ഗോക്കളെ മേച്ചും പഠിച്ചും പ്രചോദനമായി മാത്യു; പതിമൂന്നു പശുക്കളെ പരിപാലിക്കുന്ന പതിമൂന്നുകാരൻ
''കരഞ്ഞോണ്ട് അവൻ പെട്ടെന്ന് എന്നോട് പറഞ്ഞു, വേണ്ടമ്മേ കൊടുക്കണ്ട, ഞാൻ നോക്കിക്കോളാം എന്ന്. അവന്റെ സങ്കടോം പറച്ചിലും കേട്ടപ്പോ ഞാൻ തീരുമാനിച്ചു എന്നാപ്പിന്നെ കന്നാലീനെ കൊടുക്കണ്ട എന്ന്...''
''അന്ന് രാത്രി എന്റെ കട്ടിലിന്റെ അടുത്ത് വന്നിരുന്നിട്ട് അവൻ എന്നോട് ചോദിച്ചു, അമ്മേ കന്നാലീനെ എല്ലാം കൊടുക്കാൻ പോകുവാണോ?. ഞാൻ പറഞ്ഞ് കൊടുത്തേക്കാം, ഇനിയിപ്പോ ഇതിനെയെല്ലാം എങ്ങനെ നോക്കാനാ ന്ന്. കരഞ്ഞോണ്ട് അവൻ പെട്ടെന്ന് എന്നോട് പറഞ്ഞു, വേണ്ടമ്മേ കൊടുക്കണ്ട, ഞാൻ നോക്കിക്കോളാം എന്ന്. അവന്റെ സങ്കടോം പറച്ചിലും കേട്ടപ്പോ ഞാൻ തീരുമാനിച്ചു, എന്നാപ്പിന്നെ കന്നാലീനെ കൊടുക്കണ്ട'' മാത്യു ബെന്നി എന്ന പതിമൂന്നു വയസ്സുള്ള മകനെ ചേർത്ത് പിടിച്ച് തന്റെ കുടുംബത്തിന്റെ അതിജീവനത്തെക്കുറിച്ച് ഷൈനി പറഞ്ഞു തുടങ്ങി. ''പതിമൂന്ന് പശുക്കളുണ്ട്, എല്ലാത്തിനെയും നോക്കുന്നതും പാല് കറക്കുന്നതുമൊക്കെ ഇവനാണ്. നമ്മള് സഹായിച്ചാ മതി. അവനെല്ലാം കൃത്യമായിട്ട് ചെയ്തോളും. പശൂനെയൊക്കെ വല്യ ഇഷ്ടമാ അവന്.'' മാത്യുവും കുടുംബവും ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് അതിജീവനത്തിന്റെ കഥ പറയുകയാണ്...
ഇടുക്കി ജില്ലയിലെ തൊടുപുഴക്ക് സമീപം വെള്ളിയാമറ്റം സ്വദേശിയാണ് മാത്യു ബെന്നി എന്ന കൊച്ചുകർഷകൻ. കഴിഞ്ഞ ഒക്ടോബറിലാണ് മാത്യുവിന്റെ പപ്പ ബെന്നി അപ്രതീക്ഷിതമായി മരണമടയുന്നത്. ''രാത്രി 11 മണിക്ക് അത്താഴം കഴിച്ച് ഉറങ്ങാൻ പോയതാ. 12 മണിയാപ്പോ പെട്ടെന്നൊരു വെഷമം വന്നു. അപ്പോത്തന്നെ ആള് പോയി. അറ്റാക്കായിരുന്നു.'' അമ്മ ഷൈനി ആ ദിവസത്തെക്കുറിച്ച് പറയുന്നു. ''പശൂനെയെല്ലാം ഒറ്റക്ക് നോക്കാൻ പറ്റാത്തത് കൊണ്ടാണ് വിറ്റേക്കാം എന്ന് തീരുമാനിച്ചത്. പണ്ടുമുതലേ കൃഷിയാണ് വരുമാന മാർഗം. എന്നെ വിവാഹം കഴിച്ച് കൊണ്ടുവരുന്ന സമയം മുതൽ പശുവളർത്തലുണ്ടായിരുന്നു. ഒരു പശുവാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് അതിന്റെ കുട്ടികളായി. ഇപ്പോൾ 13 പശുക്കളുണ്ട്.'' ഷൈനി പറയുന്നു.
മാത്യുവിന് പണ്ടേ പശുക്കളെ ഇഷ്ടമാണ്. പിച്ചവെച്ച് നടക്കാൻ തുടങ്ങിയ സമയം മുതൽ പശുക്കളെ കയറിന്റെ തുമ്പത്ത് പിടിച്ച് പപ്പയുടെ കൂടെ മാത്യുവും പോകും. പശുവിനെ നോക്കാനും പുല്ല് ശേഖരിക്കാനും പപ്പക്കൊപ്പം കൂടും. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പശുവിന്റെ കറക്കാൻ തുടങ്ങിയെന്ന് മാത്യു പറയുന്നു. 'പേടി തോന്നിയോ, പശുവെങ്ങാനും ചവിട്ടിയാലോ' എന്ന ചോദ്യത്തിന്, 'എന്തിനാ പേടിക്കുന്നെ? എനിക്ക് പശുക്കളെ വല്യ ഇഷ്ടമാ' എന്ന് മാത്യു മറുപടി പറയും. ഇടുക്കി ജില്ലയിലെ വെട്ടിമറ്റം വിമല പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മാത്യു ബെന്നി. പശുപരിപാലനത്തിന്റെ ഒപ്പം തന്നെ ഓൺലൈൻ ക്ലാസിലും കൃത്യമായി മാത്യു പങ്കെടുക്കും. രാവിലെ 4 മണിക്ക് മാത്യുവിന്റെ ഒരു ദിവസം തുടങ്ങും.
''രാവിലെ 4 മണിക്ക് എഴുന്നേൽക്കും. തൊഴുത്ത് വൃത്തിയാക്കി, പശുക്കളെ കുളിപ്പിച്ച് കറക്കും. അപ്പോഴത്തേക്കും ആറ് മണിയാകും. ഓൺലൈൻ ക്ലാസ് തുടങ്ങുന്ന സമയം. ഓൺലൈൻ ക്ലാസ് കഴിഞ്ഞ് പശുക്കൾക്ക് കാലീത്തീറ്റ കൊടുത്ത്, പാടത്ത് കൊണ്ടുപോയി കെട്ടും. പിന്നെ ഉച്ചക്ക് കറന്നാൽ മതി. രാവിലത്തെ പാൽ വീടുകളിൽ കൊടുക്കും. ഉച്ചക്ക് പാൽ എടുക്കാൻ സൊസൈറ്റിയിൽ നിന്ന് വണ്ടിയെത്തും.'' പശുപരിപാലനത്തിന്റെ ദിനചര്യ ഇങ്ങനെയെന്ന് മാത്യു. ''ഞാനും ചേട്ടനും അനിയത്തിയും അമ്മയും ചാച്ചനും കൂടിയാ എല്ലാക്കാര്യങ്ങളും ചെയ്യുന്നത്. പതിമൂന്ന് പശുക്കളിൽ 8 എണ്ണത്തിനേ കറവയുള്ളൂ. ബാക്കി കിടാങ്ങളാണ്.'' മാത്യു കൂട്ടിച്ചേർക്കുന്നു. രാവിലെ 30 ലിറ്ററോളം പാൽ വിൽക്കുന്നുണ്ട്.
പശുവളർത്തലിൽ മാത്രമല്ല, തേനീച്ചകൃഷിയിലും മാത്യു ഒരു കൈ നോക്കുന്നുണ്ട്. ഇപ്പോൾ പത്ത് പെട്ടികളിൽ തേനീച്ചയുണ്ട്. ചെറുതേനാണ്. കൂടാതെ കുറച്ച് തീറ്റപ്പുൽ കൃഷിയുമുണ്ട്. അങ്ങനെ നാട്ടിലും വീട്ടിലും സുഹൃത്തുക്കൾക്കിടയിലും മാത്യുവിപ്പോൾ താരമാണ്. സ്കൂളിൽ ഗൂഗിൽ മീറ്റിൽ വിളിച്ച് എല്ലാവരും കൺഗ്രാചുലേഷൻസ് പറഞ്ഞു. മന്ത്രി ചിഞ്ചുറാണി വിളിച്ച് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. വീഡിയോ കോളിലൂടെയാണ് മാത്യുവിനെ മന്ത്രി വിളിച്ച് അഭിനന്ദിച്ചത്. പുതിയ തൊഴുത്തു നിർമ്മിച്ച് തരാമെന്ന് മിൽമ ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും മാത്യു സന്തോഷത്തോടെ പറയുന്നു. മാത്യുവിനെ അനുമോദിക്കാൻ നിരവധി സംഘടനകൾ എത്തിച്ചേർന്നിരുന്നു.
പശുക്കളെയും മൃഗങ്ങളെയും ഇത്രയും സ്നേഹിക്കുന്ന ഒരാളോട് ഭാവിയിൽ ആരാകണം എന്ന ചോദിക്കുന്നതിൽ അർത്ഥില്ല. മാത്യുവിന് പഠിച്ച് മൃഗഡോക്ടറായാൽ മതി. ''എനിക്ക് പശുക്കളെ ഭയങ്കര ഇഷ്ടമാ, നമ്മള് അവരെ സ്നേഹിച്ചാ മതി. അവര് നമ്മളെ തിരിച്ചും സ്നേഹിച്ചോളും.'' മാത്യുവിന്റെ പോളിസിയിതാണ്. പത്താം ക്ലാസുകാരനായ ചേട്ടൻ ജോർജ്ജ് ബെന്നിയും അനിയത്തി റോസ്മേരി ബെന്നിയും മാത്യുവിന് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. വീട്ടിലെ കാര്യങ്ങളൊക്കെ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്ന് മാത്യുവിന്റെ അമ്മ ഷൈനി പറയുന്നു. പതിമൂന്ന് വയസ്സിൽ സമപ്രായക്കാർക്കും ഒപ്പം മുതിർന്നവർക്കും ഒരുപോലെ പ്രചോദനവും മാതൃകയുമാകുകയാണ് മാത്യു ബെന്നി. കിഴക്കേപ്പറമ്പിൽ കുടുംബം മാത്യുവിന്റെ കൊച്ചുകരങ്ങളിൽ സുരക്ഷിതമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.