്‍ക്കായി ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് വേഗതയും ചാനല്‍ ലഭ്യതയും പ്രശ്നമാകുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ഉള്ളടക്കം ഓഫ്‍ലൈനായി ലഭ്യമാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗാള്‍ കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്തിന് കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഓഫീസര്‍ കൈറ്റ് ആസ്ഥാനത്തെത്തി ചര്‍ച്ചചെയ്യുകയും ഓരോ മാസത്തേയും പ്രീ-പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത് ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.
ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിലായി 43 സ്കൂളുകളില്‍ കേരള സിലബസ് പിന്തുടരുന്ന 6420 കുട്ടികള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. 2017 ല്‍ കേരളത്തിലെ ഹൈടെക് സ്കൂള്‍ പദ്ധതി ആരംഭിക്കുന്ന ഘട്ടത്തില്‍ ലക്ഷദ്വീപിലെ 60 അധ്യാപകര്‍ക്ക് കൊച്ചിയില്‍വെച്ച് പത്തു ദിവസത്തെ വിദഗ്ധ ഐ.സി.ടി. പരിശീലനം കൈറ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ വിപുലമായ പരിശീലനം കഴിഞ്ഞ വര്‍ഷം ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ് 19 കാരണം അത് നടന്നില്ല. ലക്ഷദ്വീപില്‍ ഹൈടെക് ക്ലാസ് മുറികള്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ കൈറ്റ് ലഭ്യമാക്കി വരുന്നുണ്ട്. എന്നാല്‍ ഹാര്‍ഡ്‍വെയര്‍ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കോവിഡ് കാരണം നടത്താനായില്ല.
2005 മുതല്‍ കേരളത്തിലെ എഡ്യൂസാറ്റ് ശൃംഖലയില്‍ ലക്ഷദ്വീപിലെ സ്കൂളുകളും ഭാഗമായിരുന്നെങ്കിലും പിന്നീട് ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായി. ഡി.ടി.എച്ച് ശൃംഖലയിലും ലഭ്യമായതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ ലക്ഷദ്വീപിലും ലഭ്യമാകുന്നുണ്ട്. എന്നാല്‍ ചാനല്‍ ലഭ്യതയിലും ഇന്റര്‍നെറ്റിലെന്നപോലെ പലപ്പോഴും തടസം നേരിടുന്ന സാഹചര്യത്തിലാണ് ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകള്‍ കുട്ടികള്‍ക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്.