ഭിന്നശേഷിക്കാരായവരോട്, 'തോറ്റുപോയെന്ന് കരുതണ്ട, മാർഗയുണ്ട്, കൂടെ പ്രജിത്തും'; പോരാട്ടം ഈ ജീവിതം
സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ, പ്രചോദനമാകാൻ, ജീവിതത്തെ നിറഞ്ഞ ചിരിയോടെ നേരിടാൻ വീൽചെയർ ഒരു തടസ്സമേയല്ലെന്ന് ജീവിതം കൊണ്ട് പ്രജിത് തെളിയിക്കുകയാണ്. തന്നെപ്പോലെയുള്ളവർക്ക് പിന്തുണ നൽകാൻ ഒരു കരിയർ കൺസൾട്ടൻസി ആരംഭിച്ചിരിക്കുകയാണ് ഇദ്ദേഹം. പ്രജിത്തിന്റെ ജീവിതത്തെക്കുറിച്ച്, മാർഗ എന്ന അദ്ദേഹത്തിന്റെ സ്റ്റാർട്ട് അപ്പിനെക്കുറിച്ച് അറിയാം....
കിടക്കയിൽ അവസാനിക്കേണ്ടിയിരുന്ന ഒരു ജീവിതത്തെ ആത്മബലം ഒന്നുകൊണ്ട് മാത്രം തിരിച്ചു പിടിച്ച ഒരുവനാണിത്. കോഴിക്കോട് ചേവാരമ്പലം സ്വദേശിയായ പ്രജിത്ത് ജയപാൽ. പത്ത് വർഷത്തിലേറെയായി വീൽചെയറിലാണ് ഈ നാൽപ്പത്തഞ്ചുകാരന്റെ ജീവിതം. എന്നാൽ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ, പ്രചോദനമാകാൻ, ജീവിതത്തെ നിറഞ്ഞ ചിരിയോടെ നേരിടാൻ വീൽചെയർ ഒരു തടസ്സമേയല്ലെന്ന് ജീവിതം കൊണ്ട് പ്രജിത്ത് തെളിയിക്കുകയാണ്. തന്നെപ്പോലെയുള്ളവർക്ക് പിന്തുണ നൽകാൻ ഒരു കരിയർ കൺസൾട്ടൻസി ആരംഭിച്ചിരിക്കുകയാണ് ഇദ്ദേഹം. പ്രജിത്തിന്റെ ജീവിതത്തെക്കുറിച്ച്, മാർഗ എന്ന അദ്ദേഹത്തിന്റെ സ്റ്റാർട്ട് അപ്പിനെക്കുറിച്ച് ....
''എന്റെ ജീവിതം എനിക്കങ്ങനെ ജീവിച്ചു തീർക്കണ്ടായിരുന്നു. ആ കിടപ്പിൽ കിടന്ന് ഞാൻ മരിച്ചു പോയാൽ മാലയിട്ട ഒരു ഫോട്ടോയായി ഞാനീ ഭൂമിയിൽ അവശേഷിക്കും. എനിക്കെന്നെ രോഗിയാക്കി കിടത്താൻ മനസ്സില്ലായിരുന്നു. വാശിയായിരുന്നു, ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന്. എനിക്കിപ്പോഴും മതിയായിട്ടില്ല. എന്റെ ജീവിതം കൊണ്ട് ഇനിയും ഒരുപാട് ആളുകൾക്ക് സഹായമാകണം.'' ജീവിതത്തിൽ തോറ്റുപോയന്ന് സംശയിക്കുന്നവർക്ക്, വിലപിക്കുന്നവർക്ക് മുന്നിലേക്ക് സ്വന്തം ജീവിതം പാഠപുസ്തകമാക്കി വെച്ചു നീട്ടുകയാണ് കോഴിക്കോട് സ്വദേശിയായ പ്രജിത്ത് ജയപാൽ. ആഗ്രഹിച്ചത് പോലെ തന്നെ നൂറുകണക്കിന് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് പ്രജിത്ത് ഇന്നൊരു പ്രത്യാശയാണ്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം 'മാർഗ കരിയര്‍ ആന്‍റ് ജോബ് കൺസൾട്ടൻസി' എന്ന സ്ഥാപനത്തിലൂടെ. ചോദ്യമാകേണ്ടി മാറുമായിരുന്ന തന്റെ ജീവിതത്തെ പ്രജിത്ത് എങ്ങനെയാണ് അനവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായി മാറ്റിയതെന്ന് അറിയാം.
ജീവിതം മാറ്റിമറിച്ച അപകടം
പെട്ടെന്നൊരു ദിവസം ക്ഷണിക്കാത്ത അതിഥിയായി പ്രജിത്തിന്റെ ജീവിതത്തിലേക്ക് ഒരതിഥി എത്തി. കാറപകടത്തിന്റെ രൂപത്തിൽ. 2011 ൽ കോഴിക്കോട് ബൈപാസിൽ വച്ചുണ്ടായ ഒരു കാറപകടം അന്നു വരെയുണ്ടായിരുന്ന ജീവിതത്തെ മറ്റൊരു ദിശയിലേക്ക് എത്തിച്ചു. ''എയർസെല്ലിൽ ജോലി ചെയ്യുന്ന സമയം. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കാറോടിച്ചു വരികയായിരുന്നു. കാറിന്റെ ബാക്ക് ടയർ പൊട്ടി കാർ തലകീഴായി മറിഞ്ഞു. എന്റെ നെറ്റിയിൽ ചെറിയൊരു മുറിവേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ കഴുത്തൊടിഞ്ഞ അവസ്ഥയിലായിരുന്നു. നട്ടെല്ലിനും പൊട്ടലുണ്ടായിരുന്നു. അങ്ങനെ ഒറ്റ ദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞു, എന്റെ വണ്ടിയുടെ മുന്നിലുണ്ടായിരുന്ന ഒരു ആംബുലൻസ് ഡ്രൈവറാണ് എന്നെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഹോസ്പിറ്റലിലേക്ക് പോകുന്ന സമയത്ത് ബോധം നഷ്ടപ്പെട്ടു. പിന്നീടുള്ള ജീവിതം കിടക്കയിലായി.'' ആ ദിവസത്തെ പ്രജിത്ത് ഓർത്തെടുത്തു.
തോൽക്കാൻ മനസ്സില്ലായിരുന്നു
മൂന്നുവർഷം ഒരേ കിടപ്പ്. പല ചികിത്സകൾ. ഒടുവിൽ പെട്ടെന്നൊരു ദിവസം കൈകൾക്ക് ചലനം തോന്നിത്തുടങ്ങി. പിന്നെയങ്ങോട്ട് തിരികെ വരണമെന്ന വാശിയായിരുന്നു. വീൽചെയറിൽ തിരികെ വന്നു. അപകടത്തിന് ശരീരത്തെ തളർത്താം. പക്ഷേ മനസ്സ് തളർത്താൻ കഴിയില്ലല്ലോ. കിടപ്പിലായ മൂന്നുവർഷത്ത ഒരു പാഠമായിരുന്നു എന്നാണ് പ്രജിത്ത് വിലയിരുത്തുന്നത്. തളർന്നുപോകരുതെന്ന് മനസ്സിനോട് ചട്ടം കെട്ടി. ആ സമയത്ത് പാട്ടു പഠിച്ചു, ചിത്രം വരക്കാൻ പഠിച്ചു. പ്രജിത്തിന്റെ ആത്മധൈര്യത്തിന് മുന്നിൽ തല കുനിച്ച് വിധി തോൽവി സമ്മതിച്ചു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി ദിവ്യാംഗ് ഫൗണ്ടേഷൻ എന്നൊരു സ്ഥാപനം ആരംഭിച്ചു. വീൽചെയർ ആവശ്യമുള്ളവർക്ക് വീൽചെയർ വിതരണം നടത്തി. പ്രളയകാലത്ത് ഫുഡ് കിറ്റ് നൽകി. ഭിന്നശേഷിക്കാരായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകിയായിരുന്നു പ്രവർത്തനങ്ങൾ. ഏറ്റവുമൊടുവിൽ ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി കരിയർ കൺസൾട്ടൻസിയും ആരംഭിച്ചിരിക്കുകയാണ്.
മാർഗ കരിയർ ആന്റ് ജോബ് കൺസൾട്ടൻസി
എട്ടുവർഷം ഇന്ത്യയിലെ വിവിധ ടെലികോം കമ്പനികൾ ജോലി ചെയ്തിട്ടുണ്ട് പ്രജിത്ത്. കോഴിക്കോട് രാമനാട്ടുകരയിൽ സ്വകാര്യ ടെലികോം കമ്പനിയുടെ മിനി സ്റ്റോർ ആരംഭിച്ചു. ഭിന്നശേഷിക്കാരായ പത്ത് പേർക്ക് ജോലി നൽകാൻ അതിലൂടെ പ്രജിത്തിന് സാധിച്ചു. അങ്ങനെയിരിക്കെയാണ് സ്വന്തമായി ഒരു ജോബ് കൺസൾട്ടൻസി എന്ന ആശയം ഉരുത്തിരിയുന്നത്. ''സ്വന്തമായി ഒരു സംരംഭമുണ്ടെങ്കിൽ അത് എന്നെപ്പോലെയുള്ള ആളുകളെ കൂടുതൽ സഹായിക്കാൻ സാധിക്കും. മാർഗ കരിയർ ആന്റ് ജോബ് കൺസൾട്ടൻസി ആരംഭിച്ചത് അങ്ങനെയാണ്. യാതൊരു വിധത്തിലുള്ള രജിസ്ട്രേഷൻ ഫീസും അപേക്ഷകരിൽ നിന്ന് ഈടാക്കുന്നില്ല. എല്ലാ സേവനങ്ങളും ഇവിടെ സൗജന്യമാണ്. തൊഴിൽ ഉടമകൾ നൽകുന്ന വളരെ ചെറിയ കമ്മീഷൻ മാത്രമേ വാങ്ങുന്നുള്ളൂ. ഭിന്നശേഷിക്കാർക്ക് മാത്രമല്ല അവരുടെ ബന്ധുക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ അവസരമുണ്ട്.'' ഭിന്നശേഷിക്കാരുള്ള ഒരു കുടുംബത്തിലേക്കാണല്ലോ ആ വരുമാനം എത്തുന്നതെന്നും പ്രജിത്ത് കൂട്ടിച്ചേർത്തു.
മാർഗയിലേക്കെത്താം
തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിയാൻ മാർഗയുടെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്താൽ മാത്രം മതി. കൂടാതെ 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഫോൺനമ്പറുമുണ്ട്. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ അവരിലേക്കെത്തുന്നില്ല എന്ന ആശങ്കയും പ്രജിത്ത് പങ്കുവെക്കുന്നു. അതിനായി ചില നിർദ്ദേശങ്ങളും പ്രജിത്ത് മുന്നോട്ട് വെക്കുന്നുണ്ട്. ''തൊഴിൽ അവസരങ്ങളെക്കുറിച്ച് ഭിന്നശേഷിക്കാരായവർ ഒട്ടുമുക്കാലും പേർക്കും അറിവില്ല. അതൊരു പ്രധാന പ്രശ്നമണ്. പ്രാദേശിക തലത്തിലുള്ള അധികൃതർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകണം. ആശാവർക്കേഴ്സിനും അംഗനവാടി ടീച്ചേഴ്സിനും ഇത്തരത്തിൽ ഭിന്നശേഷിക്കാരായ ആളുകളെ കണ്ടെത്താനും അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും സാധിക്കും.'' കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം ഒപി രാമൻ റോഡിലാണ് മാർഗ പ്രവർത്തിക്കുന്നത്. ഡേറ്റ എൻട്രി, ടെലെകോളിംഗ് മുതലായ ജോലികൾ വർക്ക് ഫ്രം ഹോം ആയി ചെയ്യാൻ സാധിക്കും. അതുപോലെ അഭിമുഖത്തെ നേരിടാനും തൊഴിൽ ശേഷി മെച്ചപ്പെടുത്താനുള്ള പരിശീലനം നൽകാനും മാര്‍ഗയില്‍ സംവിധാനമുണ്ട്.
ചരിത്രമായി ദില്ലി യാത്ര
പ്രജിത്ത് ജയപാൽ എന്ന പേര് ഇതിന് മുമ്പും പ്രചോദനത്തിന്റെ പര്യായമായി മാറിയിട്ടുണ്ട്. 2018 ൽ കോഴിക്കോട് നിന്നും ദില്ലിയിലേക്ക് സഞ്ചരിച്ച കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ പ്രജിത്തായിരുന്നു. കരുത്തുള്ള മനസ്സിന് മറികടക്കാനാവാത്ത പ്രതിസന്ധികളൊന്നുമില്ലെന്ന് പ്രജിത്ത് ഇന്ത്യൻ പര്യടനത്തിലൂടെ തെളിയിച്ചു. ''ഏപ്രിൽ 1 നായിരുന്നു യാത്രയുടെ തുടക്കം. അമ്മയാണ് പറഞ്ഞത്, ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയത് ഒരു ഏപ്രിൽ 1 നായിരുന്നു. അതുകൊണ്ട് ഒരു നേട്ടത്തിന്‍റെ തുടക്കവും അതേ ദിവസമാകട്ടെ എന്ന് തീരുമാനിച്ചു. എന്നേപ്പോലെ ക്വാഡ്രിപ്ലീജിക് (കഴുത്തിന് താഴേക്ക് ചലനശേഷി ഇല്ലാത്ത അവസ്ഥ) ആയ ഒരാളെ സംബന്ധിച്ച് ആ യാത്ര സംഭവമായിരുന്നു. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. എന്‍റെ കൂടെ രണ്ടുപേരുണ്ടായിരുന്നു. പക്ഷേ സ്വയം ഡ്രൈവ് ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു.'' ഇപ്പോഴത്തെ പ്രതിസന്ധിയും പ്രശ്നങ്ങളുമൊക്കെ കഴിയുന്ന സമയത്ത് മറ്റൊരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പ്രജിത്ത് കൂട്ടിച്ചേര്‍ത്തു. മുസ്തഫ എന്നയാളാണ് ഈ കാർ പ്രജിത്തിന് ഡിസൈൻ ചെയ്ത് നൽകിയത്.
അതിന്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ല
ജീവിതത്തിലെ ഏറ്റവും മനോഹരമായ, അവിസ്മരണീയവുമായ സംഭവം നടന്നത് ആ യാത്രയിലാായിരുന്നു എന്നും പ്രജിത്ത് പറയുന്നു. പ്രജിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ''അതിന്റ ത്രിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നമ്മുടെ പ്രധാനമന്ത്രി എന്റെ തൊട്ടടുത്ത്! ഏപ്രിൽ 23 നാണ് ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തുന്നത്. സുരേഷ് ഗോപി സാറിനോട് ഞാൻ അദ്ദേഹത്തിന്റെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാണാൻ സാധിക്കുമെന്ന് കരുതിയില്ല. ഞാൻ അദ്ദേഹത്തെ കാണാൻ എത്തുന്ന സമയത്ത് അതിപ്രശസ്തരായ പലരും അദ്ദേഹത്തെ സന്ദർശിക്കാൻ പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തിന്റെ മുറിയിലേക്ക് കടന്നതും കസേരയിൽ നിന്ന് എഴുന്നേറ്റ് എന്റെ അടുത്ത് വന്നു, എന്റെ തലയിൽ കെട്ടിപ്പിടിച്ചു. എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.'' പ്രജിത്തിന്റെ വാക്കുകളിൽ ദില്ലിയാത്രയിൽ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ സാധിച്ചതിന്റെ സന്തോഷം നിറയുന്നു.
''ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഞാൻ പ്രധാനമന്ത്രിക്ക് മെയിൽ അയച്ചിരുന്നു. ഞാൻ അദ്ദേഹത്തെ കാണുന്ന സമയത്ത് എന്റെ മെയിൽ അദ്ദേഹം ഫയലാക്കി വെച്ചിരിക്കുകയാണ്. അദ്ദേഹത്തോട് അരമണിക്കൂർ നേരം സംസാരിക്കാൻ സാധിച്ചു. എന്റെ ജീവിതത്തിലെ വലിയൊരു നേട്ടമായി അതിനെ കാണുന്നു.'' ഭിന്നശേഷിക്കാരായ ആളുകൾക്ക് ഇനിയും നിരവധി പദ്ധതികൾ പ്രജിത്തിന്റെ മനസ്സിലുണ്ട്. അതിലൊന്നാണ് മാർഗ കരിയർ ആന്റ് ജോബ് കൺസൾട്ടൻസി. പ്രവർത്തനം ആരംഭിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ട സാഹചര്യത്തിൽ നൂറുകണക്കിന് കോളുകളാണ് മാർഗയുടെ ഓഫീസിലെത്തുന്നതെന്ന് പ്രജിത്ത് പറയുന്നു.
മറ്റ് ചില പദ്ധതികള്‍ കൂടി ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഉന്നമനത്തിനായി തയ്യാറാക്കുന്നുണ്ട്. ''എനിക്കിനിയും മതിയായിട്ടില്ല. എന്റെ ജീവിതം കൊണ്ട്, പ്രവർത്തനങ്ങൾ കൊണ്ട്, ഒരാൾ കൂടി വീടിന് പുറത്തിറങ്ങിയാൽ അത് വലിയ കാര്യമല്ലേ? ഞാനത്രയുമേ കരുതുന്നുള്ളൂ. മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാന്‍ ഭിന്നശേഷിക്കാരായ വ്യക്തികൾക്കും സാധിക്കും. അതിനുള്ള അവസരം നല്‍കിയാല്‍ മാത്രം മതി. പ്രജിത്ത് പറഞ്ഞു നിര്‍ത്തുന്നു.
മാർഗയുടെ നമ്പർ: 0495 2993992